HOME
DETAILS
MAL
കരസേനാ മേധാവിയുടെ 'രാഷ്ട്രീയ' പ്രസ്താവന; വ്യാപക എതിര്‍പ്പ്
backup
December 28 2019 | 06:12 AM
ന്യൂഡല്‍ഹി: കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ 'രാഷ്ട്രീയ' പ്രസ്താവനയ്ക്കെതിരേ വിവിധ കോണുകളില്‍നിന്നു പ്രതിഷേധമുയരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയവയ്ക്കെതിരേ പ്രതിഷേധം നടത്തുന്നവരെയും അതിനു നേതൃത്വം നല്കുന്നവരെയും വിമര്‍ശിച്ച് കരസേനാ മേധാവി രംഗത്തെത്തിയിരുന്നത്.
റാവത്തിനോടു വിശദീകരണം തേടണമെന്ന് അധികൃതരോട് ആവശ്യപ്പെട്ട കോണ്‍ഗ്രസ്, പ്രസ്താവന നടത്തിയ ബിപിന്‍ റാവത്ത് മാപ്പുപറയണമെന്നും ആവശ്യമുന്നയിച്ചിരുന്നു. ഇത്തരത്തില്‍ രാഷ്ട്രീയ കാര്യങ്ങളില്‍ സൈന്യത്തിന് അഭിപ്രായപ്രകടനം നടത്താന്‍ അവസരം നല്കിയാല് അതു സൈനിക അട്ടിമറിയിലേക്കു രാജ്യത്തെ നയിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.
റാവത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നത്. മോദി സര്‍ക്കാരിനു കീഴില്‍ രാജ്യം എത്രമാത്രം അനിശ്ചിതത്വത്തിലാണെന്നു വ്യക്തമാക്കുന്നതാണ് റാവത്തിന്റെ പ്രസ്താവനയെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. രാജ്യത്തു വര്‍ഗീയ വിഭജനത്തിന് അണികളെ പറഞ്ഞുവിടുന്ന നേതാക്കളെക്കുറിച്ചുകൂടി അങ്ങയുടെ അഭിപ്രായം പറയൂവെന്നു പരിഹസിച്ചായിരുന്നു റാവത്തിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിന്റെ പ്രതികരണം.
മുന്‍ വ്യോമസേനാ മേധാവി അഡ്മിറല്‍ രാംദാസും ബിപിന്‍ റാവത്തിന്റെ പ്രസ്താവനയെ തള്ളി രംഗത്തെത്തി. രാജ്യത്തെയാണ് സേവിക്കേണ്ടതെന്നും രാഷ്ട്രീയക്കാരെ സേവിക്കലല്ല സൈന്യത്തിന്റെ ജോലിയെന്നും വ്യക്തമാക്കിയ അദ്ദേഹം, സൈന്യം രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തുന്നതു ശരിയല്ലെന്നും പറഞ്ഞു. ബിപിന്‍ റാവത്ത് ഉദ്ദേശിച്ചത് മോദിയുടെ നേതൃത്വത്തെയാകുമെന്നു പരിഹസിച്ചാണ് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് രംഗത്തെത്തിയിരുന്നത്.
അണികളെ ആയുധങ്ങളുമായി തെറ്റായ രീതിയിലേക്കു നയിക്കുന്നതല്ല നേതൃത്വമെന്നും ശരിയായ രീതിയിലേക്കാണ് നയിക്കേണ്ടതെന്നുമായിരുന്നു പ്രതിഷേധങ്ങളെ നേരിട്ടു പരാമര്‍ശിക്കാതെ കരസേനാ മേധാവി വ്യക്തമാക്കിയിരുന്നത്. തെരുവുകളില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."