ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും കുറവ്; തെരുവ് ചികിത്സാ സമരവുമായി യൂത്ത് കോണ്‍ഗ്രസ്
കയ്പമംഗലം: പകര്‍ച്ചപ്പനി മൂലം നിരവധി ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതം അനുഭവിക്കുമ്പോള്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും കുറവുകള്‍ പരിഹരിക്കാന്‍ ശ്രമിക്കാത്ത ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എയുടേയും മതിലകം ബ്ലോക്ക് പഞ്ചായത്തിന്റേയും അനാസ്ഥക്കെതിരേ യൂത്ത് കോണ്‍ഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെരുവ് ചികിത്സാ സമരം നടത്തി.
സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ പ്രതീകാത്മകമായി റോഡില്‍ ചികിത്സ നടത്തിയാണ് അധികൃതരുടെ അവഗണനക്കെതിരേ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തീരദേശ മേഖലയിലെ സാധാരണ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രി കാലങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ മറ്റു സ്വകാര്യ ആശപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അടിയന്തരമായി ഡോക്ടര്‍മാരേയും മറ്റ് ആവശ്യമായ ജീവനക്കാരേയും നിയമിച്ച് ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന് പരിഹാരം കാണാന്‍ എം.എല്‍.എയും ബ്ലോക്ക്പഞ്ചായത്ത് ഭരണസമിതിയും തയാറായില്ലെങ്കില്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഡി.സി.സി ജന.സെക്രട്ടറി കെ.കെ ബാബുരാജ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ നസീര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.എസ് ഷാഹിര്‍, വി.എസ് ജിനേഷ്, ടി.കെ.ബി രാജ്, സുകുമാരന്‍ മാസ്റ്റര്‍, കെ.എസ് പ്രദോഷ്, പി.എ ഗഫൂര്‍, കെ.കെ കുട്ടന്, പി.എ നസീര്‍, കെ.കെ ഷാജഹാന്, കെ.കെ അന്‍വര്‍, എം.എസ് സിദ്ദീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."