തൂക്കുപാലം നിര്‍മിക്കണമെന്ന്
മുവാറ്റുപുഴ: ആവോലിസില്‍ - ആരക്കുഴ പഞ്ചായത്തുകളിലെ ആനിക്കാട് പെരിങ്ങഴ കരകളെ ബന്ധിപ്പിച്ച് തൊടുപുഴയാറില്‍ തൂക്കുപാലം നിര്‍മിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി പ്രദേശത്തെ വിദ്യാര്‍ത്ഥികളും കര്‍ഷകരും തൊഴിലാളികളും അടക്കമുള്ള നിരവധി ജനങ്ങള്‍ യാത്രക്കായി ആശ്രയിക്കുന്നത് പൊതുമരാമത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള കടത്ത് വഞ്ചിയെയാണ്.
കാലവര്‍ഷം കലിതുള്ളിയാല്‍ ഇരുകരകള്‍ക്കിടയിലുള്ള യാത്ര ഭീതി ജനകമാണ്. ഫെബ്രുവരിമാസത്തില്‍ നടക്കുന്ന പള്ളി പെരുന്നാളിനും മറ്റപ്പിള്ളി ക്ഷേത്രത്തിലെ വിഷു കണി കാണല്‍ ചടങ്ങിനും പങ്കെടുക്കാന്‍ പുലര്‍കാലം മുതല്‍ ആരംഭിക്കുന്ന തോണിയാത്ര നാട്ടുകാരുടെ പേടി സ്വപ്നമാണ്.
വഞ്ചി മറിഞ്ഞുള്ള അപകടങ്ങള്‍ കടവില്‍ സാധാരണമാണ്. അപകട ഭീതിമൂലം വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താന്‍ കിലോമീറ്ററുകള്‍ യാത്രചെയ്ത് നഗരത്തില്‍ എത്തി ബസുകളെ ആശ്രയിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലകട്ടങ്ങളില്‍ തൂക്കുപാലം സജീവ ചര്‍ച്ചയാകുമെങ്കിലും അരനൂറ്റാണ്ടായ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
യോഗം മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.ഹാരിസ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഭീമാഹര്‍ജി അദ്ദേഹം ഏറ്റുവാങ്ങി. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി ജില്ലാ പഞ്ചായത്ത് അംഗം ഡോളി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.ഹാരിസ്, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി.എന്‍.വര്‍ഗീസ്, പെരിങ്ങഴ സെന്റ് ജോസഫ് പള്ളി വികാരി ഫാ.ജോസഫ് പെയ്താനത്ത് എന്നിവര്‍ രക്ഷാധികാരികളും ഗ്രാമപഞ്ചായത്ത് അംഗം ഷിമ്മി തോംസണ്‍(ചെയര്‍പേഴ്‌സണ്‍) ജോണ്‍ വര്‍ഗീസ്(കണ്‍വീനര്‍) ജോര്‍ജ് മാളിയേക്കല്‍(ട്രഷറര്‍) എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."