ഒരുപ്പ മകനയച്ച കത്തുകള്‍
കത്ത് എഴുത്താണ് നമുക്ക്. കത്തു വന്നില്ലേ എന്നതിനു പകരം എഴുത്തു വന്നില്ലേ എന്നും നമ്മള്‍ ചോദിക്കും. വിവരം കൈമാറുന്നതിന്റെ ഏറ്റവും അടുത്ത ഉപായവും ആശയവിനിമയത്തിന്റെ ഏറ്റവും സ്വകാര്യമായ ഉപാധിയുമാണത് എല്ലാവര്‍ക്കും. കത്തെഴുതുമ്പോള്‍ എല്ലാവരും എഴുത്തുകാരായി മാറുന്നതിനാലാണെന്നു തോന്നുന്നു കത്തുകളെ സാഹിത്യരൂപമായി കാണുന്ന പതിവില്ല.
എങ്കിലും മഹത്തായ സാഹിത്യകൃതികളുടെ കൂട്ടത്തില്‍ കത്തുകളുണ്ട്. റുഡ്യാഡ് കിപ്ലിങ്ങിന്റെ 'ഇഫും'(എങ്കില്‍) ഡബ്ല്യു.ബി യീറ്റ്‌സിന്റെ 'എന്റെ മകള്‍ക്കൊരു പ്രാര്‍ഥന'യും മുതല്‍ക്ക് ഗദ്യമായും പദ്യമായും ഒട്ടേറെയുണ്ടു കത്തുകൃതികള്‍. ചരിത്രകൃതിയായി വിശ്വവിഖ്യാതമായ അച്ഛന്‍ മകള്‍ക്കയച്ച കത്തുകളും. അതു കാരാഗൃഹത്തെ എഴുത്തുപുരയാക്കിയ നെഹ്‌റുവിന്റെ രചന. കത്തുപുസ്തകങ്ങളുടെ ഈ കൂട്ടത്തിലേക്ക് യു.എ.ഇയില്‍നിന്നുള്ള ഇദംപ്രഥമമായ സംഭാവനയാണ് ഒമര്‍ സൈഫ് ഗുബാഷിന്റെ ഘലേേലൃ െീേ മ ഥീൗിഴ ങൗഹെശാ. ഈ വര്‍ഷം തുടക്കത്തില്‍ പുറത്തുവന്നതാണു പുസ്തകം. ഈ വര്‍ഷത്തെ മികച്ച സാമൂഹ്യ പാഠപുസ്തകങ്ങളിലൊന്നും ഇസ്‌ലാമും മുസ്‌ലിംകളും പ്രമേയമാകുന്ന വായിച്ചിരിക്കേണ്ട രചനയുമാണത്. ഒരുപക്ഷേ, ഐക്യ അറബ് നാടുകളുടെ ചരിത്രത്തില്‍ ആദ്യമായായിരിക്കും ഇങ്ങനെ ഒരു ഗ്രന്ഥവും ഗ്രന്ഥകാരനും.
യു.എ.ഇയുടെ റഷ്യയിലേക്കുള്ള അംബാസഡറാണ് ഒമര്‍ സൈഫ് ഗുബാഷ്. യു.എ.ഇയുടെ പ്രഥമ വിദേശകാര്യ മന്ത്രിയായിരുന്ന സൈഫ് ഗുബാഷിന്റെ പുത്രന്‍. പുസ്തക പരിചയത്തിനു മുന്‍പേ പരിചയപ്പെടേണ്ട പിതാവും പുത്രനുമാണ് ഇരുവരും. അബൂദബി നഗരത്തിന് ഉള്‍വശത്തുതന്നെയുള്ള പണ്ടത്തെ വിമാനത്താവളത്തില്‍ അവിചാരിതമായി നടന്ന ഒരു ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു സൈഫ് ഗുബാഷ്. കൊല്ലം 1977. റാസല്‍ഖൈമയില്‍ ജനിച്ച് ബഹ്‌റൈനിലും ഇറാഖിലും ജര്‍മനിയിലുമൊക്കെ പഠിച്ച് എന്‍ജിനീയറിങ് ബിരുദം നേടി യൂറോപ്പിലെ കോള്‍നിലങ്ങളില്‍ ഉപജീവനത്തിനു കഷ്ടപ്പെട്ടയാള്‍. കന്തൂറക്കു പകരം സ്യൂട്ട് ശീലമാക്കിയ ഇമാറാത്തി. ഏറെ ലോകരാജ്യങ്ങളിലെ സഞ്ചാരവും താമസവും ഭാഷകളും സംസ്‌കാരങ്ങളുമായുള്ള സമ്പര്‍ക്കവും കൊണ്ട് സ്വയം പാകപ്പെട്ട പ്രതിഭാശാലി.
