ബ്ലൂ വെയില്‍ ഗെയിമിനെ സൂക്ഷിക്കണമെന്ന് പൊലിസ് ഹൈടെക് സെല്‍
തിരുവനന്തപുരം: ബ്ലൂ വെയില്‍ പോലെ അപകടകരമായ ഗെയിമുകള്‍ക്കു കുട്ടികളും കൗമാരക്കാരും അടിമപ്പെടാതെ ശ്രദ്ധിക്കണമെന്ന് കേരള പൊലിസ് ഹൈടെക് സെല്ലിന്റെ മുന്നറിയിപ്പ്.
ബ്ലൂ വെയില്‍ ഗെയിം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊലിസ് ഹൈടെക് സെല്ലിനെ അറിയിക്കണമെന്നും ആവശ്യമെങ്കില്‍ കൗണ്‍സലിങ് അടക്കമുള്ള സഹായങ്ങള്‍ ലഭ്യമാക്കുമെന്നും സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഇന്റര്‍നെറ്റ് അധിഷ്ഠിത ഗെയിമായ ബ്ലൂ വെയില്‍ വളരെ അപകടകാരിയായ ഗെയിമാണ്. 50 ഘട്ടങ്ങളിലൂടെയാണ് ഈ ഗെയിം കടന്നുപോകുന്നത്. കളിക്കാര്‍ ഓരോഘട്ടത്തിലും ഗെയിം അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും. അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കുന്ന നിര്‍ദേശപ്രകാരം കളിക്കാര്‍ ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.
പുലര്‍ച്ചെ ഉണരുക, ഒറ്റയ്ക്കിരുന്ന് ഭയപ്പെടുത്തുന്ന സിനിമകള്‍ കാണുക, ക്രെയിനിന്‍ കയറുക, കൈകളില്‍ മുറിവുണ്ടണ്ടാക്കുക, കാലില്‍ സൂചി കുത്തിക്കയറ്റുക എന്നിങ്ങനെ തുടങ്ങി അമ്പതാമത്തെ ഘട്ടത്തില്‍ കളിക്കാരെ ആത്മഹത്യക്കു പ്രേരിപ്പിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൗമാരക്കാരാണ് ഈ ഗെയിമിന്റെ പ്രേരണയാല്‍ ആത്മഹത്യ ചെയ്തത്. 14നും 18നും ഇടയിലുള്ള കുട്ടികളാണ് ഇത്തരത്തില്‍ അപകടത്തില്‍പെട്ടത്. ചില മാധ്യമങ്ങളില്‍ വന്ന വിവരപ്രകാരം നിരവധി ആളുകള്‍ ഇന്ത്യയില്‍ ഈ ഗെയിമിന് അടിമകളായതായാണ് കണക്കാക്കുന്നത്. കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും കംപ്യൂട്ടര്‍ ഗെയിം കളിക്കുമ്പോഴും മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ബെഹ്‌റ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."