ഫെത്തായ് ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും
കെ. ജംഷാദ്#
കോഴിക്കോട്: ഈമാസം ആറിന് ഭൂമധ്യരേഖക്കു സമീപത്തായി തെക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നു രാവിലെ ഫെത്തായ് ചുഴലിക്കാറ്റായി മാറിയേക്കും. ഗജ ചുഴലിക്കാറ്റ് രൂപപ്പെട്ട സ്ഥലത്തിനു ഏകദേശസമാനമാണ് ഫെത്തായിയുടെ ഉത്ഭവമെങ്കിലും സഞ്ചാരപാത ആന്ധ്രാപ്രദേശിലേക്കായതിനാല്‍ കേരളത്തിനു ഭീഷണിയില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, അമേരിക്കന്‍, യൂറോപ്യന്‍ കാലാവസ്ഥാ ഏജന്‍സികളുടെ നിഗമന പ്രകാരം ഇന്നു രാവിലെ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചുഴലിക്കാറ്റായി മാറുന്ന ഫെത്തായ് നാളെ വൈകിട്ട് വീണ്ടും ശക്തിപ്രാപിച്ച് തീവ്രചുഴലിക്കാറ്റാകും.
ഞായറാഴ്ച രാത്രിവൈകിയോ തിങ്കളാഴ്ച പുലര്‍ച്ചെയോ ആന്ധ്രാപ്രദേശിലെ മച്ചിലപട്ടണത്തിനു സമീപം കരതൊടും. ഇതിനിടെ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറും. കര തൊടുമ്പോള്‍ മണിക്കൂറില്‍ 100 കി.മി വേഗതയില്‍ വരെ കാറ്റിന് സാധ്യതയുണ്ട്. തീരദേശ ആന്ധ്രാപ്രദേശില്‍ തീവ്രമഴക്കും ചുഴലിക്കാറ്റ് കാരണമാകും. ചെന്നൈ ഉള്‍പ്പെടെയുള്ള വടക്കന്‍ തമിഴ്‌നാട്ടിലും ഞായറാഴ്ച മുതല്‍ കനത്തമഴക്ക് സാധ്യതയുണ്ട്.
നിലവില്‍ ഡിപ്രഷന്‍ (ന്യൂനമര്‍ദം) ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍നിന്ന് കിഴക്ക് 670 കി.മിഉം ചെന്നൈക്ക് കിഴക്ക്-തെക്കുകിഴക്ക് 930 കി.മിഉം ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തില്‍നിന്ന് 1090 കി.മി തെക്കുകിഴക്കുമാണ് നിലകൊള്ളുന്നത്. 24 മണിക്കൂറില്‍ ചുഴലിക്കാറ്റും തുടര്‍ന്ന് 36 മണിക്കൂറില്‍ തീവ്രചുഴലിക്കാറ്റുമായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത. എന്നാല്‍ ഫെത്തായ് ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അറബിക്കടലിലെ മര്‍ദം കൂടിയ മേഖലയിലേക്ക് കേരളത്തിനു മുകളിലുള്ള കാറ്റിന്റെ വ്യതിയാനം മൂലം വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. ഈമാസം 17നു ശേഷം ഒറ്റപ്പെട്ട മഴക്കും കേരളത്തില്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."