നായനാരെ ഓര്‍ത്തുപോകുന്നു
ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പത്തെ സംഭവമാണ്. ഇന്ന് ഓര്‍മമാത്രമായ മാവൂര്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്ന മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സില്‍ അക്കാലത്ത് മാസങ്ങള്‍ നീണ്ടുനിന്ന തൊഴിലാളി സമരം നടക്കുകയാണ്. മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹനടപടിക്കെതിരേ എല്ലാ യൂനിയനുകളും സമരരംഗത്തുണ്ട്.
പട്ടിണി കിടന്നു മരിച്ചാലും സമരരംഗത്തുനിന്നു മാറില്ലെന്ന വാശിയിലാണു തൊഴിലാളികള്‍. ചര്‍ച്ചകള്‍ പലതു നടന്നിട്ടും ഒരു വീട്ടുവീഴ്ചയ്ക്കും മാനേജ്‌മെന്റ് തയാറല്ല. എങ്ങനെ ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയുമെന്നറിയാതെ സര്‍ക്കാരും കുഴങ്ങുകയാണ്.
ആ സമയത്താണു മുഖ്യമന്ത്രി കോഴിക്കോട്ടെത്തുന്നത്. കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത ഇ.കെ നായനാരാണ് അക്കാലത്തു മുഖ്യമന്ത്രി. സമരംചെയ്യുന്ന തൊഴിലാളികളെ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രി വെസ്റ്റ്ഹില്ലിലെ ഗസ്റ്റ്ഹൗസില്‍ പത്രസമ്മേളനം നടത്തി. അന്നു ദൃശ്യമാധ്യമങ്ങളില്ല, പത്രങ്ങളേയുള്ളു.
നായനാരുടെ പത്രസമ്മേളനവും അദ്ദേഹവുമായുള്ള അനൗപചാരിക സംസാരവും അക്കാലത്തു പത്രപ്രവര്‍ത്തകര്‍ക്ക് ഏറെ ഇഷ്ടമാണ്. അടുപ്പമുള്ളവരോട് ഒരു ഉപചാരവും കൂടാതെ എന്തെങ്കിലുമൊക്കെ ചോദിക്കും.
''എന്തെടോ പണിക്കരേ താന്‍ സുജായി ആയിട്ടുണ്ടല്ലോ.'' എന്നായിരിക്കാം ഒരു പക്ഷേ, ചോദ്യം.
''എന്താഹേ... തന്റെ കടലാസ് ഇപ്പഴുംണ്ടോ.'' എന്നിങ്ങനെ പലതുമാകാം. പരിചയമില്ലാത്ത പത്രപ്രവര്‍ത്തകരെ കണ്ടാല്‍ ''താന്‍ ഏതു കടലാസിന്റെ ആളാടോ'' എന്നും ചോദിച്ചെന്നിരിക്കും.
ഇതൊന്നും കേട്ട് ആര്‍ക്കും കലി കയറാറില്ല. മുഖ്യമന്ത്രി തന്നെ അപമാനിച്ചുവെന്ന് ആരും പറയാറില്ല. ആ ചോദ്യത്തിന്റെ പിന്നിലെ നിഷ്‌കളങ്കത എല്ലാവര്‍ക്കും അറിയാം. അതു കേള്‍ക്കാന്‍തന്നെ ഒരു സുഖമാണ്. നായനാര്‍ എന്തെങ്കിലും ചോദിച്ചാലേ അവര്‍ക്ക് അദ്ദേഹം തന്നെ പരിഗണിച്ചുവെന്നു തോന്നാറുള്ളു.
പത്രക്കാരോടല്ല ആരോടും നായനാരുടെ പെരുമാറ്റം ഇത്തരം നിഷ്‌കളങ്ക കുസൃതി നിറഞ്ഞതായിരുന്നു. പത്രക്കാരുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയുമൊക്കെ ഇടയില്‍ വച്ചായിരിക്കും അത്തരം ചോദ്യങ്ങളും കളിയാക്കലും ഉണ്ടാകുക. എന്നാലും സഖാവ് നായനാരുടെ പെരുമാറ്റത്തില്‍ രാഷ്ട്രീയപ്രതിയോഗികള്‍പോലും നീരസം കാണിക്കാറില്ല. അന്നു പത്രസമ്മേളനത്തിനെത്തിയ നായനാര്‍ പതിവു ഭാവത്തിലായിരുന്നില്ല. തൊഴിലാളിസമരം പരിഹാരമില്ലാതെ നീളുന്നതിലുള്ള മനോവിഷമമായിരിക്കാം അതിനു കാരണം. പത്രസമ്മേളനത്തിനെത്തിയതു തികച്ചും ഗൗരവഭാവത്തിലായിരുന്നു. സമരത്തോടുള്ള മാനേജ്‌മെന്റിന്റെ പിടിവാശിയെക്കുറിച്ചും മറ്റും അദ്ദേഹം വിവരിച്ചു. സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ നടപടിയിലേയ്ക്കു നീങ്ങുമെന്ന സൂചന നല്‍കി.
