അപകട ഭീഷണി ഒഴിയാതെ പാണ്ടിക്കടവ് കാക്കഞ്ചേരി റോഡ്
മാനന്തവാടി: പ്രളയകാലത്ത് പുഴയോരം ഇടിഞ്ഞ പാണ്ടിക്കടവ് കാക്കഞ്ചേരി റോഡില്‍ അപകട ഭീഷണി തുടരുന്നു.
ഒരു ഭാഗത്ത് കൂടി മാത്രമാണ് നിലവില്‍ ഗതാഗതം. വലിയ വാഹനങ്ങള്‍ ഇതിലൂടെ പോയാല്‍ റോഡ് പുഴയിലേക്ക് ഇടിയാനും സാധ്യതയുണ്ട്. കഴിഞ്ഞ പ്രളയ കാലത്താണ് റോഡിന് ഇരുവശവും തകര്‍ന്നത്. റോഡിന്റെ ഒരു ഭാഗത്ത് നിന്നും മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് വീഴുകയും ഒരു ഭാഗത്ത് റോഡ് ഇടിഞ്ഞ് പുഴയിലേക്ക് താഴുകയുമായിരുന്നു. നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്നതും പാണ്ടിക്കടവില്‍ നിന്നും വാളാട് എളുപ്പ വഴിയും കുടിയാണിത്.
കുട്ടികള്‍ ഉള്‍പ്പെടെ അനവധി ആളുകളും നിത്യേന ഇതിലൂടെ കാല് നട യാത്ര ചെയ്യുന്നുമുണ്ട്. രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ ഇതിലൂടെ കടന്ന് പോകുന്നത് വന്‍ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. മണ്ണിടിച്ചിലില്‍ ഇവിടെ സ്ഥാപിച്ചിരുന്ന ജലനിധിയുടെ പൈപ്പുകളും തകര്‍ന്നിരുന്നു. ചെറിയ മഴ പെയ്താല്‍ പോലും റോഡിന്റെ ഇരുവശങ്ങളും ഇടിയാനുള്ള സാധ്യത ഏറെയാണ്. എസ്റ്റിമേറ്റ് തയാറാക്കിയ ശേഷം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതിനാല്‍ റോഡ് യാഥാര്‍ഥ്യമാകണമെങ്കില്‍ സംരക്ഷണ ഭിത്തി കൂടി നിര്‍മിക്കാനുള്ള തുക കണ്ടത്തേണ്ടി വരും. ഇക്കാര്യത്തില്‍ അടിയന്തരമായി നടപടി ഉണ്ടായി അപകടങ്ങള്‍ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."