മങ്കരയില്‍ അപകടം പതിവാകുന്നു: ആശങ്കയോടെ ജനം
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ മങ്കര ചേപ്പിലക്കോടിനും മച്ചാട് ശ്രീ ഷണ്‍മുഖാ നന്ദ ക്ഷേത്രത്തിനും ഇടയിലുള്ള പ്രദേശം നിരന്തര അപകടമേഖലയാകുന്നു. രാത്രിയും പകലും വാഹനങ്ങള്‍ അപകടത്തില്‍പെടുമ്പോള്‍ വലിയ ആശങ്കയിലാണ് ജനങ്ങള്‍.
മഴക്കാലമായതോടെ അപകടം നിത്യസംഭവമാണ്. ചേപ്പലക്കോട് വനമേഖലയില്‍ നിന്ന് ഒലിച്ചെത്തുന്ന ജലം ഒഴുകി പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ വെള്ളമൊഴുക്ക് റോഡിലൂടെയാണ്.
ഇത് മൂലം ചെളിയും മണ്ണും കല്ലുമൊക്കെ പാതയില്‍ നിറയുന്നതാണ് അപകടകെണിയാകുന്നത്. കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയില്‍ നിന്ന് വിരുപ്പാക്കയിലെ താമസ സ്ഥലത്തേയ്ക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതി നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു.
വടക്കാഞ്ചേരി ഡിവൈന്‍ പരിസരത്തെ പെട്രോള്‍ പമ്പ് ജീവനക്കാരിയും പനങ്ങാട്ടുകര സ്വദേശി സുനിലിന്റെ ഭാര്യയുമായ മണലിത്തറ നൊട്ടത്ത് വീട്ടില്‍ രതി(35)യാണ് അപകടത്തില്‍ പെട്ടത്. പിതാവിന് ബലിതര്‍പ്പണം നടത്തി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു രതി.
ചളിയില്‍ തെന്നിയാണ് സ്‌കൂട്ടര്‍ കാനയിലേക്ക് വീണത്. ജലമൊഴുക്കിന് സുഗമമായ സംവിധാനം ഒരുക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ഇതൊന്നും കേട്ടഭാവം കാണിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."