ശബരിമലയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. നടപ്പന്തലില്‍ വിരിവയ്ക്കാനും വിശ്രമിക്കാനുമുള്ള സൗകര്യമുണ്ടാകണം.
രാത്രി യാത്രാ നിയന്ത്രണത്തിലും ഇളവുവേണം. കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തില്‍ അംഗങ്ങളായ കെ. മോഹന്‍കുമാറും, പി. മോഹനദാസും കഴിഞ്ഞ മാസം 20ന് ശബരിമല സന്ദര്‍ശിച്ച് ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
തിരക്കുകൂടുമ്പോള്‍ പ്രായോഗികമല്ലാത്ത നിബന്ധനകള്‍ ഒഴിവാക്കണം. ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ ഭക്തരോട് മോശമായി പെരുമാറിയതായുള്ള പരാതികളില്‍ അടിയന്തര നടപടി സ്വീകരിച്ച് ഉത്തരവാദികളായവരെ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് മാറ്റണം.
രാത്രിയില്‍ തൊഴുതിറങ്ങുന്ന ഭക്തര്‍ക്ക് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് ബസ് സൗകര്യം ഏര്‍പ്പെടുത്തണം. പമ്പാ നദിയും പരിസരങ്ങളും തീര്‍ത്ഥാടനയോഗ്യമാക്കണം. താല്‍ക്കാലിക ഷെഡുകളും മറ്റും നിര്‍മിച്ച് ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യമൊരുക്കണം.
ദിവസങ്ങളോളം വ്രതമനുഷ്ഠിച്ച് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആറു മണിക്കൂറിനകം ദര്‍ശനം നടത്തി തിരികെ പമ്പയിലെത്തണമെന്ന് നോട്ടിസ് നല്‍കുന്നത് അടിയന്തരമായി പിന്‍വലിക്കണം.
ഒരാഴ്ച ശബരിമല ഡ്യൂട്ടിയെടുക്കുന്ന പൊലിസുകാര്‍ക്ക് രണ്ടുദിവസത്തെ അവധി അനുവദിക്കണം. സന്നിധാനത്തും നടപ്പന്തലിലും വിശ്രമസ്ഥലങ്ങളിലും നാമജപം നടത്തുന്നത് തടയരുത്. സന്നിധാനവും പരിസരവും മാലിന്യമുക്തമാക്കണം. തിരക്കുകൂടുമ്പോള്‍ മാലിന്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കംചെയ്യണം.
ശുചിമുറികള്‍ പ്രവര്‍ത്തന സജ്ജമാക്കി ജലലഭ്യത 24 മണിക്കൂറും ഉറപ്പാക്കണം. പമ്പയിലെ ഡ്രെയ്‌നേജ് സംവിധാനം തകരാറിലായത് പരിഹരിക്കണം. പൊലിസുകാര്‍ക്ക് ഭക്ഷണം പാകംചെയ്യുന്ന സ്ഥലത്ത് കണ്ടെത്തിയ ഡ്രെയ്‌നേജ് ചോര്‍ച്ച ഗുരുതര ആരോഗ്യപ്രശ്‌നത്തിന് കാരണമാകും.
പമ്പയിലും നിലയ്ക്കലിലും ഡ്യൂട്ടിക്ക് നിയോഗിക്കുന്ന കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര സൗകര്യം ഉറപ്പാക്കണം. ഹോട്ടലുകളും ശുദ്ധജലവിതരണശാലകളും ലേലത്തില്‍ പോയിട്ടില്ലെങ്കില്‍ കെ.ടി.ഡി.സി, സപ്ലൈകോ, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ ബദല്‍ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കണം. നിലയ്ക്കലിലെ ബസ്സ്റ്റാന്‍ഡ് മകരവിളക്കിനു മുന്‍പ് ടാര്‍ ചെയ്യണം.
കച്ചവടക്കാരുടെയും മറ്റും പരാതികള്‍ ദേവസ്വം ബോര്‍ഡ് പരിഹരിക്കണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."