രാമക്ഷേത്ര അജന്‍ഡയിലൂടെ സംഘ്പരിവാര്‍ നടത്തുന്നത് ശ്രീരാമ നിന്ദ: വി.എം സുധീരന്‍
തൃശൂര്‍: രാമക്ഷേത്രത്തെ സംഘര്‍ഷത്തിനും രാഷ്ട്രീയ നേട്ടത്തിനും ഉപയോഗിക്കുന്നതിലൂടെ മാപ്പര്‍ഹിക്കാത്ത രാമനിന്ദയാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധിരന്‍ കുറ്റപ്പെടുത്തി.
യൂത്ത് ലീഗ് യുവജന യാത്രക്ക് വാടാനപ്പള്ളിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഭ്രാന്തന്‍ നടപടികള്‍ക്കും ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനുമേറ്റ പ്രഹരമാണ് നിയമ സഭ തെരഞ്ഞെടുപ്പ് ഫലം. ജനകീയ പ്രശനങ്ങളെ കാണാതെ വന്‍കിട കുത്തകള്‍ക്ക് വേണ്ടി മാത്രമാണ് മോദി ഭരണം നടത്തുന്നത്. ഇതിനെതിരായ പ്രതിഷേധത്തെ മറികടക്കാന്‍ വര്‍ഗീയത ആളികത്തിക്കുകയാണ് മോദി. ഈ തന്ത്രം എന്നും വിജയം കാണില്ല. ഉത്തരേന്ത്യയില്‍ വര്‍ഗീയ ഗോപുരങ്ങള്‍ കടപുഴകി വീണിരിക്കയാണ്. മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഭരണപരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനാണ് സി.പി.എം ശബരിമല വിഷയം സങ്കീര്‍ണ്ണമാക്കിയത്. പിറവം പള്ളി വിഷയത്തില്‍ കാണിച്ച പക്വത എന്ത് കൊണ്ട് ശബരിമലയില്‍ കാണിച്ചില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ഗുരുവായൂരില്‍ ദലിത് വിഭാഗങ്ങള്‍ക്ക് പ്രവേശനം സാധ്യമാക്കുന്നതിന് മുന്‍പായി നടത്തിയ ഹിതപരിശോധനയുടെ മാതൃക ശബരിമലയിലും സ്വീകരിക്കാമായിരുന്നു. പ്രളയത്തിന് ശേഷം സര്‍ക്കാര്‍ ഒഴുക്കുന്ന മദ്യ പ്രളയത്തിനെതിരെയാണ് വനിതകള്‍ മതില്‍ കെട്ടേണ്ടത്. മന്ത്രി ജലീലിനെ സംരക്ഷിക്കുന്നതിലൂടെ അഴിമതിക്കെതിരായ പിണറായിയുടെ പ്രഖ്യാപനം ജലരേഖയായിരിക്കുകയാണ്. കൃത്യമായ തെളിവുകളുണ്ടായിട്ടും ഇ.പി ജയരാജനോട് സ്വീകരിച്ച നിലപാട് മുഖ്യമന്ത്രി ജലീലിനോട് സ്വീകരിക്കാത്തത് വിചിത്രമാമെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."