കൊണ്ടോട്ടി മിനി സിവില്‍സ്‌റ്റേഷന്‍ നിര്‍മാണം; സ്ഥലപരിശോധന തുടങ്ങി
കൊണ്ടോട്ടി: മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണത്തിനുള്ള സ്ഥലപരിശോധന തുടങ്ങി. കൊണ്ടോട്ടി നഗരസഭ കാര്യാലയത്തിന് സമീപം വയല്‍പ്രദേശത്ത് നിര്‍മാണ അനുമതിക്ക് സാങ്കേതിക തടസം വന്നതോടെയാണ് സ്ഥലം എം.എല്‍.എ ടി.വി ഇബ്രാഹീമിന്റെ നേതൃത്വത്തില്‍ പുതിയ സ്ഥലം കണ്ടെത്തുന്നതിന് നടപടികളാരംഭിച്ചത്.
കൊണ്ടോട്ടി പൊലിസ് സ്‌റ്റേഷന് പിറകിലെ കാന്തക്കാട് ഭാഗത്തെ സ്ഥലവും വിമാനത്താവള റോഡ് കൊളത്തൂരിലെ മറ്റൊരു സ്ഥലവുമാണ് ഇതിനായി കണ്ടെത്തിയിട്ടുളളത്. രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും സ്ഥലം നിശ്ചയിച്ചിട്ടില്ല. കൊണ്ടോട്ടി ടൗണിനോട് ചേര്‍ന്നുള്ള കാന്തക്കാട് ഭാഗത്തെ സ്ഥലം പരിഗണിക്കാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്.
കൊണ്ടോട്ടി മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതാണ് മിനി സിവില്‍ സ്‌റ്റേഷന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. നിലവില്‍ കൊണ്ടോട്ടി താലൂക്ക് ഓഫിസ് കുറുപ്പത്തും സിവില്‍ സപ്ലൈ ഓഫിസ് കൊണ്ടോട്ടി 17ലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതടക്കമുളള ഓഫിസുകള്‍ ഒരിടത്തേക്ക് മാറ്റുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ഏറെ പ്രയോജനമാകും. പല ഓഫിസുകള്‍ പല ദിവസം കയറിയിറങ്ങേണ്ട അവസ്ഥയും ഇല്ലാതാകും. കൊണ്ടോട്ടി നഗരസഭയുടെ സമീപത്തെ സര്‍ക്കാര്‍ സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിന് നേരത്തെ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും നടന്നില്ല. വയല്‍ പ്രദേശമായതിനാലാണിത്. നഗരസഭയോട് ചേര്‍ന്നുളള സ്ഥലം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ കെട്ടിടം പണിയാനുള്ള അനുമതി ലഭിക്കുമോയെന്ന നിയമവശവും തേടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."