പാലത്തിങ്ങല്‍ പാലം: പൈലിങ് പുരോഗമിക്കുന്നു
തിരൂരങ്ങാടി: നാടുകാണി-പരപ്പനങ്ങാടി പാതയുടെ നവീകരണത്തിലുള്‍പ്പെടുത്തി പാലത്തിങ്ങലില്‍ നിര്‍മിക്കുന്ന പാലത്തിന്റെ പൈലിങ് പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കടലുണ്ടിപ്പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിനുള്ള കരഭാഗത്തെ തൂണുകള്‍ക്ക് ഇതിനകം 16 പൈലുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
പുഴയിലെ പൈലിങ് പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. കരഭാഗത്ത്‌നിന്ന് പുഴയില്‍ മണ്ണിട്ട് നികത്തിയാണ് നിര്‍മാണം നടത്തുന്നത്. നാലു തൂണുകള്‍ക്കായി 36 പൈലുകളാണ് സ്ഥാപിക്കുന്നത്. കരയിലെ തൂണുകള്‍ക്ക് എട്ടു വീതം പൈലുകളും പുഴയിലെ തൂണുകള്‍ക്ക് പത്തുവീതം പൈലുകളുമാണ് നിര്‍മിക്കുന്നത്.
13 കോടിയോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന് 2017 നവംബര്‍ 26നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചത്. എന്നാല്‍ പൈലിങ് ആരംഭിക്കാനിരിക്കെ ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള രൂപരേഖ വേണമെന്ന കര്‍ശന നിര്‍ദേശം നിര്‍മാണത്തിന് തടസമായി. ഇതോടെ പ്രവൃത്തി നിര്‍ത്തിവെയ്ക്കുകയും സ്പാനുകളുടെ വീതി 50 മീറ്ററില്‍ കുറയാതെയും ജലനിരപ്പില്‍നിന്ന് ആറ് മീറ്റര്‍ ഉയരത്തിലുമായി പുതിയ രൂപരേഖ തയാറാക്കി സമര്‍പ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പുനരാരംഭിക്കുകയായിരുന്നു. പാലം പള്ളിപ്പടിയിലെ പമ്പ് ഹൗസ് പരിസരത്തുനിന്ന് തുടങ്ങി പാലത്തിങ്ങല്‍ ടൗണിലെ കൊട്ടന്തല റോഡ് ജങ്ഷന് സമീപം അവസാനിക്കും.
നേരത്തെയുണ്ടായിരുന്ന വീതികുറഞ്ഞ പഴയ പാലത്തിന് തൊട്ടടുത്തായാണ് പുതിയ പാലം നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."