പൊലിസിന്റെ വീഴ്ച; തിരിച്ചറിയാതെ സംസ്‌കരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്തു ഖബറടക്കി
കണ്ണൂര്‍: പൊലിസ് വീഴ്ച കാരണം തിരിച്ചറിയാതെ സംസ്‌കരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്തു ഖബറടക്കി. കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ കിഴുത്തള്ളി കോണ്‍ഗ്രസ് ഓഫിസിനു സമീപം ട്രെയിന്‍തട്ടി മരിച്ച കണ്ണൂക്കര മാണിക്കക്കാവിനു സമീപം ജാസിം ക്വാര്‍ട്ടേഴ്‌സില്‍ സി.ബി ഇര്‍ഫാന്റെ (22) മൃതദേഹമാണ് പൊലിസ് തിരിച്ചറിയാത്ത മൃതദേഹമായി വെള്ളിയാഴ്ച ഉച്ചയ്ക്കു പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കരിച്ചത്.
അന്വേഷിച്ച് വീണ്ടും പൊലിസ് സ്റ്റേഷനിലെത്തിയ ബന്ധുക്കളാണു വസ്ത്രങ്ങളും ഫോട്ടോയും കണ്ട് മൃതദേഹം ഇര്‍ഫാന്റേതാണെന്നു തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് ഇന്നലെ രാവിലെ പയ്യാമ്പലം ശ്മശാനത്തില്‍ പൊലിസ് സാന്നിധ്യത്തില്‍ പുറത്തെടുത്ത മൃതദേഹം കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു.
സംസാര വൈകല്യമുള്ള ഇര്‍ഫാന്‍ മാതൃസഹോദരീ ഭര്‍ത്താവിന്റെ കണ്ണൂര്‍ സിറ്റി നാലുവയല്‍ ആസാദ് റോഡിലെ റസ്റ്ററന്റില്‍ ജീവനക്കാരനായിരുന്നു. സുഖമില്ലെന്നു പറഞ്ഞ് 31നു രാവിലെ റസ്റ്ററന്റില്‍നിന്ന് പുറത്തിറങ്ങിയ ഇര്‍ഫാന്‍ വീട്ടിലെത്തിയിരുന്നില്ല. അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഒന്നിനു രാത്രി കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലും രണ്ടിനു കണ്ണൂര്‍ റെയില്‍വേ പൊലിസിലും ഇര്‍ഫാന്റെ ഫോട്ടോസഹിതം പരാതി നല്‍കിയിരുന്നു. പിന്നീടു വെള്ളിയാഴ്ച രാവിലെ പത്തോടെ കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ കാണാതായയാള്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ളയാളായതിനാല്‍ പരാതി സ്വീകരിച്ചിരുന്നില്ല.
പിന്നീടു കണ്ണൂര്‍ സിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍ ടൗണ്‍ സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോഴാണു ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ലെന്ന വിവരമറിയുന്നത്. ബന്ധുക്കള്‍ വീണ്ടും ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ എത്തി മൃതദേഹത്തിലുണ്ടായിരുന്ന പാന്റും ടീ ഷര്‍ട്ടും ചെരിപ്പും തൊപ്പിയും പരിശോധിക്കുകയും പൊലിസ് കാണിച്ച ഫോട്ടോയും നോക്കിയാണു മൃതദേഹം ഇര്‍ഫാന്റേതു തന്നെയെന്നു തിരിച്ചറിയുന്നത്.
നാലുദിവസം പരിയാരം മെഡിക്കല്‍കോളജില്‍ അനാഥമായി കിടന്ന മൃതദേഹം അപ്പോഴേക്കും പൊലിസ് പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പയ്യാമ്പലത്ത് സാധാരണ ദഹിപ്പിക്കാറില്ല. ഇതുകൊണ്ട് തന്നെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചെടുത്ത് കണ്ണൂര്‍ സിറ്റി ഖബര്‍സ്ഥാനിലെത്തി ഖബറടക്കുകയായിരുന്നു.
ഒന്നിനു പരാതി നല്‍കിയിട്ടും പൊലിസ് അന്വേഷണം നടത്താത്തതാണു മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ കാരണമെന്നു ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ നാലുദിവസം തിരിച്ചറിയാത്ത മൃതദേഹം കിടന്നിട്ടും കാണാതായ യുവാവിന്റെ ബന്ധുക്കളെ ബന്ധപ്പെടാന്‍ പൊലിസ് തയാറായില്ല.പരേതനായ ഇസ്മാഈലിന്റെയും കദീജയുടെയും മകനാണ് ഇര്‍ഫാന്‍. സഹോദരങ്ങള്‍: ഷബീന, അനസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."