മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കില്ല, എ.കെ.ജി സെന്ററില്‍ നിന്നുള്ള തിട്ടൂരങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് എം.കെ മുനീര്‍
കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരെ സി.പി.എം റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയില്‍ യു.ഡി.എഫ് പങ്കെടുക്കില്ലെന്ന് ഡോ. എം.കെ മുനീര്‍. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുനീര്‍.
പ്രതിപക്ഷ പാര്‍ട്ടികളുമായി യോജിച്ചാണ് മനുഷ്യച്ചങ്ങല നടത്താന്‍ തീരുമാനിച്ചതെങ്കില്‍ ആലോചനാ സമയത്ത് വിളിക്കണമായിരുന്നു. പരിപാടി തീരുമാനിച്ച ശേഷം വിളിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും മുനീര്‍ പറഞ്ഞു. എ.കെ.ജി സെന്ററില്‍ നിന്നു പുറപ്പെടുവിക്കുന്ന തിട്ടൂരങ്ങള്‍ അംഗീകരിക്കാനാകില്ല. മുല്ലപ്പള്ളി പറഞ്ഞ കാര്യങ്ങളാണ് ശരി. സി.പി.എം എല്ലാവിഷയത്തിലും ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത.് കോഴിക്കോട്ടെ യു.എ.പി.എ അറസ്റ്റില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ ഒരുമാറ്റവും വരുത്താനും സി.പി.എം തയ്യാറായിട്ടില്ലെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.
മനുഷ്യച്ചങ്ങലയില്‍ പ്രതിപക്ഷ പാര്‍ട്ടികളെയും പങ്കെടുപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി ഒഴികെയുള്ളവരെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."