സമൃദ്ധിയുടെ കാലം കഴിഞ്ഞു, ജലശേഖരം വീണ്ടും താഴെ
ബാസിത് ഹസന്‍#
തൊടുപുഴ: പ്രളയവും അധികമഴയും സമൃദ്ധമാക്കിയ കാലം പിന്നിട്ട് സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലശേഖരം ഇന്നലെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴെയായി. 3077.273 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് നിലവില്‍ എല്ലാ സംഭരണികളിലുമായി ഉള്ളത്.
കഴിഞ്ഞ വര്‍ഷം ഇതേദിവസം 3078.344 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഉണ്ടായിരുന്നു. ജലശേഖരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴെയായത് 2018ല്‍ ആദ്യമാണ്. അടുത്ത മഴവര്‍ഷത്തിന് ഇനി 169 ദിവസങ്ങള്‍ അവശേഷിക്കുന്നുണ്ട്. 4140.252 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി സംഭരിക്കാവുന്നത്.
ജൂണ്‍ ഒന്നിന് 450 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം സംഭരണികളില്‍ കരുതലുണ്ടാകണമെന്നതാണ് വൈദ്യുതി ബോര്‍ഡിന്റെ ജലവിനിയോഗ തത്വം. എന്നാല്‍ കഴിഞ്ഞ ജൂണ്‍ ഒന്നിന് 1000.12 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം സംഭരണികളില്‍ ഉണ്ടായിരുന്നു. പിന്നീട് മഹാപ്രളയത്തോടെ എല്ലാ അണക്കെട്ടുകളും നിറഞ്ഞുകവിഞ്ഞു. ഇടുക്കി അടക്കമുള്ള അണക്കെട്ടുകള്‍ ദിവസങ്ങളോളം തുറന്നുവിടേണ്ടി വന്നു. ഓഗസ്റ്റ് ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ ഇടുക്കിയില്‍ നിന്നുമാത്രം 1550.6 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം തുറന്നുവിട്ടെന്നാണ് കണക്ക്. പിന്നീട് ഒക്ടോബറില്‍ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്ന് 7.47 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുക്കി.
ആഭ്യന്തര ഉല്‍പാദനം വെട്ടിക്കുറച്ചിട്ടും ഇപ്പോള്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴുകയാണ്. 60.371 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ പുറത്തുനിന്നും എത്തിച്ചപ്പോള്‍ ആഭ്യന്തര ഉല്‍പാദനം 10.685 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു. പരമാവധി 62 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിക്കാനുള്ള ശേഷിയാണ് ഗ്രിഡിനുള്ളത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് - പരീക്ഷക്കാലം മുന്നില്‍ കണ്ട് കരുതല്‍ ജലം കൂട്ടാനാണ് ആഭ്യന്തര ഉല്‍പാദനം കുറച്ചിരിക്കുന്നത്. അടുത്ത മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലാണ് കെ.എസ്.ഇ.ബി സ്വീകരിക്കുന്നത്. കേന്ദ്ര വിഹിതത്തിലും പവര്‍ പര്‍ച്ചേസ് കരാര്‍ പ്രകാരമുള്ള വൈദ്യുതിയിലും അപ്രതീക്ഷിത കുറവുണ്ടായാലാണ് തിരിച്ചടിയുണ്ടാകുക. സാധാരണ ഡിസംബറില്‍ ഉണ്ടാകാറുള്ള തണുപ്പ് ഇപ്പോള്‍ ലഭിക്കാത്തതിനാലും പകല്‍ ചൂട് കൂടി വരുന്നതിനാലും വൈദ്യുതി ഉപഭോഗം ഉയരുന്നുണ്ട്. 71.057 ദശലക്ഷം യൂനിറ്റ് വൈദ്യുതിയായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ ഉപഭോഗം. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ ഉപഭോഗം 80 ദശലക്ഷം യൂനിറ്റ് കടക്കുമെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."