'ഹര്‍ത്താല്‍' ആയുധമാക്കുന്നവരോട്
നാം എ .പി .ജെ അബ്ദുല്‍ കലാം എന്ന മഹാനായ മനുഷ്യന്റെ നാടായ ഭാരതത്തില്‍ ജീവിക്കുന്നവരാണ് എന്ന് അറിയിക്കാന്‍ പോലും ലജ്ജ തോന്നുന്ന സമകാലിക രാഷ്ട്രീയ ചുറ്റുപാടുകളാണ് സംജാതമായിരിക്കുന്നത് .ശ്രീമാന്‍ കലാം സാറിന്റെ നാട്ടുകാരനാണെന്നു പറയുമ്പോള്‍ മഹാനായ ഗാന്ധിജിയെയും നെഹ്രുവിനെയും ഒന്നും മറന്നുകൊണ്ടല്ല അദ്ദേഹത്തെ മാത്രം പരാമര്‍ശിക്കുന്നത്.
ബഹുമാന്യനായ എ .പി .ജെ അബ്ദുല്‍ കലാമിനെ ഇവിടെ സൂചിപ്പിച്ചത് അദ്ധേഹത്തിന്റെ ഒരു മഹത്തായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിനെ ആധാരമാക്കി മാത്രമാണ് .അദ്ദേഹം മരണപ്പെട്ടാല്‍ അദേഹത്തിന്റെ പേരിലുള്ള ദുഃഖാചരണമായി രാജ്യം ഒരിക്കലും ഒരു വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ലീവ് അനുവദിക്കരുതെന്ന് ജീവിത കാലത്തേ അദ്ദേഹത്തിന്റെ നിര്‍ദേശമായിരുന്നു.രാഷ്ട്രപതിയും ശാസ്ത്രജ്ഞനും ആയ അത്രയും വലിയ മഹാന്റെ നിര്‍ദേശം തന്റെ ഒരു മരണത്തിന്റെ പേരില്‍ ഒരു രാജ്യത്തിന്റെ എല്ലാവിധ ചക്രങ്ങളും നിലക്കുകയും നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ ഒരക്ഷരം പോലും നഷ്ടപ്പെടരുതെന്നും മാത്രം ചിന്തിച്ചത് കൊണ്ടായിരിക്കാം അദ്ദേഹത്തിനെ ഇങ്ങനെയൊരു നിര്‍ദേശത്തിന് പ്രേരിപ്പിച്ചത്. പക്ഷെ ,ഇത്തരം വലിയ മഹാന്മാരൊക്കെ പ്രഥമ പൗരനായ നമ്മുടെ രാജ്യം ഇന്ന് 'ആഘോഷിക്കുന്ന' ഹര്‍ത്താലുകള്‍ക്കും സമരങ്ങള്‍ക്കും വല്ല കുറവുമുണ്ടോ .ഈ ഹര്‍ത്താല്‍ കൊണ്ട് വല്ല നേട്ടവും രാജ്യത്തിന് ലഭിക്കുന്നുണ്ടോ .വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന ഒരക്ഷരം എന്റെ കാരണംകൊണ്ട് നഷ്ടപ്പെടരുതെന്നു ചിന്തിച്ച ആ വലിയ മഹാന്റെ രാജ്യത്ത് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളെല്ലാം ഞാനടക്കമുള്ള പൗരന്മാര്‍ എന്ന് കണ്ടെത്തും എന്ന് നാം ചിന്തിച്ചിട്ടുണ്ടോ .
രാജ്യത്തു നടക്കാന്‍ പാടില്ലാത്ത ഒരു സംഭവം നടക്കുമ്പോള്‍ അതൊരിക്കലും ഇനി എന്റെ രാജ്യത്ത് നടക്കരുത് എന്ന പ്രതിഷേധത്തിന്റെ ഭാഷ്യമാണല്ലോ ഹര്‍ത്താലുകൊണ്ട് ഉദേശിക്കുന്നത് .പക്ഷെ ,എന്തിനെ പ്രതിഷേധിച്ചു ഹര്‍ത്താല്‍ നടത്തിയോ അതേ അനിഷ്ട സംഭവങ്ങള്‍ തന്നെ നമ്മുടെ രാജ്യത്തു തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നതാണ് പ്രകടമായ സത്യം .ആവര്‍ത്തിക്കുന്ന അക്രമ കൊലപാതക പരമ്പരയിലും ഹര്‍ത്താല്‍ ആചരിക്കുന്ന ഒരു ദുഷിച്ച സംസ്‌കാരം നമ്മുടെ നാടിന്റെ ശാപമായിരിക്കുന്നു .