ശൈഖ് സായിദ് യു.എ.ഇ രൂപപ്പെടുത്തിയതോടെ സൈഫ് ഗുബാഷിന്റെ പരിചയവും പ്രാഗത്ഭ്യങ്ങളും നവജാത രാഷ്ട്രത്തിന് ഏറെ പ്രയോജനപ്പെട്ടു. തദ്ദേശീയ വേഷം ഉപേക്ഷിക്കുക മാത്രമല്ല, റഷ്യക്കാരിയൊരുത്തിയെ വധുവാക്കുക കൂടി ചെയ്ത പരിഷ്‌കാരി ആയിരുന്നിട്ടും യു.എ.ഇ ഭരണകൂടവും ജനതയും ആ കാലത്ത് അദ്ദേഹത്തെ ഭ്രഷ്ട് കല്‍പിക്കാതിരുന്നതിനുള്ള കാരണം സൈഫ് ഗുബാഷിന്റെ മിടുക്ക് തന്നെ. ലോകവുമായി സംസാരിക്കാനും കരാറുകളിലെത്താനും സൈഫ് ഗുബാഷ് വലിയ അളവില്‍ പ്രയോജനപ്പെട്ടു. യു.എ.ഇയുടെ ആദ്യത്തെ സ്റ്റേറ്റ്‌സ്മാനായി പേരെടുത്തു. വിദേശകാര്യ മന്ത്രാലയം രൂപപ്പെടുത്തി. നൂതന വിദ്യാഭ്യാസവും ആധുനിക ചിന്തയും ഉല്‍പതിഷ്ണുത്വവും കൊണ്ടുനടക്കവേ തന്നെ അറേബ്യന്‍ പൈതൃകത്തിലും അറബ് ജീവിതത്തിന്റെ സൗന്ദര്യങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത പിടിവാശിക്കാരനുമായിരുന്നു അദ്ദേഹം. ഫലസ്തീന്‍ വിമോചനസമരങ്ങളില്‍ ഇടപെട്ടുകൊണ്ട് തന്റെ രാഷ്ട്രീയചായ്‌വും അദ്ദേഹം പ്രകടിപ്പിച്ചു. എഴുപതുകളുടെ അവസാനത്തില്‍ ഇസ്‌റാഈലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചില ശ്രമങ്ങളില്‍ അദ്ദേഹം പങ്കാളിയുമായി.
ആയിടക്ക് അന്നത്തെ സിറിയന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ ഹലീം ഖദ്ദാം അബൂദബിയിലെത്തി. ഫലസ്തീന്‍-ഇസ്‌റാഈല്‍ സെറ്റില്‍മെന്റിന് സിറിയ മുന്നോട്ടുവച്ച ഉപാധികളില്‍ ക്രുദ്ധരായ ആരോ ഏര്‍പ്പെടുത്തിയ ഒരു ചെറുപ്പക്കാരന്‍ അബൂദബി സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ഖദ്ദാമിനെതിരേ വിമാനത്താവളത്തില്‍ കടന്നുകയറി നിറയൊഴിച്ചു. ഖദ്ദാമിനു പകരം വെടിയേറ്റ സൈഫ് ഗുബാഷ് ഏറെ താമസിയാതെ മരണപ്പെട്ടു. വെടിവച്ച ചെറുപ്പക്കാരനു പത്തൊന്‍പതും വെടിയേറ്റ ഗുബാഷിന് നാല്‍പത്തിയഞ്ചുമായിരുന്നു പ്രായം. അപ്പോള്‍ ആറുവയസുള്ള ബാലനാണ് ഗ്രന്ഥകര്‍ത്താവായ ഒമര്‍.
