ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്
ലണ്ടന്‍: ബ്രിട്ടീഷ് ദീര്‍ഘ ദൂര ഇതിഹാസം മോ ഫറ 10000 മീറ്ററിന്റെ ട്രാക്കിനോട് സുവര്‍ണ നേട്ടത്തോടെ വിട ചൊല്ലി. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ അരങ്ങേറിയ പുരുഷന്‍മാരുടെ 10000 മീറ്ററില്‍ 26.49.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഫറ സ്വര്‍ണം സ്വന്തമാക്കിയത്. ഉഗാണ്ടയുടെ ജോഷ്വ കിപ്‌റുയി ചെപ്‌തെഗി 26.49.94 സെക്കന്‍ഡില്‍ വെള്ളിയും കെനിയയുടെ പോള്‍ കിപ്‌നെറ്റിച് തനുയി 26.50.60 സെക്കന്‍ഡില്‍ വെങ്കലവും നേടി.
ഒളിംപിക് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ നാട്ടുകാരുടെ ആരവങ്ങളേറ്റു വാങ്ങിയാണ് ഫറ സ്വര്‍ണത്തിലേക്ക് കുതിച്ചത്. ദീര്‍ഘ ദൂരത്തില്‍ താരം സ്വന്തമാക്കുന്ന പത്താം അന്താരാഷ്ട്ര സ്വര്‍ണമാണ് ലണ്ടനിലേത്. കഴിഞ്ഞ രണ്ട് ഒളിംപിക്‌സുകളിലും 5000, 10000 മീറ്ററുകളില്‍ ഇരട്ട സ്വര്‍ണം നേടിയ ഫറ കഴിഞ്ഞ രണ്ട് ലോക ചാംപ്യന്‍ഷിപ്പുകളിലും ഇരട്ട സ്വര്‍ണ നേട്ടം ആവര്‍ത്തിച്ചിരുന്നു.
ഇപ്പോള്‍ പതിനായിരത്തിലും സ്വര്‍ണം നേടി ലോക ചാംപ്യന്‍ഷിപ്പിലെ ഈയിനത്തില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കാന്‍ ബ്രിട്ടീഷ് ഇതിഹാസത്തിന് സാധിച്ചു. അടുത്ത ദിവസം നടക്കുന്ന 5000 മീറ്ററിലും നേട്ടം ആവര്‍ത്തിച്ച് ഇരട്ട സ്വര്‍ണത്തില്‍ ഹാട്രിക്കോടെ ട്രാക്കിനോട് വിട പറയാനുള്ള ഒരുക്കത്തിലാണ് ഫറ. ഈ മാസം 12നാണ് 5000 മീറ്റര്‍ ഫൈനല്‍ അരങ്ങേറുന്നത്.
''മത്സരം കടുത്തതായിരുന്നു. പക്ഷേ മാനസികമായി ഞാന്‍ മുന്നിലായിരുന്നു എന്ന് കരുതുന്നു. ബ്രിട്ടീഷുകാരനായതില്‍ അഭിമാനമുണ്ട്. അവിശ്വസനീയമായൊരു ദീര്‍ഘ യാത്രയായിരുന്നു ഇത് ''- മത്സര ശേഷം ഫറ പ്രതികരിച്ചു.
ഇന്ത്യക്ക് നിരാശയുടെ ദിനം
മലയാളി താരം മുഹമ്മദ് അനസ് ഹീറ്റ്‌സില്‍ നാലാമത്
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ഇന്ത്യക്ക് നിരാശയുടേതായി. മൂന്ന് താരങ്ങള്‍ വ്യക്തിഗത പോരാട്ടത്തിനായി ട്രാക്കിലിറങ്ങിയ ദിവസത്തില്‍ മൂന്ന് പേര്‍ക്കും പ്രാഥമിക റൗണ്ടില്‍ തന്നെ മടങ്ങേണ്ടി വന്നു. മലയാളി താരം മുഹമ്മദ് അനസ് യഹിയ 400 മീറ്ററിന്റെ ഹീറ്റ്‌സിലും ദ്യുതി ചന്ദ് വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്‌സിലും പരാജയപ്പെട്ട് പുറത്തായി. ഹെപ്റ്റാത്‌ലണില്‍ മത്സരിച്ച സ്വപ്ന ബര്‍മനും ഒരു ചലനവും സൃഷ്ടിക്കാനാകാതെ മടങ്ങി.