രാഷ്ട്രീയ മുതലെടുപ്പിന് ഏറ്റവുമധികം ഇന്ന് ഉപയോഗിക്കുന്ന ആയുധമാണ് ഹര്‍ത്താല്‍ .മകന്റെ കല്യാണത്തിന് കോടതി അനുമതി ലഭിക്കാത്തതിന്റെ പേരില്‍ ആരോപണ വിധേയനായി ജയിലില്‍ കഴിയുന്ന ഒരാള്‍ക്കു വേണ്ടി രാജ്യം മുഴുവന്‍ ബന്ദാക്കണമെന്ന വാശിവരെയെത്തി നമ്മുടെ നാട് .
കടുത്ത നീതികേടിന്റെ ഇരയായി ഒരുഭാഗം നമുക്ക് ആ വിഷയത്തില്‍ കാണാമെങ്കിലും ഇത്തരം കാര്യങ്ങളില്‍ ഹര്‍ത്താല്‍ രീതിയിലുള്ള സമീപനത്തോടും അനുഭവത്തോടും ജനങ്ങള്‍ക്കും രാജ്യത്തിനും പുച്ഛമാണ് .മാത്രവുമല്ല ,അദ്ദേഹത്തിന്റെ പാര്‍ട്ടി അങ്ങനെയൊരു ഹര്‍ത്താല്‍ നടത്തി പ്രതിഷേധം പ്രകടിപ്പിച്ചു നാടിനെ ബന്ദാക്കിയാല്‍ അത് അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള വിചാരണ വേളകളിലും അദ്ദേഹത്തിന് തന്നെ തിരിച്ചടിയാവുമെന്ന ഒരു ദീര്‍ഘ വീക്ഷണമില്ലാത്ത വികാരത്തിനടിമപ്പെട്ട ഒരു തീരുമാനമായി എന്നത് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ .രാജ്യം രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ ബന്ദാക്കുമ്പോള്‍ അതിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്ന ഏത് രാഷ്ട്രീയ പാര്‍ട്ടികളാണെങ്കിലും അക്രമം കൊണ്ട് ഹര്‍ത്താലിന്റെ വിജയം മാനദണ്ഡമാക്കുന്ന അവസ്ഥയാണ് ഇന്നുള്ളത് എന്ന് തിരിച്ചറിയണം .നാടിന്റെ ഉറക്കം കെടുത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ സൃഷ്ടിച്ചു ഹര്‍ത്താല്‍ നടത്തി രാഷ്ട്രീയ സേവനം നടത്തുന്ന അവസ്ഥാ വിശേഷം എത്ര സങ്കടകരമാണ് .നാടിന്റെ പ്രബുദ്ധത കാത്തുസംരക്ഷിക്കേണ്ട ഇത്തരം രാഷ്ട്രീയക്കാര്‍ തന്നെ നാടിന് അപമാനമാണ്.