എന്നാല്‍, ബിര്‍ളയെപ്പോലൊരു മാനേജ്‌മെന്റിനെ തളയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കാര്യമായൊന്നും ചെയ്യാനാകില്ലെന്ന സൂചന ആ വാക്കുകള്‍ക്കിടയില്‍ ഉണ്ടായിരുന്നു. സമരം രമ്യതയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളോരോന്നും പരാജയപ്പെട്ടിരിക്കുകയാണെന്ന ധ്വനിയുമുണ്ടായിരുന്നു. സമരം നീളാനാണു സാധ്യതയെന്നു വായിച്ചെടുക്കാമായിരുന്നു. അക്കാലത്ത് കേരളകൗമുദിയുടെ ലേഖകനായിരുന്ന ഞാന്‍ ഒരു ചോദ്യം ചോദിച്ചു: ''സമരത്തിനു പരിഹാരമുണ്ടാക്കല്‍ എളുപ്പമല്ലെങ്കില്‍ തൊഴിലാളികള്‍ക്കു സൗജന്യറേഷന്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുകൂടേ.''
''സൗജന്യറേഷന്‍ നല്‍കുന്ന കാര്യമാണോ ഇവിടെ പ്രശ്‌നം'' മുഖ്യമന്ത്രി ക്ഷുഭിതനായി. ''അതൊക്കെ ഞങ്ങള്‍ തീരുമാനിച്ചോളാം. ആരുടെയും ശുപാര്‍ശവേണ്ട.''
പത്രാധിപര്‍ സുകുമാരന്റെ കാലത്തു താന്‍ കേരളകൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്നെന്നും താന്‍ തിരുവനന്തപുരത്തെത്തിയാല്‍ മണിയോടു പിരിച്ചുവിടാന്‍ പറയുമെന്നും എന്നോടു പറഞ്ഞു. ഹിന്ദു ദിനപത്രത്തിന്റെ ലേഖകനായ മാധവന്‍നായര്‍ക്കു നേരേയും നിശിതമായ രീതിയിലായിരുന്നു പ്രതികരണം. കസ്തൂരിപോലും തന്നോട് ഇങ്ങനെ ചോദിക്കില്ലെന്നായി മാധവന്‍നായരോട്.
സാധാരണനിലയില്‍ നായനാര്‍ ഇതുപോലെയൊക്കെ പറയുമെങ്കിലും അതിനു നര്‍മത്തിന്റെ മേമ്പൊടിയും സ്വതസിദ്ധമായ കുലുങ്ങിച്ചിരിക്കലിന്റെ അകമ്പടിയുമുണ്ടാകുമായിരുന്നു. അതില്ലാതെ പതിവില്‍നിന്നു വ്യത്യസ്തമായി ക്ഷോഭത്തോടെയാണ് അന്ന് എല്ലാവരോടും പെരുമാറിയത്. അതുകൊണ്ടുതന്നെ അന്നത്തെ അദ്ദേഹത്തിന്റെ പെരുമാറ്റം മിക്കവരുടെയും മനസ്സില്‍ തട്ടി.
പതിവില്‍നിന്നു വ്യത്യസ്തമായി പത്രപ്രവര്‍ത്തക യൂനിയന്‍ ആ പ്രശ്‌നം ചര്‍ച്ചയ്‌ക്കെടുത്തു. പ്രസ് കൗണ്‍സിലിനും സി.പി.എം സെക്രട്ടറിക്കും പരാതി നല്‍കണമെന്നായി ഭാരവാഹികള്‍. പരാതി തയാറാക്കലും അയയ്ക്കലുമെല്ലാം നടന്നു.
ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം സുഹൃത്തായ ഒരു പത്രപ്രവര്‍ത്തകന്‍ ഓഫീസിലെ ഫോണില്‍ വിളിച്ചു: ''തിരക്കിലാണോ. ഒന്ന് ഗസ്റ്റ് ഹൗസിലേയ്ക്കു വരാമോ.''