400 മീറ്ററിന്റെ ഹീറ്റ്‌സില്‍ മത്സരിച്ച മലയാളി താരം മുഹമ്മദ് അനസ് യഹിയ നാലാമതായി ഫിനിഷ് ചെയ്‌തെങ്കിലും ആദ്യ മൂന്ന് പേര്‍ക്കാണ് സെമി യോഗ്യത എന്നതിനാല്‍ താരം പുറത്തായി. ആറാം ഹീറ്റില്‍ മത്സരിച്ച അനസ് 45.98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തില്‍ സെമി യോഗ്യത നഷ്ടമാകുകയായിരുന്നു. ഈ വര്‍ഷം അനസ് കുറിച്ച മികച്ച സമയം 45.32 സെക്കന്‍ഡായിരുന്നു. കരിയറിലെ മികച്ച സമയവും ഇതുതന്നെ. എന്നാല്‍ ലോക വേദിയില്‍ ആ പ്രകടനത്തിനൊപ്പമെത്താന്‍ അനസിന് സാധിക്കാതെ പോയി.
ആദ്യം പ്രഖ്യാപിച്ച ടീമില്‍ ഇല്ലാതിരുന്ന ദ്യുതി ചന്ദ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ലോക പോരാട്ടത്തിനെത്തിയത്. 100 മീറ്ററിന്റെ അഞ്ചാം ഹീറ്റില്‍ മത്സരിക്കാനിറങ്ങിയ താരം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 12.07 സെക്കന്‍ഡിലാണ് ദ്യുതി മത്സരം പൂര്‍ത്തിയാക്കിയത്.
31 പേര്‍ മത്സരിച്ച ഹെപ്റ്റാത്‌ലണില്‍ സ്വപ്ന 27ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. 959 പോയിന്റുകളാണ് സ്വപ്നയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചത്.
ഇന്ന് നടക്കുന്ന പുരുഷ, വനിതാ മാരത്തണ്‍ ഫൈനലില്‍ ഇന്ത്യയുടെ മലയാളി താരം ടി ഗോപിയും മോണിക്ക അത്രെയും മത്സരിക്കും.
ഒളിംപിക് ചാംപ്യന്‍ പുറത്ത്
ലോക പോരാട്ടത്തിന്റെ ആദ്യ ദിനത്തില്‍ നടന്ന ലോങ് ജംപ് യോഗ്യതാ പോരാട്ടത്തില്‍ തന്നെ അട്ടിമറി. ഒളിംപിക് ചാംപ്യന്‍ ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായതാണ് ശ്രദ്ധേയമായത്. അമേരിക്കയുടെ ജെഫ് ഹെന്‍ഡേഴ്‌സനാണ് ആദ്യ ദിനത്തില്‍ തന്നെ വന്‍ നിരാശ നേരിടേണ്ടി വന്ന താരം. 8.38 മീറ്റര്‍ താണ്ടിയാണ് കഴിഞ്ഞ വര്‍ഷം റിയോയില്‍ നടന്ന ഒളിംപിക്‌സില്‍ താരം സ്വര്‍ണം സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ മികച്ച ദൂരം 8.52 മീറ്ററാണ്.
എന്നാല്‍ ലണ്ടനില്‍ പിറ്റില്‍ ജെഫിന് ആ പ്രകടനങ്ങളുടെ അടുത്തുപോലും എത്താന്‍ സാധിച്ചില്ല. യോഗ്യതാ പോരാട്ടത്തിന്റെ ആദ്യ ശ്രമത്തില്‍ 7.74 മീറ്ററും രണ്ടാം ശ്രമത്തില്‍ അയോഗ്യതയും നേരിട്ട താരം അവസാന ശ്രമത്തില്‍ 7.84 മീറ്ററാണ് താണ്ടിയത്. 32 താരങ്ങളെ രണ്ട് ഗ്രൂപ്പുകളിലായി അണിനിരത്തി നടത്തിയ യോഗ്യതാ റൗണ്ടില്‍ ബി ഗ്രൂപ്പില്‍ മത്സരിച്ച അമേരിക്കന്‍ താരം ഏഴാമതായാണ് ഫിനിഷ് ചെയ്തത്.
ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ന്
മാരത്തണ്‍ (പുരുഷന്‍മാര്‍):
ഫൈനല്‍- വൈകിട്ട് 3.25
(ഇന്ത്യയുടെ മലയാളി താരം ടി ഗോപി മത്സരിക്കുന്നു)
മാരത്തണ്‍ (വനിതകള്‍):
ഫൈനല്‍- വൈകിട്ട് 6.30
(ഇന്ത്യന്‍ താരം മോണിക്ക അത്രെ മത്സരിക്കുന്നു)
പോള്‍ വാള്‍ട്ട് (വനിതകള്‍):
ഫൈനല്‍- രാത്രി 11.30
ഷോട് പുട്ട് (പുരുഷന്‍മാര്‍):
ഫൈനല്‍- രാത്രി 1.05
100 മീറ്റര്‍ (വനിതകള്‍):
ഫൈനല്‍- പുലര്‍ച്ചെ 2.20
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."