പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി
മാള: പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി. പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തിലെ പൂവന്‍പാടം കൂട്ടാലക്കടവ് റോഡാണ് സ്വകാര്യ വ്യക്തി കൈയേറിയത്. ആറ് മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡിന് കല്ലറക്കല്‍ ഷാജുവടക്കം കൈയേറിയതോടെ മൂന്നര മീറ്റര്‍ വരെയായി കുറഞ്ഞതായാണ് പരാതി. ഇതോടെ കൈമാതുരുത്തി മേരി ജോസഫിന്റെ വീട്ടിലേക്കുള്ള വാഹന ഗതാഗതം തടസപ്പെട്ടതായും പരാതിയുണ്ട്.
ഇതേതുടര്‍ന്ന് മേരിയുടെ പരാതി പുത്തന്‍വേലിക്കര പൊലിസ് സ്റ്റേഷനിലെത്തുകയും കൈയേറപ്പെട്ട റോഡ് പുനഃസ്ഥാപിക്കപ്പെടുകയുമുണ്ടായി. എന്നാലിത് താല്‍ക്കാലികമായിരുന്നു. ഇതേതുടര്‍ന്ന് പറവൂര്‍ തഹസില്‍ദാര്‍ക്കും പുത്തന്‍വേലിക്കര വില്ലേജ് ഓഫിസര്‍ക്കും മറ്റും പരാതി നല്‍കിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ലെന്ന പരാതിയുമുണ്ട്. 2017 അവസാനത്തോടെ നല്‍കിയ പരാതിക്ക് വര്‍ഷമൊന്ന് കഴിഞ്ഞിട്ടും പരിഹാരമായിട്ടില്ല. ഇതിനിടയില്‍ കഴിഞ്ഞ ദിവസം പരാതിക്കാരെ അറിയിക്കാതെ താലൂക്ക് സര്‍വെയര്‍ അളക്കാനെത്തിയിരുന്നു. ഇതേസമയം കാന്‍സര്‍ രോഗിയായ പരാതിക്കാരിയെ ഡോക്ടറുടെയടുത്ത് കൊണ്ടുപോയിരിക്കയായിരുന്നു.
പരാതിക്കാരെ അറിയിക്കാതെ എത്തിയ താലൂക്ക് സര്‍വെയര്‍ക്ക് മുന്‍പില്‍ വഴി തങ്ങള്‍ വാങ്ങിയതാണെന്നും പറഞ്ഞ് അതിന്റെ ആധാരമെന്ന് പറഞ്ഞ് കൊണ്ട് കൈയേറ്റക്കാര്‍ രേഖകള്‍ ഹാജരാക്കി. എന്നാല്‍ ആധാരത്തില്‍ സംശയമുണ്ടെന്നും പഞ്ചായത്ത് റോഡില്‍ നിന്നകലെയുള്ള പരാതിക്കാരുടെ ആധാരം തങ്ങളുടെ മുന്‍പില്‍ ഹാജരാക്കണമെന്നും അറിയിച്ചു.
തഹസില്‍ദാരുടെ നിര്‍ദേശാനുസരണം വില്ലേജ് ഓഫിസര്‍ പരിശോധന നടത്തി പരാതിക്കാര്‍ക്കനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഗ്രാമപഞ്ചായത്തില്‍ വിവരാകാശ നിയമപ്രകാരം അപേക്ഷ വച്ചപ്പോള്‍ റോഡിന് ആറുമീറ്ററുണ്ടെന്നാണ് മറുപടി നല്‍കിയത്. ബന്ധപ്പെട്ട ഉന്നതാധികൃതര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."