വിസാ തട്ടിപ്പ്: കേസെടുക്കുന്നതിന് തടസം മാനദണ്ഡമില്ലാത്ത പണമിടപാട്
മലപ്പുറം: വിസാ തട്ടിപ്പിന്റെയും വിദേശ ജോലിയുടെയും പേരില്‍ പണംപറ്റിയ കേസുകളില്‍ ഇടപാടുകളിലെ മാനദണ്ഡം പാലിക്കാത്തതു കേസിനു തടസമാകുന്നു. വ്യാപകമായ ഇത്തരം സംഭവങ്ങളില്‍ നിരവധി പരാതികള്‍ വരുമ്പോഴും പണമിടപാടിനു രേഖയില്ല. ഇടപാടുകള്‍ നടന്നതു കൃത്യമായ മാനദണ്ഡം അനുസരിച്ചല്ലാത്തതിനാല്‍ ഇത്തരം കേസുകളില്‍ പ്രതികള്‍ക്കെതിരേ കുറ്റം ചുമത്താനാകുന്നുമില്ല.
സംസ്ഥാന പ്രവാസി കമ്മിഷനു മുന്നില്‍ ഇത്തരം നിരവധി കേസുകളെത്തുന്നതായി ചെയര്‍മാന്‍ ജസ്റ്റിസ് പി. ഭവദാസന്‍ പറഞ്ഞു. പലരും കൃത്യമായ വിലാസംപോലും അറിയാതെയാണ് പണം നല്‍കിയിട്ടുള്ളത്. കൃത്യമായ ഇടപാടുകളാണെങ്കില്‍ മാത്രമേ നിയമ നടപടി സ്വീകരിക്കാനാകൂ. വിദേശ റിക്രൂട്ട്‌മെന്റിനു നോര്‍ക്കാ റൂട്ട്‌സിന്റെ പേരില്‍ പണം ഈടാക്കുന്നവര്‍ക്കെതിരേ നിയമ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് ഇന്നലെ നടന്ന പ്രവാസി കമ്മിഷന്‍ സിറ്റിങ്ങില്‍ 16 പരാതികള്‍ പരിഗണിച്ചു. അഞ്ചണ്ണം തീര്‍പ്പാക്കി. വിമാന ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്ന പരാതിയില്‍ സര്‍ക്കാര്‍ ഇടപെടലിനു ശുപാര്‍ശ ചെയ്തു.
മൃതദേഹം നാട്ടില്‍ എത്തിക്കുന്നതു സര്‍ക്കാര്‍ ചെലവിലാക്കണമെന്നും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനു നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നുമുള്ള ആവശ്യവും സര്‍ക്കാരിനു കൈമാറി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ അംഗങ്ങളായ ആസാദ് തിരൂര്‍, മെമ്പര്‍ സെക്രട്ടറി എച്ച്. നിസാര്‍, അസി. സെക്രട്ടറി മധുസൂദനന്‍ പിള്ള, നോര്‍ക്കാ റൂട്ട്‌സ് ജൂനിയര്‍ എക്‌സിക്യൂട്ടീവ് കെവി സീനത്ത്, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടി. രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."