തുല്യനീതി തേടി ഭിന്നശേഷിക്കാര്‍ കൂട്ടനടത്തം നടത്തുന്നു
തിരുവനന്തപുരം: സമൂഹത്തില്‍ തുല്യ നീതി, തുല്യ വിദ്യാഭ്യാസം എന്നിവ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാരായ കുട്ടികള്‍ കൂട്ടനടത്തം സംഘടിപ്പിക്കും. കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടിയുള്ള നാഷനല്‍ ട്രസ്റ്റിന്റെ ഇന്‍ക്ലൂസീവ് ഇന്ത്യയുടെ ഭാഗമായാണ് കേരളത്തില്‍ കൂട്ടനടത്തം സംഘടിപ്പിക്കുന്നത്. 13ന് രാവിലെ ഒന്‍പതിന് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിനുമുന്നില്‍ നിന്നും യൂനിവേഴ്‌സിറ്റി കോളജ് വരെയാണ് വാക്കത്തോണ്‍.
ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ മാതാപിതാക്കള്‍, അധ്യാപകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുക്കുമെന്ന് സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്റര്‍ കേരളാ ചെയര്‍മാന്‍ ഡി.ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പിന്തുണയറിയിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കുട്ടികളൊടൊപ്പം വാക്കത്തോണില്‍ പങ്കെടുക്കും. 'ഉള്‍ക്കൊള്ളുന്ന ഇന്ത്യ' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് പരിപാടി നടക്കുന്ന അതേദിവസം തന്നെ ഇന്ത്യയിലെ 18 സംസ്ഥാനത്തും ഇതേ രീതിയിലുള്ള പരിപാടികള്‍ നടക്കും. മറ്റ് കുട്ടികളെപ്പോലെ തുല്യ നീതി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ലഭിക്കണമെന്ന് ആറ് മാസം മുമ്പ് നിയമം വന്നിരുന്നു. എന്നാല്‍ നിയമം വന്നിട്ടും നീതി നിഷേധിക്കപ്പെടുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ പറഞ്ഞു.
കേരളത്തില്‍ സ്‌കൂള്‍ പഠനം സൗജന്യമല്ലാത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠിക്കാന്‍ തുല്യമായ അവസരം ലഭിക്കണമെന്നാണ് ആവശ്യം. മറ്റുള്ളവരെപ്പോലെ കുടുംബം പുലര്‍ത്താന്‍ തങ്ങള്‍ക്കു കഴിയും. അതിന് നിയമം അംഗീകരിച്ച നാല് ശതമാനം തൊഴില്‍ സര്‍ക്കാരിലും, പൊതുമേഖലയിലും, സ്വകാര്യ സ്ഥാപനങ്ങളിലും നല്‍കണമെന്നുമാണ് മറ്റൊരു ആവശ്യം.
നിയമം ഉണ്ടായിട്ടും തൊഴിലിടങ്ങളില്‍ നിന്ന് ഭിന്നശേഷിക്കാരായവരെ അകറ്റി നിര്‍ത്തുകയാണെന്നും കുട്ടികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്.എന്‍.എസി-കേരള കോ-ഓര്‍ഡിനേറ്റര്‍ ജോസ് ഡേവിഡും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."