ഉപ്പ മരിച്ചുപോയതാണെന്നു മനസിലാക്കാനുള്ള പ്രായപൂര്‍ത്തി അന്നു തനിക്കുണ്ടായിരുന്നില്ലെന്ന് എഴുതുന്നുണ്ട് ഗുബാഷ്. സഹോദരങ്ങളും മാതാവുമുള്‍പ്പടെ കുടുംബം ഗൃഹനാഥനില്ലാതെയായി. ഏറെ കഴിഞ്ഞാണു പിതാവിന്റെ മരണവും മരണകാരണങ്ങളും ഗുബാഷിനു പിടികിട്ടിയത്. ജീവിതത്തില്‍ ഏറ്റവും വിഷമം പിടിച്ച പ്രായമായി അതോടെ 19 വയസ് മാറി. പിതാവിനെ വകവരുത്തിയ ചെറുപ്പക്കാരന്റെ പ്രായമായിരുന്നു പത്തൊന്‍പതാമത്തെ വയസ്. ആ പ്രായത്തിലെത്തുമ്പോള്‍ താനെങ്ങനെയായിരിക്കും എന്നതായിരുന്നു കുട്ടിക്കാലത്തെ ആലോചന. മറ്റൊരാളുടെ ജീവനെടുക്കാന്‍ മാത്രം ചെറുപ്രായത്തിലേ മനസുറക്കുന്നതും കൈയറപ്പു മാറുന്നതുമെങ്ങനെ എന്നതായിരുന്നു ഉത്തരം കിട്ടാത്ത ആധി.
ആ പ്രായം കടന്നുപോയി. പിന്നെ ആലോചന നാല്‍പത്തഞ്ചാമത്തെ വയസിനെ ചൊല്ലിയായിരുന്നു. പിതാവിനു ജീവന്‍ നഷ്ടപ്പെട്ട പ്രായം. അതുവരെ താന്‍ ജീവനോടെ ഉണ്ടാകുമോ, ജീവിച്ചിരിക്കുന്നതു കൊണ്ടെന്താണു പ്രയോജനം എന്നിങ്ങനെയുള്ള വിചാരവികാരങ്ങള്‍. ആ പ്രായവും കടന്നുപോകുകയും പിതാവിനെ നഷ്ടപ്പെട്ട കാലത്തേക്കാള്‍ ലോകം പ്രശ്‌നകലുഷിതമാകുകയും ചെയ്ത സമയത്താണ് ഒമര്‍ സൈഫ് ഗുബാഷ് പതിനേഴുകാരനായ മൂത്ത മകനെ സംബോധന ചെയ്തുകൊണ്ട് കത്തുകളെഴുതുന്നത്. പശ്ചാത്തലം യു.എ.ഇ ആണെങ്കിലും ലോകമെങ്ങുമുള്ള മുസ്‌ലിം യുവാക്കളോടാണ് ഗുബാഷ് സംസാരിക്കുന്നത്. മരണം വിതക്കപ്പെടുന്ന കാലത്ത് ജീവിച്ചിരിക്കുക പ്രധാനമാണെന്നും മുസ്‌ലിമായി ജീവിച്ചിരിക്കുക എത്രമാത്രം മുഖ്യമാണെന്നും ആ കത്തുകളില്‍ എഴുതപ്പെട്ടിരിക്കുന്നു.
'ഏറ്റവും വിലപ്പെട്ട ജീവിതപാഠങ്ങള്‍ നിന്നെ പഠിപ്പിക്കുന്നത് വേറെ ആരെങ്കിലും ആയിരിക്കരുതെന്ന് ഞാനാഗ്രഹിക്കുന്നു. നിന്നെ ഏറെ സ്‌നേഹിക്കുന്ന നിന്റെ പിതാവു തന്നെ ആകണമതെന്ന് ഞാന്‍ കരുതുന്നു.' സ്വന്തം പിതാവിന്റെ കൊലപാതകത്തിലൂടെ രൂപപ്പെട്ടതാണു തന്റെ ജീവിതത്തെ കുറിച്ചുള്ള വീക്ഷണമെന്നും മൂന്നു പതിറ്റാണ്ടുകളായി തന്റെ ചിന്തയെ ആ സംഭവം സ്വാധീനിച്ചുകൊണ്ടിരിക്കുന്നെന്നും തുറന്നുപറയുന്ന ഗുബാഷ് പിതാവിന്റെ മരണമുയര്‍ത്തിയ അനേകം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അന്വേഷിച്ചുള്ളതായിരുന്നു തന്റെ കഴിഞ്ഞകാല ജീവിതം എന്നു സ്വയം നിര്‍വചിക്കുന്നു. ഉപ്പ മകനെഴുതിയ കത്തുകളിലാകെ നിറയുന്നതും ഈ ജീവിതചിന്തകളുടെ അനുരണനങ്ങളാണ്. സുന്നി-ശീഈ വിഭാഗീയത മുതല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് വരെയെത്തിയ വ്യാധികള്‍, യൂറോപ്പിലേക്കുള്ള മുസ്‌ലിം അഭയാര്‍ഥികളുടെ കുടിയേറ്റം, പടിഞ്ഞാറും മുസ്‌ലിംകളും തമ്മിലും മറിച്ചുമുള്ള ബന്ധ-ബന്ധവിച്ഛേദങ്ങള്‍ തുടങ്ങി നിത്യേന നാം കണ്ടും കേട്ടും മറക്കുന്ന വാര്‍ത്തകളും വര്‍ത്തമാനങ്ങളും അദ്ദേഹം പ്രതിപാദിക്കുന്നു.
