പ്രതിപക്ഷ യുവജന സമരം രണ്ടാം ഘട്ടത്തിലേക്ക്: ഫെബ്രുവരിയില്‍ യൂത്ത് മാര്‍ച്ച്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 21 ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താന്‍ പ്രതിപക്ഷ യുവജന സംഘടനകളുടെ സംയുക്ത വേദി തീരുമാനിച്ചു. 15 പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം മതേതര ശക്തികള്‍ക്കാകെ ആവേശം പകരുന്നതാണെന്ന് യോഗം വിലയിരുത്തി.
മധ്യ പ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഡ് എന്നീ പ്രധാന സംസ്ഥാനങ്ങള്‍ ബി ജെ പി മുക്തമായത് 2019 ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രതിഫലനമാണ്. മോദി സര്‍ക്കാര്‍ സ്വീകരിച്ച വര്‍ഗീയ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് ലഭിച്ച തിരിച്ചടിയാണിത്. യുവാക്കളും മോദി സര്‍ക്കാറിനെതിരെ വിധിയെഴുതി. ഇത്തരമൊരു ജനവികാരം സൃഷ്ടിക്കുന്നതില്‍ പ്രതിപക്ഷ യുവജന സംഘടനകളുടെ ഐക്യം വലിയ പങ്ക് വഹിച്ചുവെന്നും നിരന്തരമായി ഈ സമരം തുടരുമെന്നും യോഗം പ്രഖ്യാപിച്ചു.
ഇതിന്റെ തുടര്‍ച്ചയാണ് പാര്‍ലമെന്റ് മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് കേശവ ചന്ദ്ര യാദവ്, എ ഐ സി സി സെക്രട്ടറി കൃഷ്ണ അല്ലാവരു,യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡണ്ട് ശ്രീനിവാസ്, അര് ജെ ഡി യുവജന വിഭാഗം പ്രസിഡണ്ട് സാഗര്‍ യാദവ്, എ ഐ വൈ എഫ് നേതാവ് അഫ്താബ് ആലം ഖാന്, എന്‍ വൈ സി ദേശീയ പ്രസിഡണ്ട് ധീരജ് ശര്‍മ ,ആര് എല്‍ ഡി യുവജന വിഭാഗം പ്രസിഡണ്ട് ചൗധരി വസിം, തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിപക്ഷ യുവജന സംഘടനകളുടെ ദേശീയ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമാണ് പാര്‍ലമെന്റ് മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."