പുല്ലുരാംപാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട് : ദുരന്ത ബാധിതര്‍ താല്‍ക്കാലിക ഷെല്‍ട്ടറില്‍ തന്നെ
തിരുവമ്പാടി: 2012 ഓഗസ്റ്റ് ആറിലെ മാനം കറുത്ത് ഇരുണ്ടു കൂടിയ ആ കറുത്ത പകലിനയും തിമിര്‍ത്തു പെയ്യുന്ന മഴയയേയും സാക്ഷിയാക്കി തിരുവമ്പാടിയെന്ന ഗ്രാമത്തെയാകെ നിശ്ചലമാക്കുകയും കണ്ണീര്‍ കയത്തിലേക്ക് തള്ളിവിടുകയും ചെയ്ത പുല്ലുരാംപാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്നേക്ക് അഞ്ച് വര്‍ഷം.ഓരോ വര്‍ഷവും പിന്നിടുമ്പോള്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നെങ്കില്‍ ഇന്ന് ഇവര്‍ക്കായി പ്രതിഷേധിക്കാന്‍ ആരുമില്ല.
തീരാദുരിതം പേറി ഇവര്‍ ഇന്നും താല്‍ക്കാലിക ഷെല്‍ട്ടറിന്റെ നാല് ചുമരുകള്‍ക്കിടയില്‍ എല്ലാം സഹിച്ച് കഴിയുകയാണ്. ഷെല്‍ട്ടറില്‍ കിടന്ന് മരിച്ചവരുമുണ്ട് ഇക്കൂട്ടത്തില്‍.
ചെറുശ്ശേരി മലയിലെയും കൊടക്കാട്ടുപ്പാറ മലയുടെയും വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍ പൊട്ടലില്‍ സംഹാര താണ്ഡവമാടി ഒഴുകിയെത്തിയ പ്രളയവും കൂറ്റന്‍ പാറക്കൂട്ടങ്ങളും തട്ടിയുടച്ചത് നിരവധി കുടുംബങ്ങളുടെ ജീവിത സ്വപ്നങ്ങളായിരുന്നു.
എട്ട് പേരുടെ ജീവനെടുത്ത ദുരന്തത്തിന്റെ ഓര്‍മകള്‍ വേദനയോടെയാണ് ഗ്രാമം ഇന്നും ഓര്‍ക്കുന്നത്.അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുരന്തഭൂമി സന്ദര്‍ശിക്കുകയും അവിടെ വച്ച് തന്നെ പുനരധിവാസ പക്കേജ് പ്രഖ്യാപിക്കുകയും ചെയ്തത് ദുരന്ത ബാധിതര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നിരുന്നു.
കുടുംബത്തിലെ അഞ്ച് പേരും നഷ്ടപ്പെട്ട തുണ്ടത്തില്‍ ബിജുവിന് സര്‍ക്കാര്‍ ജോലി നല്‍കിയതുള്‍പ്പെടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ നീണ്ട പട്ടികയില്‍ മിക്കതും ദുരന്തബാധിതരിലേക്ക് എത്തിയെങ്കിലും ഇപ്പോഴും അടിസ്ഥാന പ്രശ്‌നമായ വീട് ലഭിക്കാത്തത് ദുരന്തബാധിതരെ തീരാദുരിതത്തിലാക്കിയിരിക്കുകയാണ്.
താല്‍ക്കാലിക ഷെല്‍ട്ടറിലും പരിസര പ്രദേശങ്ങളിലെ വാടക വീടുകളിലും അന്തിയുറങ്ങുന്ന ദുരന്തബാധിതര്‍ ഇന്നും പ്രയാസങ്ങളുടെ കയത്തിലാണ്. പൂര്‍ണമായി വീടു തകര്‍ന്ന 24 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം സര്‍ക്കാര്‍ നേരത്തെ ധനസഹായം നല്‍കിയിരുന്നു. എന്നാല്‍ ഭാഗികമായി വീടു തകര്‍ന്ന നിരവധി കുടുംബങ്ങള്‍ ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍ നിന്നും മോചിതരകാത്തതിനാല്‍ ദുരന്ത ഭൂമിയിലെ വീടുകളിലേക്ക് തിരിച്ച് പോയിട്ടുമില്ല.