ചോദ്യങ്ങള്‍ മഹത്തായ ആശയങ്ങളുടെ കൂടപ്പിറപ്പാണെന്നും ആശയക്കുഴപ്പങ്ങളിലൂടെ കൂടുതല്‍ കൃത്യതയുള്ള നിലപാടുകളിലേക്ക് നീങ്ങാനാകുമെന്നും ഗുബാഷ് വിശദീകരിക്കുന്നു. കാര്യങ്ങളെ കറുപ്പും വെളുപ്പുമായി കള്ളിതിരിച്ചു കാണുന്നതിനു പകരം മുന്‍വിധികളില്ലാതെ നോക്കിക്കാണുക, തെറ്റും ശരിയും ഏതേതെന്നു തിരിച്ചറിയാനുള്ള വിവേകവും ബോധനിലവാരവും സ്വയം തന്നെ കൈവരിക്കുക, ചോദ്യങ്ങളുടെ കാര്യത്തിലായാലും ഉത്തരങ്ങളുടെ കാര്യത്തിലായാലും അപരന്റെ ചട്ടുകമാകുന്നതിനു പകരം അവനവന്റെ ബോധ്യങ്ങളുടെ മിത്രമാവുക.
കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലമായി നമ്മള്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ അനുഭവലോകം ഈ കത്തുകളുടെ പ്രേരണയായി വര്‍ത്തിക്കുന്നതു കാണാനാകും. യു.എ.ഇയുടെ ചരിത്രവും സാമൂഹികപശ്ചാത്തലവും വായനക്കാരെ അലോസരപ്പെടുത്തും വിധം ആവര്‍ത്തിച്ചുവരുന്നതും ഭീകരതക്കെതിരായ പോരാട്ടം എന്ന ഇപ്പോഴത്തെ ചര്‍ച്ച പലപ്പോഴും പ്രധാന വിഷയമാകുന്നതും ഒഴിച്ചുനിര്‍ത്തിയാല്‍ വിവേകശാലിയായൊരു മുസ്‌ലിമിന്റെയും പുത്രവത്സലനായൊരു പിതാവിന്റെയും സ്വരം ഈ പുസ്തകത്തിന്റെ സൗന്ദര്യമായിരിക്കുന്നു. ഇസ്‌ലാമിന്റെ പ്രമാണങ്ങളും ചരിത്രവും ഈ കത്തുകളില്‍ ഇടകലര്‍ന്ന് എഴുതപ്പെട്ടിരിക്കുന്നു. ഒരു പൗരനെന്ന നിലയില്‍ മുസ്‌ലിം സാക്ഷാത്കരിക്കേണ്ടതും വിശ്വാസി എന്ന നിലയില്‍ അനുവര്‍ത്തിക്കേണ്ടതുമായ ധര്‍മങ്ങളെ പരസ്പരം ഇണക്കിയും മുസ്‌ലിമിന്റെ ലോകാനുഭവത്തെ വിശ്വനന്മയുടെ രാഷ്ട്രീയരൂപത്തില്‍ പ്രതിഫലിപ്പിച്ചും ഗുബാഷ് ഉള്‍ക്കാഴ്ചകള്‍ തരുന്നു. മുസ്‌ലിം സമൂഹത്തിനു പുറത്തുനിന്നുള്ള വായനക്കാരന് തന്റെ ഹൃദയപുടങ്ങളില്‍ നവധാരണകളുടെ പ്രതിധ്വനിയുണ്ടാക്കാനും കഴിയുന്ന കൃതിയാണിത്. വഴിപോക്കര്‍ കണ്ട കാഴ്ചയില്‍ നോക്കിനില്‍ക്കുന്ന പോലെയല്ല, ആശയങ്ങളുടെ ഒരു വിരുന്നില്‍ സംബന്ധിക്കാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുന്ന പോലെ ആയിരിക്കുമത്.
