പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം: ലഖ്നൗവില്‍ അധ്യാപകന് സസ്പെന്ഷന്; വിദ്യാര്‍ഥിയെ പുറത്താക്കി
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധത്തിന് ആളെക്കൂട്ടിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ കോളജ് അധ്യാപകന് സസ്പെന്ഷന്. ലഖ്നൗവിലെ ഷിയാ പി.ജി കോളേജിലെ കരാര്‍ അധ്യാപകനായ റോബിന് വര്‍മയെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഡിസംബര്‍ 19ന് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ റോബിന് പങ്കെടുത്തിരുന്നു. റോബിനെ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണു തങ്ങള്‍ നടപടിയെടുത്തതെന്ന് കോളേജ് മാനേജര്‍ എസ്. അബ്ബാസ് മുര്‍ത്താസ സംഷി അറിയിച്ചു.
റോബിനെതിരായ കേസ് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ കോളജ് മാനേജ്മെന്റ് നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ നടപടികളിലേക്ക് നീങ്ങണമോ വേണ്ടയോ എന്ന് അന്വേഷണത്തിനു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പൗരത്വ നിയമത്തിനും എന്‍.ആര്.സിക്കുമെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തതിന് ഖ്വാജ മുയിനുദ്ദീന്‍ ചിഷ്തി ഉര്‍ദു അറബി ഫാര്‍സി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെയും പുറത്താക്കിയിട്ടുണ്ട്. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഹമ്മദ് റാസാ ഖാനെയാണ് സര്‍വകലാശാലയില്‍ നിന്നു പുറത്താക്കിയത്.
സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. മഹ്റൂഖ് മിര്‍സയാണ് നടപടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."