അഗളി സര്‍ക്കാര്‍ ആശുപത്രിയിലെ സൂചനാ ബോര്‍ഡുകള്‍ വട്ടം കറക്കുന്നു
അഗളി: അടിയന്തര ചികിത്സക്കായി രോഗികളുമായി എത്തുന്നവര്‍ക്ക് ആഘാതമാവുകയാണ് അഗളി സര്‍ക്കാര്‍ ആശുപത്രിയിലെ സൂചനാ ബോര്‍ഡുകള്‍. അത്യാസന്ന രോഗികളുമായി ആശുപത്രി കോംപൗണ്ടില്‍ നട്ടം തിരിയേണ്ട അവസ്ഥയാണുള്ളത്. മെയിന്‍ ഗേറ്റിനടുത്ത് നിരനിരയായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളെല്ലാം ആരേയും സംശയിപ്പുക്കും.
ആദ്യം ദൃഷ്ടിയില്‍പ്പെടുന്ന നീല ബോര്‍ഡിലെ ആരോ ചിഹ്നം പടിഞ്ഞാറ് ഭാഗത്തേക്കാണ്. ആ ദിശയില്‍ അങ്ങനെയൊരു മുറിയില്ലതാനും. തൊട്ട് മുന്‍പില്‍ കാണുന്ന ചുവപ്പ് ബോര്‍ഡില്‍ അത്യാഹിതം കിഴക്ക് ഭാഗത്താണ്. അവിടെ ഒഴിഞ്ഞ ഭൂമിയും ദൂരെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകളുമാണ് നിലവില്‍. തൊട്ട് മുന്‍പില്‍ ആദ്യബോര്‍ഡ് പോലെ നീല നിറമുള്ളതും പടിഞ്ഞാറിലേക്ക് ദിശ സൂചിപ്പിക്കുന്നതുമാണ്. അവിടെ 'അത്യാഹിതം' എന്നെഴുതിയ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി താഴിട്ട് പൂട്ടിയ ഒരു മുറിയുമുണ്ട്. അതിന്റെ സുരക്ഷാ ചുമതല തെരുവു നായകള്‍ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. രോഗികളുമായി ചെല്ലുന്നവര്‍ക്ക് സ്വന്തം ജീവന്‍ രക്ഷിക്കേണ്ട ഗതികേടിലാണ് കാഷ്വാല്‍റ്റി വരാന്ത.
അത്യാഹിത വിഭാഗം ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് പ്രധാന കെട്ടിടത്തില്‍ രേഖപ്പെടുത്തിട്ടുണ്ടെങ്കിലും അതൊന്നും നടപ്പിലാാവുന്നില്ല. അത്യാഹിത വിഭാഗത്തില്‍ ട്രോമൊ കെയര്‍ യൂനിറ്റ് സജീവമായി പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ടെങ്കിലും അതിനുള്ള ജീവനക്കാരോ, സൗകര്യമോ ഇവിടെയില്ല. അധികൃതരുടെ ആശുപത്രിയോടുള്ള അനാസ്ഥകാരണം വിദൂര ദിക്കില്‍ നിന്ന് വരുന്ന വര്‍ കോട്ടത്തറ ട്രൈബല്‍ ഹോസ്പിറ്റലിനെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോള്‍. വെറും പതിനെട്ട് കിലോമീറ്റര്‍ സഞ്ചരിച്ച് മണ്ണാര്‍ക്കാട് എത്തുന്ന രോഗിക്ക് മുക്കാലിയില്‍ നിന്ന് മുപ്പതോളം കിലോമീറ്ററാണ് കോട്ടത്തറയിലേക്ക് ചികിത്സക്ക് വേണ്ടി സഞ്ചരിക്കേണ്ടി വരുന്നത്. അഗളിയിലേക്ക് ഇരുപതില്‍ താഴെ ദൂരമേയുള്ളു. ഒരു കാലത്ത് അട്ടപ്പാടിയുടെ ആരോഗ്യത്തിന്റെ നെടും തൂണായി പ്രവര്‍ത്തിച്ചിരുന്ന അഗളി സര്‍ക്കാര്‍ ആശുപത്രിയെ ഈ രോഗത്തില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് പൊതുജനആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."