എന്‍.പി.ആറും അപകടകരം
പൗരത്വ നിയമ ഭേദഗതി(സി.എ.എ)ക്കൊപ്പം തന്നെ പൗരത്വ രജിസ്റ്ററിനെതിരെയും(എന്‍.ആര്‍.സി) രാജ്യമൊട്ടാകെ പ്രതിഷേധത്തിന്റ തീജ്വാലകള്‍ തിളച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതിനെ തണുപ്പിക്കാനെന്നവണ്ണം ബി.ജെ.പി സര്‍ക്കാര്‍ പുറത്തെടുത്ത ജനസംഖ്യാ രജിസ്റ്ററി(എന്‍.പി.ആര്‍)നെതിരെയും വ്യാപകമായ എതിര്‍പ്പാണ് പൊട്ടി പുറപ്പെട്ടിരിക്കുന്നത്. എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ പരസ്യമായി തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും നിലപാടെടുത്തിരുന്നു.
ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ പൗരത്വ പട്ടിക നടപ്പിലാക്കുകയില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറയുകയും മുസ്‌ലിംകളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് അകാലി ദള്‍ ആവശ്യപ്പെടുകയും പശ്ചിമബംഗാള്‍ ബി.ജെ.പി വൈസ് പ്രസിഡന്റ് ചന്ദ്രകുമാര്‍ ബോസ് പൗരത്വ നിയമത്തില്‍ മുസ്‌ലിംകളെ ഒഴിവാക്കിയതിനെതിരേ രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് പൗരത്വരജിസ്റ്റര്‍ തല്‍ക്കാലം നടപ്പാക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മലക്കം മറിഞ്ഞത്.
എന്നാല്‍ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍, പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് എന്‍.പി.ആര്‍. ഇത് നടപ്പാക്കാന്‍ 3941 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ഇതിന്റെ വിവരശേഖരണം ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പൗരത്വ രജിസ്റ്ററിനൊപ്പം ജനസംഖ്യാ രജിസ്റ്ററും സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്‌കരിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
പൗരത്വരജിസ്റ്ററിന് നിലമൊരുക്കുന്നതാണു ജനസംഖ്യാ രജിസ്റ്ററെന്ന് പ്രതിപക്ഷം ഇതിനകം തന്നെ ആരോപിച്ചു കഴിഞ്ഞു. എന്‍.പി.ആറിനെ വളരെ നിഷ്‌കളങ്കമായാണ് ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഭയപ്പെടാനില്ലെന്നും രേഖകളൊന്നും ഹാജരാക്കേണ്ടി വരില്ലെന്നും ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും നിരന്തരം കളവു പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു പ്രധാനമന്ത്രിയില്‍ നിന്നും ആഭ്യന്തര മന്ത്രിയില്‍ നിന്നും സത്യസന്ധമായ നിലപാട് പ്രതീക്ഷിക്കുന്നത് ആത്മഹത്യാപരമായിരിക്കും.
രാംലീല മൈതാനിയില്‍ നടന്ന ബി.ജെ.പി റാലിയില്‍ നരേന്ദ്ര മോദി പറഞ്ഞത് രാജ്യത്ത് എവിടെയും തടങ്കല്‍ പാളയങ്ങള്‍ ഇല്ലെന്നായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അസമില്‍ പണി പൂര്‍ത്തിയായതും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതുമായ തടങ്കല്‍ പാളയങ്ങളുടെയും കര്‍ണാടകയില്‍ പണി പൂര്‍ത്തിയായ തടങ്കല്‍ പാളയത്തിന്റെയും സചിത്ര റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. നേരത്തെ തന്നെ നരേന്ദ്ര മോദിയില്‍ നിന്ന് അദ്ദേഹത്തിന്റെ ബിരുദമടക്കുള്ള പ്രസ്താവനകള്‍ കള്ളമാണെന്ന് തെളിഞ്ഞിരുന്നു. എന്റയര്‍ പൊളിറ്റിക്‌സില്‍ ബിരുദമെടുത്തതും റെയില്‍വേ സ്റ്റേഷനില്‍ അച്ഛനോടൊപ്പം ചായക്കട നടത്തിയതുമായ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളെല്ലാം വസ്തുതകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കളവാണെന്നുതെളിഞ്ഞിരുന്നു. അതിനാല്‍ തന്നെ രാജ്യത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും പൗരത്വ രജിസ്റ്ററിനെക്കുറിച്ചും ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ചും എത്ര നിരുപദ്രവ രീതിയില്‍ അദ്ദേഹം അവതരിപ്പിച്ചാലും പൊതുസമൂഹം അത് മുഖവിലക്കെടുക്കാന്‍ പോകുന്നില്ല.
എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പറഞ്ഞ അമിത് ഷാ അങ്ങനെയൊരു വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഇപ്പോള്‍ കളവ് പറയുന്നുണ്ടെങ്കിലും എന്‍.പി.ആര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് 2014 ജുലൈ 23ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന കിരണ്‍ റിജ്ജു ചോദ്യത്തിന് ഉത്തരമായി രാജ്യസഭയില്‍ പറഞ്ഞതാണ്. അപ്പോള്‍ അമിത് ഷാ ഇപ്പോള്‍ പറയുന്നത് കളവല്ലേ? എല്ലാ പൗരന്മാരുടെയും പൗരത്വം തയ്യാറാക്കാനുള്ള ആദ്യപടിയാണ് ജനസംഖ്യാ രജിസ്റ്റര്‍ എന്ന് 2014 നവംബര്‍ 23ന് ടി.എന്‍ സീമയുടെ ചോദ്യത്തിന് ഉത്തരമായും റിജ്ജു പറഞ്ഞത്. അമിത് ഷാ പറഞ്ഞുകൊണ്ടിരിക്കുന്നത് കളവാണെന്ന് ഈ രേഖകളെല്ലാം സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2012,18,19 വാര്‍ഷിക റിപ്പോര്‍ട്ടിലും പറയുന്നത് ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നത് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ആദ്യപടിയാണെന്നാണ്. ഇതെല്ലാം വസ്തുതകളാണെന്നിരിക്കെ ജനസംഖ്യാ രജിസ്റ്ററിനെ വെള്ള പൂശി നുണകളുടെ അകമ്പടിയോടെ അവതരിപ്പിച്ചാല്‍ ആളുകള്‍ അങ്ങ് വിശ്വസിച്ചു കൊള്ളുമെന്നാണോ നരേന്ദ്ര മോദിയും അമിത് ഷായും കരുതുന്നത്.
2003ല്‍ തയ്യാറാക്കി അംഗീകരിച്ച ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍.ആര്‍.സിക്കായി പ്രത്യേക കണക്കെടുപ്പ് വേണ്ട. എന്‍.പി. ആര്‍ മതിയാകും. ഈ ചതി ഒളിപ്പിച്ചുവച്ചാണ് അമിത് ഷായും നരേന്ദ്ര മോദിയും പറയുന്നത് എന്‍.പി.ആറും എന്‍.ആര്‍.സിയും തമ്മില്‍ ബന്ധമില്ലെന്ന്. ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമായി പരിണമിക്കുമെന്ന ഫാസിസ്റ്റ് ഹിറ്റ്‌ലറുടെ പ്രചാരണ വിഭാഗം മേധാവിയായിരുന്ന ഗീബല്‍സിന്റെ തിയറി വീണ്ടും പ്രയോഗിച്ചാല്‍ ഇന്ത്യന്‍ ജനത അതില്‍ വീണുകൊള്ളുമെന്നാണ് ഇന്ത്യ കത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിലും നരേന്ദ്ര മോദിയും അമിത് ഷായും കരുതുന്നതെങ്കില്‍ ആ ധാരണ തിരുത്തന്നതല്ലേ അഭികാമ്യം. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പൗരത്വ രജിസ്റ്ററിന്റെ മുഖംമൂടിയണിയിച്ച ജനസംഖ്യാ രജിസ്റ്ററും പിന്‍വലിക്കുന്നത് വരെ ഇന്ത്യന്‍ ജനത ഈ ജീവന്മരണ പോരാട്ടം അവസാനിപ്പിക്കുവാന്‍ പോകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."