മലയോര മേഖലയിലെ റബര്‍ കര്‍ഷകര്‍ പട്ടിണിയില്‍
ബിനുമാധവന്‍
നെയ്യാറ്റിന്‍കര: കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നയത്തെത്തുടര്‍ന്ന് നട്ടെല്ലൊടിഞ്ഞ റബര്‍ മേഖലയിലെ ചെറുകിട മലയോര കര്‍ഷകര്‍ ഏറെയും ദുരിതത്തിലും പട്ടിണിയിലും.
എടവപാതി ശക്തി കുറഞ്ഞ സമയത്ത് ടാപ്പിങ് തുടങ്ങിയവരും തുടങ്ങാന്‍ കാത്തിരുന്നവര്‍ക്കും പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ച് വീണ്ടും മഴ ശക്തി പ്രാപ്പിച്ചത് മലയോര മേഖലയിലെ റബര്‍ കര്‍ഷകരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണുണ്ടായത്. റബറിന്റെ വിലയിടിവ് വര്‍ഷങ്ങളായി തുടരുന്നതിനാല്‍ പല കര്‍ഷകരും ടാപ്പിങ് നടത്താത്ത സാഹചര്യത്തില്‍ ജില്ലയിലെ ആറായിരത്തിലേറെ ടാപ്പിങ് തൊഴിലാളികള്‍ മറ്റ് തൊഴിലുകള്‍ തേടി വിവിധ മേഖലകളിലേക്ക് പോവുകയാണുണ്ടായത്.
ഈ അവസരം മുതലെടുത്ത് മലയോര മേഖലകളിലും ഗ്രാമീണ മേഖലകളിലും ചെറു സംഘങ്ങള്‍ റബര്‍ കര്‍ഷകരെ സമീപിച്ച് ചെറിയ തുക അഡ്വാന്‍സായി നല്‍കി മരങ്ങള്‍ പാട്ടവ്യവസ്ഥയില്‍ എടുത്തുവരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ അറിയാതെ പാല്‍ വേഗത്തില്‍ കൂടുതല്‍ അളവില്‍ ലഭിക്കുന്നതിനു വേണ്ട രാസ വസ്തു മരത്തില്‍ പ്രയോഗിക്കുന്നതായും വ്യാപക പരാതി ഉയരുന്നു. എന്നാല്‍ വിഷയം ഉടമ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഈ മരുന്ന് റബര്‍ ബോര്‍ഡ് അംഗീകരിച്ചതാണെന്നും മരത്തിന് ദോഷം സംഭവിക്കില്ല എന്നുമാണ് മരം പാട്ട വ്യവസ്ഥയില്‍ എടുത്തവരുടെ വാദം. എന്നാല്‍ മുറിച്ചു മാറ്റാനുളള പ്രായം കൂടിയ മരത്തില്‍ കടും വെട്ട് നടത്തുമ്പോള്‍ മാത്രമേ ഈ മരുന്ന് പ്രയോഗിക്കാന്‍ പാടുള്ളുയെന്നും വിവിധ അഭിപ്രായങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ ആശങ്കയിലാണ്. എന്നാല്‍ ഈ ആശങ്ക മാറ്റാന്‍ റബര്‍ ബോര്‍ഡ് ഇടപെടുന്നില്ലെന്നും കര്‍ഷകര്‍ക്കിടയില്‍ ആക്ഷേപമുയരുന്നു. വെള്ളറട , അമ്പൂരി , ചെമ്പൂര് , കള്ളിക്കാട് , ഒറ്റശേഖരമംഗലം , പെരുങ്കടവിള , പെരുമ്പഴുതൂര്‍ , മാരായമുട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ മാഫിയാകള്‍ ഇത്തരത്തില്‍ ഹെക്ടര്‍ കണക്കിന് റബര്‍ തോട്ടങ്ങള്‍ പാട്ട വ്യവസ്ഥയില്‍ കൈക്കലാക്കിയതായിട്ടാണ് സൂചനകള്‍ ലഭിക്കുന്നത്. ഇതും നിലവിലുള്ള ടാപ്പിങ് തൊഴിലാളികള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. ഉല്‍പ്പാദിപ്പിക്കുന്ന റബറിന്റെ ഗുണനിലവാരത്തിന്റെ പേരിലും കര്‍ഷകര്‍ വന്‍ തോതില്‍ ചൂഷണത്തിന് ഇരയാകുന്നു.നിലവില്‍ ആര്‍.എസ്.എസ്-5 ന് ലോക്കല്‍ വിപണികളില്‍ കഴിഞ്ഞദിവസം കിലോയ്ക്ക് 115 മുതല്‍ 118 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഗുണ നിലവാരം കുറവാണെന്ന് പറഞ്ഞ് 98 നും 105 നും ഇടയില്‍ വില നല്‍കിയ നിരവധി വ്യാപാരികളും താലൂക്കിലുള്ളതായി പറയുന്നു. ഇതിലൂടെ കര്‍ഷകന്‍ ശരിക്കും ചൂഷണത്തിന് വിധേയമാവുകയാണ് ചെയ്യുന്നത്. കാലം തെറ്റി പെയ്യുന്ന മഴ റബര്‍ കര്‍ഷകരെ ഇക്കുറി ഏറെ ചതിക്കുകയാണുണ്ടായത്. സീസന്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മലയോര മേഖലകളില്‍ വീണ്ടും മഴ പെയ്യുന്നത് റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ് ഉണ്ടായത്.
മഞ്ഞ് ലഭിക്കുന്ന സമയമാണെങ്കിലും ഇപ്പോള്‍ മഴയാണ് ഏറെ ലഭിക്കുന്നത്. ഇതുമൂലം റബറിന്റെ ഇല കൊഴിയുകയും ടാപ്പിങ്ങ് നിറുത്തിവയ്‌ക്കേണ്ടി വരികയുമാണ് പതിവ്.റബറിന്റെ താങ്ങുവില കിലോയ്ക്ക് 200 രൂപയാക്കുക , ടാപ്പിങ് തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക , ചെറുകിട കര്‍ഷകരെയും ടാപ്പിങ് തൊഴിലാളികളെയും ക്ഷേമനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തുക , രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന റബറിന്റെ 90 ശതമാനവും ഇവിടെ തന്നെ ഉപയോഗിക്കുന്നതായി ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് റബര്‍ കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നത്. കൂടാതെ ഇറക്കുമതി ചുങ്കം ആഭ്യന്തര വിലക്ക് ആനുപാതികമായി വര്‍ധിപ്പിക്കുന്നതും വിദേശങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ടയര്‍ നിരോധിക്കുന്നതിലൂടെയും റബര്‍ മേഖലയെയും കര്‍ഷകരെയും രക്ഷിക്കാന്‍ സഹായകമാകും എന്നാണ് വിദഗ്ധാഭിപ്രായം.റെയില്‍വേ , ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങി അനുബന്ധ സ്ഥാപനങ്ങള്‍ക്കാവശ്യമായ റബര്‍ അധിഷ്ടിത വസ്തുക്കള്‍ അതാത് സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്നത് റബര്‍ കര്‍ഷകര്‍ക്ക് സഹായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."