പരലോകത്തെ മാത്രമല്ല ഇഹലോകത്തെയും പുല്‍കുന്ന ജീവിതമാണ് മുസ്‌ലിമിന് അഭികാമ്യം. വിജ്ഞാനവും വിവേകവും ലോകാവബോധവും മുസ്‌ലിംകള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന ധാരണയോടെ ജീവിതം തുടരാന്‍ ഒരാള്‍ക്കു കഴിഞ്ഞെന്നിരിക്കാം. എന്നാല്‍ മനസിന്റെ വാതിലുകള്‍ തുറന്നിടാനുള്ള സന്നദ്ധതയുള്ളൊരു മുസ്‌ലിമിന് എല്ലാ സംസ്‌കാരങ്ങളിലും സാഹിത്യങ്ങളിലും ചിന്താപദ്ധതികളിലും വിവേകത്തിന്റെയും വിജ്ഞാനത്തിന്റെയും ലോകാവബോധത്തിന്റെയും അടരുകള്‍ കണ്ടെത്താനാകും. ഒരു നിശ്ചിതവട്ടത്തില്‍ അടഞ്ഞുകൂടിയിരിക്കണോ മാനുഷികാനുഭവങ്ങളുടെ ഇതരലോകങ്ങളിലേക്കും കടന്നുചെല്ലണമോ എന്നതാണ് മുസ്‌ലിമിന്റെ മുന്നിലുള്ള ചോദ്യം. ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ഈ കൃതി വെറുപ്പിനുപകരം സ്‌നേഹത്തെയും സമ്പര്‍ക്കത്തെയും സംഭാഷണങ്ങളെയും പകരംവയ്ക്കുന്നു. അടഞ്ഞ വാതിലുകള്‍ക്കുപകരം തുറന്നിട്ട വാതിലുകളെ സ്വാഗതം ചെയ്യുന്നു. നമ്മള്‍ കടന്നുപോന്ന മതജീവിതത്തിന്റെയും മതേതരജീവിതത്തിന്റെയും വിവിധ ഇടങ്ങളെ, വീട്ടുമുറ്റവും പള്ളിക്കൂടവും തൊട്ട് പള്ളിക്കാടു വരേക്കുമുള്ള ജീവിതത്തിന്റെ മേച്ചില്‍പുറങ്ങളെ പലപ്പോഴായി ഓര്‍മിപ്പിക്കുന്ന അനുഭവങ്ങളും ആശയങ്ങളും കൊണ്ട് ഈ പുസ്തകം കനപ്പെട്ടിരിക്കുന്നു.
ഒമര്‍ സൈഫ് ഗുബാഷ് തന്റെ മൂത്ത മകന്‍ സൈഫിന്റെ പേരിലാണ് ഈ കത്തുകള്‍ എഴുതിയത്. രണ്ടാമത്തെ മകന്‍ അബ്ദുല്ലയ്ക്കുള്ള വാഗ്ദാനം എഴുതാനിരിക്കുന്ന നോവലാണ്. ഞാനെന്റെ മൂത്ത മകനൊപ്പമാണ് ഈ പുസ്തകത്തിലെ കുറേഭാഗങ്ങള്‍ ഇരുന്നുവായിച്ചത്. രണ്ടാമത്തെ മകനൊപ്പം ഗുബാഷിന്റെ അടുത്ത നോവല്‍പുസ്തകം വായിക്കണമെന്നും മോഹിക്കുന്നു. വരുന്ന തലമുറക്കുള്ള നമ്മുടെ തലമുറയുടെ ഉപഹാരമാണ് ഈ കത്തുകള്‍. ഏതു മേല്‍വിലാസക്കാരനും കൈപ്പറ്റാവുന്ന, വായിച്ചറിയാവുന്ന കത്തുകള്‍.
കവിയും മാധ്യമപ്രവര്‍ത്തകനും.
'തിരുവള്ളൂര് ', 'ഉപ്പിലിട്ടത് ' കവിതാസമാഹാരങ്ങള്‍. 'റമദാന്‍ ഉറുദി' ലേഖനസമാഹാരം. ഇപ്പോള്‍ അബൂദബിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."