പട്ടയമേള തടയാന്‍ ശ്രമം മണിയാര്‍ ഭൂസംരക്ഷണ സമിതിക്കാരെ പൊലിസ് വഴിയില്‍ തടഞ്ഞു
പോത്തന്‍കോട്: പള്ളിത്തുറയില്‍ കഴിഞ്ഞ ദിവസം നടന്ന പട്ടയവിതരണ മേള തടയാനെത്തിയ ഇരുന്നൂറോളം പേരുള്ള സംഘത്തെ പൊലിസ് വഴിയില്‍ തടഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് പോത്തന്‍കോട് ജങ്ഷന് സമീപം വെഞ്ഞാറമൂട് റോഡില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
പത്തനംതിട്ട ജില്ലയിലെ മണിയാര്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മൂന്ന് ടൂറിസ്റ്റ് ബസുകളിലായി സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഇരുന്നൂറോളം പേരുള്ള സംഘമാണ് തിരുവനന്തപുരം നഗരത്തിലെത്തി പട്ടയമേള നടക്കുന്ന പള്ളിത്തുറയിലെ സ്ഥലം അന്വോശിച്ചത്.
സംഭവം മണത്തറിഞ്ഞ സിറ്റി പൊലിസ് സ്ഥലം കാട്ടികൊടുക്കാമെന്ന് അറിയിച്ച് പൊലിസ് സംഘത്തിന്റെ അകമ്പടിയോടെ ഇവരെ ജില്ലാ അതിര്‍ത്തി കടത്തി തിരിച്ചയക്കാനായി പോത്തന്‍കോട് എത്തിയപ്പോഴാണ് പൊലിസ് ഇവരെ വഴിതെറ്റിയ്ക്കുകയായിരുന്നുവെന്ന് മനസിലായത്. തുടര്‍ന്ന് ഇവര്‍ വാഹനങ്ങള്‍ നിര്‍ത്തി റോഡിലിറങ്ങി കൈയില്‍ കരുതിയിരുന്ന മെഗാ ഫോണിലൂടെ മുദ്രാവാക്യം വിളിച്ച് റോഡില്‍ കുത്തിയിരുന്ന് ഗതാഗതം തടസപ്പെടുത്തി.
വര്‍ഷങ്ങളായിട്ടുള്ള ഇവരുടെ പട്ടയ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നില്ല എന്നാരോപിച്ചാണ് ഇവര്‍ പട്ടയ വിതരണ മേള നടക്കുന്നിടത്ത് പ്രതിഷേധ സമരത്തിന് പോകാനായി എത്തിയത്. സംഭവമറിഞ്ഞു പോത്തന്‍കോട് സി.ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസെത്തി റോഡിന് ഒരുവശത്തുകൂടി ഗതാഗതം പുനസ്ഥാപിച്ച ശേഷം സമരക്കാരുമായി സംസാരിച്ചെങ്കിലും മടങ്ങിപ്പോകാന്‍ തയാറായില്ല.
രണ്ടു മണിക്കൂറോളം റോഡില്‍ കുത്തിയിരുന്ന് മെഗാ ഫോണിലൊലൂടെ പ്രസംഗങ്ങളും മുദ്രാവാക്യം വിളിയും നടത്തിയശേഷം രാത്രി ഏഴുമണിയോടെ അവര്‍ വന്ന ബസുകളില്‍ മടങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."