ഒരു ഹര്‍ത്താലുകൊണ്ട് മുടങ്ങിപ്പോവുന്ന നഷ്ടങ്ങള്‍ എന്തെല്ലാമാണെന്ന് ഗവെര്‍മെന്റുകള്‍ കണക്കു കൂട്ടാറുണ്ടോ .മകന്റെ കല്യാണത്തിന് പരോളനുവാദിക്കുമ്പോള്‍ കൂടെയുള്ള സുരക്ഷാ ജീവനക്കാരുടെ ചിലവ് വഹിക്കാന്‍ നിര്‍ദേശിക്കുന്ന ഗവണ്‍മെന്റുകള്‍ കടുത്ത നീതികേടിന്റെ ഇരകളായവരുടെ നഷ്ടങ്ങള്‍ കണക്കാക്കാന്‍ മുന്നിലുണ്ടാവും .പെട്ടെന്നൊരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ സ്ഥിരം വാഹനമോടിച്ചു പശിയടക്കുന്നവര്‍ ,വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭാസ തടസ്സവും പരീക്ഷകളും സൃഷ്ട്ടിക്കുന്നവര്‍ ,നിര്‍ബന്ധിത യാത്രക്കാര്‍ ഇതുപോലുള്ളവരുടെ ജീവിതം താറുമാറാവും.ഇത്തരം 'ജനസേവന 'പരമായ രാഷ്ട്രീയ സേവനമല്ല ഇന്ത്യന്‍ ജനത പ്രതീക്ഷിക്കുന്നത് .മറിച്ചു ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഹര്‍ത്താല്‍ ദിനത്തില്‍ വല്ല ജന നന്മയുള്ള പ്രവര്‍ത്തനവും ചെയ്യാറുണ്ടോ .ഇല്ല ,കാരണം അങ്ങനെ നന്മ ചെയ്ത് ജനങ്ങളെ സേവിക്കാന്‍ ഹര്‍ത്താല്‍ ഉണ്ടാക്കണോ എന്നാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്ന പല രാഷ്ട്രീയ പാര്‍ട്ടികളുടെയും ചിന്ത .ഹര്‍ത്താലിനെ ആക്രമണങ്ങള്‍ കൊണ്ടും ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടും പ്രയാസമാക്കിയാല്‍ മാത്രമേ ഹര്‍ത്താല്‍ വിജയിക്കുകയുള്ളൂ എന്ന ഒരു ധാരണയാണ് ഇന്നുള്ളത് .
ഭയാനകത സൃഷ്ടിച്ചു വിജയം അളക്കുന്ന പ്രതിഷേധമാണ് ഇന്ന് പ്രധാനമായും നടപ്പിലാക്കുന്നത്.അങ്ങനെയൊരു പാരമ്പര്യത്തിലല്ല ഇന്ത്യയെന്ന വലിയ രാജ്യം സമരമുറകള്‍ നടപ്പാക്കിയതും സ്വാതന്ത്ര്യം നേടിയതും .അഹിംസാവാദവും സ്‌നേഹവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയം സമരങ്ങളെ നയിച്ചിരുന്നത് .എതിര്‍പാര്‍ട്ടിയുടെ അണിയുടെയോ നേതാവിന്റെയോ ശരീരത്തില്‍ മാരകായുധങ്ങള്‍ക്കൊണ്ടു വെട്ടിയതിന്റെ എണ്ണം വര്‍ധിപ്പിച്ചു കൊലവിളി നടത്തിയിട്ടുള്ള ഒരു സമരവും പ്രതിഷേധവുമല്ല രൂപപ്പെടുതേണ്ടത് .ജനജീവിതം ദുസ്സഹമാക്കിയും ഭയപ്പെടുത്തിയും പ്രതിഷേധിക്കുന്നവരുടെ കയ്യിലെ ആയുധമായി ഹര്‍ത്താല്‍ രൂപപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം .ആ നിലപാടിനെ സമീപിക്കുന്ന ഒരു രാഷ്ട്രീയ സേവനവും നാടിന് ആവശ്യമില്ല.അത്തരക്കാര്‍ മാത്രമാണ് നമ്മുടെ ജനാധിപത്യ രാജ്യത്തിന്റെ പ്രധാന ശാപം .ഹര്‍ത്താല്‍ ആയുധമാക്കുന്ന ഇത്തരം
'രാഷ്ട്രീയ സേവനം ' എന്നും ജനം പുച്ഛത്തോടെ തള്ളിക്കളയും .രാജ്യത്തിന്റെ അഖണ്ഡതയും നന്മയും ലക്ഷ്യമാക്കിയുള്ള സമരമുറകള്‍ എന്നും രാജ്യത്തിനും ജനതക്കും സ്വീകാര്യമാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."