'മാലിന്യത്തില്‍ നിന്നും സ്വാതന്ത്രം' പ്രഖ്യാപനം15ന്
കൊല്ലം: കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാനുള്ള മഹായജ്ഞത്തിന് സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാര്‍ തുടക്കമിടും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. ജില്ലാതലത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്ക് ശേഷം മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപനം നടത്തും.
തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടികളിലും പ്രഖ്യാപനം നടത്തും. ഓഗസ്റ്റ് 15നും 16നും ജനപ്രതിനിധികള്‍ അടങ്ങുന്ന സന്നദ്ധസേവന പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനവും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും. 15ന് വൈകുന്നേരം നാലു മുതല്‍ ഏഴുവരെ വാര്‍ഡ്തലത്തില്‍ ശുചിത്വസംഗമം സംഘടിപ്പിക്കും.
സന്നദ്ധ പ്രവര്‍ത്തകര്‍ ഇന്നു മുതല്‍ 13 വരെ നടത്തുന്ന ഭവന സന്ദര്‍ശനത്തോടനുബന്ധിച്ചു നടത്തിയ അവസ്ഥനിര്‍ണയ പഠനത്തിന്റെ ക്രോഡീകരണം, അവതരണം, മാലിന്യ സംസ്കരണം ഫലപ്രദമായി നടത്തിയ സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍, ഹരിതപ്രോട്ടോക്കോള്‍ നടപ്പാക്കിയ സ്ഥാപനങ്ങള്‍ എന്നിവയുടെ അനുഭവസാക്ഷ്യ വിവരണവും അനുമോദനവും സംഘടിപ്പിക്കും. വൈകുന്നേരം ഏഴിന് ശുചിത്വ ദീപസന്ധ്യസംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."