നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യം: മേയര്‍
തൃശൂര്‍: നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് എല്‍.ഡി.എഫ് ഭരണ സമിതി തുടക്കം കുറിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് പുതിയ മേയര്‍ അജിത വിജയന്‍ പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മേയര്‍.
നിലവിലെ പ്രവൃത്തികള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലെ മുഴുവന്‍ കാര്യങ്ങളും യാഥാര്‍ഥ്യമാകുമെന്നും മേയര്‍ പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന പട്ടാളം റോഡ് ഒരുമാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. എം ജി റോഡ് വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമാകും. ഇത് സംബന്ധിച്ച് പ്രദേശവാസികളുമായി നിരവധി തവണ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞു.
ദിവാന്‍ജിമൂല അപ്രോച്ച് റോഡ് നിര്‍മാണം ഈ ഭരണകാലയളവില്‍ തന്നെ വിജയകരമായി പൂര്‍ത്തീകരിക്കും.
കുരിയച്ചിറ മുതല്‍ ഒല്ലൂര്‍ സെന്റര്‍ വരെ റോഡ് വീതികൂട്ടി ഗതാഗതം സുഗമമാക്കാന്‍ നടപടി സ്വീകരിക്കും. കണ്ണന്‍കുളങ്ങര ചിയ്യാരം റോഡ് നവീകരണവും സമയബന്ധിതമായി പൂര്‍ത്തീകരിക്കും. തൃശൂരിനെ സ്ത്രീ സൗഹൃദ കോര്‍പ്പറേഷനാക്കി മാറ്റുകയാണ് ലക്ഷ്യം. അതിനായി സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ജനകീയാസൂത്രണത്തിലുള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും. കുഞ്ഞുങ്ങളുമായി കോര്‍പ്പറേഷനിലെത്തുന്നവര്‍ക്കായി ഫീഡിങ് റുമും ഉടന്‍ സജ്ജമാക്കുമെന്ന് മേയര്‍ പറഞ്ഞു.
തൃശൂരിനെ സ്ത്രീ സൗഹൃദ നഗരമാക്കുന്നതിന്റെ മുന്നോടിയായുള്ള ഷീ ലോഡ്ജ് ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടിരുന്ന കുടിവെള്ളക്ഷാമം പൂര്‍ണമായി പരിഹരിക്കുന്നതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നിലവില്‍ കുടിവെള്ള ക്ഷാമം ഒരു പരിധിവരെ പരിഹരിക്കപ്പെട്ടു.
കഴിഞ്ഞ മാസം തുടക്കം കുറിച്ച വാട്ടര്‍ ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ വില്‍വട്ടം മേഖലയിലെ കുടിവെള്ളക്ഷാമം പൂര്‍ണമായി പരിഹരിക്കപ്പെടും. കൂടാതെ അമൃത് കുടിവെള്ള പദ്ധതിയും പ്രാദേശിക പദ്ധതികളും ഉള്‍പ്പെടുത്തി ജലക്ഷാമം പൂര്‍ണമായി പരിഹരിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരത്തിനായി പൊലിസുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കും.
നഗരസഭയുടെ വൈദ്യുതി ബില്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിച്ച് നഗരത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി സോണ്‍ തിരിച്ച് എല്ലാ മേഖലയിലും മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും മേയര്‍ പറഞ്ഞു. ഭരണപക്ഷ പ്രതിപക്ഷ വേര്‍തിരിവില്ലാതെ തന്നെ എല്ലാ ഡിവിഷനിലും വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കാനാണ് തീരുമാനമെന്നും മേയര്‍ അജിത വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."