മാവോയിസ്റ്റ് ക്യാംപില്‍ നിന്ന് ലഭിച്ച വസ്ത്രങ്ങള്‍ പൊലിസ് ഡി.എന്‍.എ പരിശോധനക്കയച്ചു
തിരുവനന്തപുരത്തെ രാസ പരിശോധനാ ലാബിലേക്കാണ് വസ്ത്രങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുള്ളത്
കാളികാവ്: കരുളായി വരയന്‍ മലയിലെ മാവോയിസ്റ്റ് ക്യാംപില്‍ നിന്ന് ലഭിച്ച വസ്ത്രങ്ങള്‍ പൊലിസ് ഡി.എന്‍.എ പരിശോധനക്കയച്ചു. 2016 നവംബര്‍ 24നാണ് വരയന്‍ മലയില്‍ മാവോയിസ്റ്റുകളും പൊലിസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പൊലിസ് വെടിവയ്പില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും ബാക്കിയുള്ളവര്‍ രക്ഷപ്പെടുകയും ചെയ്തു. വരയന്‍ മലയിലെ ക്യാംപില്‍ മാവോയിസ്റ്റുകള്‍ സ്ഥിരമായി ക്യാംപ് ചെയ്തതായാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ക്യാംപിലുണ്ടായിരുന്നവരുടെ വ്യക്തമായ കണക്കുകള്‍ ലഭിക്കുന്നതിനാണ് വസ്ത്രങ്ങള്‍ ഡി.എന്‍.എ പരിശോധനക്ക് വിധേയയമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്.
പരിശോധനാ ഫലം ലഭിച്ചാല്‍ ക്യാംപില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് മനസിലാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. മനുഷ്യരുടെ ഉമിനീര്‍, രക്തസ്രവങ്ങള്‍ തുടങ്ങിയവയാണ് സാധാരണയായി ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കാറുള്ളത്. മാവോയിസ്റ്റുകളുടെ കാര്യത്തില്‍ അപൂര്‍വമായ പരിശോധനയാണ് നടത്തുന്നത്. വിയര്‍പ്പ്, ശരീരത്തില്‍ നിന്ന് പൊഴിഞ്ഞു വീണ രോമങ്ങള്‍ തുടങ്ങിയവയാണ് മാവോയിസ്റ്റുകളുടെ വസ്ത്രത്തില്‍ നിന്ന് പരിശോധിക്കുന്നത്.
വസ്ത്രങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാല്‍ മാവോയിസ്റ്റുകളുടെ എണ്ണത്തിന് പുമെ ക്യാംപിലുണ്ടായിരുന്നവര്‍ ആരെല്ലാമായിരുന്നുവെന്നും നിര്‍ണയിക്കാന്‍ കഴിയുമെന്നും പൊലിസ് പറയുന്നുണ്ട്. സംശയാസ്പദമായി പിടിയിലായ മാവോയിസ്റ്റുകളുടെ ഡി.എന്‍.എ പരിശോധിച്ച് വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഡി.എന്‍.എ ഫലവും താരതമ്യപ്പെടുത്താനാണ് ശ്രമം.
വസ്ത്രങ്ങള്‍ ഡി.എന്‍.എ പരിശോധന നടത്തുന്നതിന് പോരായ്മയുമുണ്ട്. ഒരേ വസ്ത്രം ഒന്നില്‍ കൂടുതല്‍ ആളുകള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ ഡി.എന്‍.എ ഫലത്തില്‍ ആളുകളുടെ എണ്ണത്തില്‍ വര്‍ധനവ് കാണിക്കുമെന്നാണ് വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്.
തിരുവനന്തപുരത്തെ രാസ പരിശോധനാ ലാബിലേക്കാണ് വസ്ത്രങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുള്ളത്. സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്രാപിച്ചതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. വസ്ത്രങ്ങളുടെ ഡി.എന്‍.എ പരിശോധന നടത്തുന്നതിന് പുറമെ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച വെടിയുണ്ടകള്‍ ബാലിസ്റ്റിക് പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനാ ഫലങ്ങള്‍ പെട്ടെന്ന് ലഭിക്കുന്നതിന് ശ്രമിക്കുമെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."