ട്രെയിനില്‍ മലയാളി കുടുംബത്തെ കൊള്ളയടിച്ചു
മൂവാറ്റുപുഴ: ട്രെയിനില്‍ വച്ച് മലയാളി കുടുംബത്തെ കൊള്ളയടിച്ചു പണവും ആഭരണവും കവര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്നു മൂവാറ്റുപുഴക്ക് വരികയായിരുന്ന മലയാളി കുടുംബത്തെയാണ് കൊള്ളയടിച്ചത്. ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചു വരികയായിരുന്ന ഭാരതീയ ദലിത് സാഹിത്യ അക്കാദമി ഭാരവാഹികളും കവര്‍ച്ചക്കിരയായി. ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയിലെ മെഹ്റോണിയിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന ഈസ്റ്റ് മാറാടി മേമടത്തില്‍ മനു സെബാസ്റ്റ്യനും ഭാര്യ പ്രിയങ്കയും അമ്മയും കുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ 40000 രൂപയും രണ്ടു പവന്റെ സ്വര്‍ണാഭരണങ്ങളും വാച്ചും നാല് മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. മോഷണത്തില്‍ ഇരയായ കുടുംബത്തിന്റെ പരാതി സ്വീകരിക്കാന്‍ പോലും റെയില്‍വേ അധികൃതര്‍ തയാറായില്ലെന്നും കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ നഷ്ടമായതിനെ തുടര്‍ന്ന് വീട്ടിലെത്താന്‍ മനുവിനും കുടുംബത്തിനും മറ്റുള്ളവര്‍ക്കു മുന്നില്‍ കൈ നീട്ടേണ്ട ഗതികേടുമുണ്ടായി.
കഴിഞ്ഞ 11നാണ് നിസാമുദ്ദീന്‍ എറണാകുളം മില്ലേനിയം എക്സ്പ്രസില്‍ മനു സെബാസ്റ്റ്യനും കുടുംബവും ഉത്തര്‍പ്രദേശില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്. പുലര്‍ച്ചെ ഒന്നിന് നാഗപ്പൂരിലെത്തിയ ട്രെയിന്‍ ഇവിടെ നിന്ന് യാത്ര ആരംഭിച്ച് 10 മിനിറ്റിനകമായിരുന്നു മോഷണം. ട്രെയിനിലെ എസ് 8 കംപാര്‍ട്ട്മെന്റിലായിരുന്നു മനുവും കുടുംബവും. കാംപാര്ട്ട്മെന്റിന്റെ രണ്ടു ഭാഗങ്ങളിലായി മണിക്കൂറുകളോളം നിരീക്ഷണം നടത്തിയിരുന്ന രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് മോഷണം നടത്തിയത്. സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇവര്‍ മനുവിന്റെ ഭാര്യ പ്രിയങ്കയുടെ ബാഗ് തട്ടിയെടുത്ത് ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് കുടുംബാഗങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."