കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെതിരേ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം
എരുമപ്പെട്ടി: മുലയൂട്ടല്‍ വാരാചരണ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയ കോണ്‍ഗ്രസ് ഭരിക്കുന്ന എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോനെതിരേ പരസ്യ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് എം.എം സലീം.
പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണെന്ന് എഴുതി വാട്‌സ് ആപ് ഗ്രൂപ്പിലാണ് സലിം പ്രതിഷേധം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വന്തം വാര്‍ഡിലെ അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ നിന്നാണ് പ്രസിഡന്റ് മീന ശലമോന്‍ ക്ഷോഭിച്ച് ഇറങ്ങി പോന്നത്.
അങ്കണവാടിയിലേക്ക് ജില്ലാ പഞ്ചായത്ത് അംഗം അനുവദിച്ച കുടിവെള്ള ശുദ്ധീകരണ യന്ത്രം തന്നെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചില്ല എന്ന് പറഞ്ഞാണ് ജീവനക്കാരോട് കയര്‍ത്ത് മുലയൂട്ടല്‍ വാരാചരണ ചടങ്ങ് പ്രസിഡന്റ് ബഹിഷ്‌കരിച്ചത്. ഇത് വിവാദമായ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നടപടിക്കെതിരേ എം.എം സലീം രൂക്ഷ വിമര്‍ശനം നടത്തിയത്.
ജനപ്രതിനിധിയെന്ന നിലയില്‍ പ്രസിഡന്റ് ചെയ്തത് ശുദ്ധതെമ്മാടിത്തരമാണെന്നും. മോശമാണെന്നും സലീം ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരുമുള്ള ഗ്രൂപ്പില്‍ കുറിച്ചിരിക്കുന്നത്. അതേ സമയം പ്രസിഡന്റ് മീന ശലമോനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
മരണനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തി പ്രസിഡന്റിനെ കണ്ടപ്പോള്‍ പ്രായമായ അങ്കണവാടി ജീവനക്കാരി എഴുന്നേറ്റ് നിന്നില്ലെന്ന് പറഞ്ഞ് അടിയന്തിര മീറ്റിങ് വിളിച്ച് ഇവരെ ശാസിച്ചെന്നും തന്നെ ബഹുമാനിക്കുന്നില്ലെന്ന് തോന്നിയ പഞ്ചായത്ത് ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കുന്നതായും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ പ്രസിഡന്റിനോട് വിശദീകരണം ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."