HOME
DETAILS
MAL
ഡു ഓര്‍ ഡൈ ബ്ലാസ്റ്റേഴ്‌സ്
backup
December 28 2019 | 06:12 AM
കൊച്ചി: മാനം കാക്കാന്‍ ജീവന്‍ മരണ പോരാട്ടത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടില്‍ വീണ്ടും ഇറങ്ങും. തുടര്‍ച്ചയായുള്ള സമനിലകളും തോല്‍വികളും പ്രതിരോധത്തിലാക്കിയ ടീമിന് ഇന്നത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ പോലും സാധിക്കില്ല.
സീസണില്‍ നിരന്തരമായി ദയനീയ പ്രകടനം കാഴ്ച്ചവച്ച ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ ഇറങ്ങുന്നത് വലിയ സമ്മര്‍ദവുമായാണ്. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്. ബാക്കി എട്ട് മത്സരങ്ങളില്‍ നാലു തോല്‍വിയും നാല് സമനിലയുമാണ് ടീം നേടിയത്. ഏഴു പോയിന്റമായി ഗ്രൂപ്പില്‍ ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. ഹൈദരാബാദ് എഫ്.സി മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് പുറകിലുള്ളത്. ഒന്‍പത് ഗോളുകള്‍ ടീം ഇതുവരെ നേടിയെങ്കില്‍ 13 ഗോളുകളാണ് വഴങ്ങിയത്. ആദ്യ മത്സരത്തില്‍ എ.ടി.കെക്കെതിരേ മാത്രം ജയിക്കാനായ ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരത്തില്‍ ചെന്നൈയിനോട് തോറ്റാണ് വീണ്ടും സ്വന്തം തട്ടകത്തിലേക്കെത്തുന്നത്. ഇന്ന് ജയിക്കാനായാല്‍ രണ്ടു പടി കൂടി മുന്നിലെത്താം. വര്‍ഷാവസാനം വിജയം നേടിയ ആത്മവിശ്വാസത്തോടെ ലീഗിന്റെ രണ്ടാം പകുതിയിലേക്കും കടക്കാം. തോറ്റാല്‍ അത് ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍ച്ചയിലേക്കുള്ള യാത്രയുമാകും. മുന്‍ ക്ലബ്ബിനെതിരായ മത്സരം കോച്ച് എല്‍ക്കോ ഷട്ടോരിക്കും നിര്‍ണായകമാകും.
ഐ.എസ്.എല്‍ ചരിത്രത്തില്‍തന്നെ ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ഇത്രമോശം ഫോമില്‍ തുടരുന്നത്. ഇതോടെ കടുത്ത നിരാശയിലാണ് മഞ്ഞപ്പടയുടെ ആരാധകര്‍. ശക്തമായ ആരാധക പിന്തുണ ലഭിച്ചിട്ടും സ്വന്തം തട്ടകത്തിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ദയനീയമാണ്. കൊച്ചിയില്‍ അവസാനം കളിച്ച 14 മത്സരങ്ങളില്‍ നിന്ന് ടീമിന് ആകെ നേടാനായത് 14 പോയിന്റുകള്‍ മാത്രം. എവേ ഗ്രൗണ്ടിലും ടീം വിയര്‍ക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.
ടീമിന് സ്ഥിരതയില്ലാത്തത് മത്സര ഫലത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പേരുകേട്ട പ്രതിരോധ നിരയടക്കം ഇളകുന്നു. ഒഡിഷക്കെതിരേ മാത്രമാണ് ടീമിന് ഗോള്‍ വഴങ്ങാതിരിക്കാനായത്. മിഡ്ഫീല്‍ഡില്‍ കാര്യമായ കളി സൃഷ്ടിക്കാന്‍ താരങ്ങള്‍ക്കാവുന്നില്ല. ടീം തിരിച്ചുവരുമെന്നാണ് കോച്ച് എല്‍കോ ഷറ്റോരി ഇപ്പോഴും വിശ്വസിക്കുന്നത്. ടീമിന്റെ കളി അല്‍പ്പം മെച്ചപ്പെട്ടെന്നും അവസാന നാലിലെത്താന്‍ കഴിയുമെന്നും കോച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത ആഴ്ചയോടെ ടീമിലെ എല്ലാ താരങ്ങളും പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുമെന്നും അദ്ദേഹം പറയുന്നു.
തങ്ങളേക്കാള്‍ രണ്ടു പോയിന്റ് അധികമുള്ള നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞ നാലു മത്സരങ്ങളില്‍ ജയിക്കാനായിട്ടില്ല എന്നതാണ് ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം പകരുന്ന ഒരു ഘടകം. സീസണില്‍ നോര്‍ത്ത് ഈസ്റ്റ് ആകെ ജയിച്ചത് ഒഡിഷയോടും ഹൈദരാബാദിനോടും മാത്രം. പോയിന്റ് ടേബിളില്‍ ഇപ്പോഴും സുരക്ഷിത സ്ഥാനത്തല്ലാത്തതിനാല്‍ വടക്ക് കിഴക്കന്‍ ടീമിനും ഇന്ന് ജയം അനിവാര്യമാണ്. സീസണില്‍ മികച്ച തുടക്കം നേടിയ ടീമിന് പിന്നീട് ഫോമിലേക്കുയരാനായില്ല.
പരുക്ക് മാറി തിരിച്ചെത്തിയ സ്റ്റാര്‍ സ്‌ട്രൈക്കര്‍ അസമോവ ഗ്യാന്‍ ഇന്ന് കളിക്കുമെന്നാണ് പരിശീലകന്‍ റോബര്‍ട്ട് യാര്‍നി നല്‍കുന്ന സൂചന. ഗ്യാന്‍ ഇറങ്ങിയാല്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് ജോലി കൂടും. അവസാന നിമിഷം ഗോള്‍ വഴങ്ങുന്ന പ്രവണതയും പ്രതിരോധത്തിലേ പാളിച്ചകളും ഇനിയും തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മുന്‍ മത്സരങ്ങളിലെ ഫലം തന്നെയാവും ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."