കാര്യമെന്തെന്നറിയാന്‍ ചോദിച്ചു: ''എന്തു പറ്റി''
''സി.എം ഗസ്റ്റ് ഹൗസിലുണ്ട്. അന്ന് അദ്ദേഹം പറഞ്ഞതില്‍ പത്രക്കാര്‍ക്കൊക്കെ മനോവിഷമമുണ്ടായോ എന്നു ചോദിച്ചു. ഒന്നു വന്നു കണ്ടുകൂടേ.''
അദ്ദേഹം പറഞ്ഞിട്ടാണ് ആ വിളിയെന്ന് ഊഹിച്ചു. ഗസ്റ്റ് ഹൗസില്‍ ചെന്നുകണ്ടാല്‍ 'എന്താടോ താന്‍ പെണക്കത്തിലാണെന്നു കേട്ടല്ലോ' എന്നു സ്വതസിദ്ധമായ, കന്മഷരഹിതമായ ചിരിയോടെ മുഖ്യമന്ത്രി ചോദിക്കുമെന്നറിയാം. അതോടെ എല്ലാ വിഷമവും അലിയും. പക്ഷേ, ഇ.കെ. നായനാരെപ്പോലൊരു വലിയ മനുഷ്യനെക്കൊണ്ട് അത്രപോലും പറയിക്കരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി.
''അയ്യോ.., അതൊക്കെ എന്നേ മറന്നു. സഖാവിനെച്ചൊല്ലി മനോവിഷമമോ.''എന്നു സുഹൃത്തിനോടു പറഞ്ഞ് ആ അധ്യായം അവിടെ അവസാനിപ്പിച്ചു. പത്രക്കാര്‍ പരാതി നല്‍കിയതു ഭയന്നല്ല നായനാര്‍ അത്തരമൊരു നിലപാടെടുത്തതെന്ന് അദ്ദേഹത്തെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. തന്റെ വാക്കുകള്‍ ആരുടെയും മനസ്സിനെ മുറിവേല്‍പ്പിക്കരുതെന്ന ശാഠ്യമുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായ താന്‍ തെറ്റായ വാക്കുകള്‍ പരസ്യമായി പ്രയോഗിക്കുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചുപറയാന്‍ കഴിയാത്ത അവസ്ഥയിലുള്ളവരാണ് അതു കേള്‍ക്കുന്നവരെന്നും അദ്ദേഹത്തിനറിയാം.
ഇ.കെ. നായനാര്‍ തമാശ പറയും. കുത്തുവാക്കെന്നു പോലും ചിലപ്പോള്‍ വ്യാഖ്യാനിക്കാവുന്നതായിരിക്കും. എന്നാല്‍, നായനാര്‍ കളങ്കരഹിതമായാണ് അതൊക്കെ പറഞ്ഞിരുന്നതെന്നു കേരളം മുഴുവന്‍ അംഗീകരിച്ച കാര്യമാണ്. മലയാളഭാഷയിലുള്ള സഭവ്യും സഭ്യേതരവുമായ വാക്കുകളെല്ലാം ആരുടെയും വായ്ക്കു വഴങ്ങും. തെരുവോരത്തെ വഴക്കിലും മറ്റും അതെല്ലാം നിര്‍ബാധം പ്രയോഗിക്കുന്നത് നാം കാണാറുള്ളതാണ്. ഗ്രാമ്യപ്രയോഗമെന്നും നാട്ടുഭാഷയെന്നും മറ്റും അതിനൊക്കെ ന്യായീകരണങ്ങള്‍ നല്‍കുകയും ചെയ്യാം.
അതുപോലെയല്ല അധികാരസ്ഥാനത്തിരിക്കുന്നവര്‍ അത്തരം വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍. ഒരു കാരണവുമില്ലാതെ കടക്കു പുറത്ത് എന്ന് അധികാരസ്ഥാനത്തുള്ളവര്‍ പറയുന്നത് അമാന്യമാണ്. സ്വന്തം വീട്ടില്‍വച്ചാണെങ്കില്‍പ്പോലും അങ്ങനെ പറയരുത്, പൊതുസ്ഥലത്തു പ്രത്യേകിച്ചും.ഇത്തരം ഘട്ടങ്ങളിലാണു തെറ്റുപറ്റിയെന്നു തോന്നിയാല്‍ പരപ്രേരണകൂടാതെ തിരുത്താന്‍ മനസ്സുകാണിച്ച ഇ.കെ. നായനാരെപ്പോലുള്ള വലിയ മനുഷ്യന്മാരെ നാം ഓര്‍ത്തുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."