വീട് പൂര്‍ണമായി തകര്‍ന്ന കുടുംബങ്ങള്‍ക്ക് വീട് വക്കുന്നതിനായി അരിപാറയില്‍ 85 സെന്റ് സ്ഥലം സര്‍ക്കാര്‍ വിലക്ക് വാങ്ങുകയും 13 കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കുകയും ചെയ്തുവെങ്കിലും ഈ സ്ഥലം പാറകള്‍ നിറഞ്ഞതും വെള്ളം ലഭിക്കാത്തതുമായതിനാല്‍ പലരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. അഞ്ചോളം കുടുംബങ്ങള്‍ ഇവിടെ വീടിന്റെ പണി തുടങ്ങിവച്ചിട്ടുണ്ട്.
നിര്‍മാണം പൂര്‍ത്തീകരിക്കണമെങ്കില്‍ ഫണ്ട് ലഭ്യമാകണം. പുതുച്ചിറപറമ്പില്‍ രാജപ്പന്‍ എന്ന എസ്.സി. കുടുംബത്തിന് സ്ഥലം ലഭിച്ചെങ്കിലും വീടിനുള്ള ആനുകൂല്യം ലഭിക്കാത്തതിനാല്‍ പ്രയാസപെടുകയാണ്.ഈ കുടുംബം സ്വന്തം ചെലവില്‍ വീടിന്റെ തറ നിര്‍മിച്ചിട്ടുണ്ട്.ഇവര്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കി വീടിനായി കാത്തിരിക്കുകയാണിപ്പോള്‍.
എന്നാല്‍ പഞ്ചായത്തിലെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ ഗ്രാമ പഞ്ചായത്തിന് വീട് നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന സങ്കേതിക തടസം ഇവരുടെ വീടെന്ന സ്വപ്നത്തിന് വിഘാതമായി. ദുരന്തത്തിന് ഇന്ന് അഞ്ച് വര്‍ഷം തികയുമ്പോഴും ദുരന്തത്തിന്റെ ഇരകള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ ഗ്രാമപഞ്ചായത്തിനായിട്ടില്ല.
കഴിഞ്ഞ ഭരണ സമിതി ഉരുള്‍ പൊട്ടലിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലെ 19 ലക്ഷം ഇവരുടെ വീട് നിര്‍മാണത്തിന് ഉപയോഗിക്കാനും ബാക്കി തുക കാരശ്ശേരി സര്‍വിസ് ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാനുമുള്ള അനുമതി സര്‍ക്കാറില്‍ നിന്നും കരസ്ഥമാക്കിയിരുന്നു. ഇതിന്റെ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ഇടത് ഭരണസമിതി നാളിതുവരെയായിട്ടും തയാറാവാത്തതാണ് ഇപ്പോഴും പ്രശ്‌നത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നത്.
ദുരന്ത ഭൂമി സന്ദര്‍ശിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവരില്‍ നിന്നും സി.പി.എം പിരിച്ച ലക്ഷങ്ങള്‍ എന്തു ചെയ്തു എന്നതിനെ കുറിച്ച് പാര്‍ടി ഒളിച്ചു കളിക്കുന്നതും വിവാദമായിരിക്കുകയാണ്. ഒരു ഭാഗത്ത് വിവാദങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പാവം ദുരന്ത ബാധിതര്‍ എവിടേക്ക് പോകണമെന്നറിയാതെ പ്രയാസത്തിലാണ്.
താല്‍ക്കാലിക ഷെല്‍ട്ടര്‍ വട്ടപ്പാറ മാത്തച്ചന്‍ എന്നവരുടെ സ്ഥലത്താണ് സ്ഥാപിച്ചത്. അന്ന് നാല്‍പത് ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഷെല്‍ട്ടറിലെ ജീവിതം ഇവര്‍ക്ക് ദുരിത പൂര്‍ണമാണ്. ഇവിടം വൃത്തിഹീനമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും ഏറുകയാണ്. ഇതിനിടെ താല്‍ക്കാലിക ഷെല്‍ട്ടര്‍ തന്റെ സ്ഥലത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് സ്ഥലമുടമ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. ആറ് മാസം കൊണ്ട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന ഉറപ്പിലാണ് ഉടമ സ്ഥലം നല്‍കിയിരുന്നത്.
വാടക വീടുകളില്‍ അഭയം തേടിയവരുടെയും സ്ഥിതി പരമ ദയനീയമാണ്. രോഗികളും പ്രായം ചെന്നവരുമായ ഈ കുടുംബങ്ങള്‍ക്ക് വാടക പോലും കൊടുക്കാന്‍ മാര്‍ഗ്ഗമില്ലാതെ നട്ടം തിരിയുകയാണ്. ഉദാരമതികളായ സുമനസുകളുടെ സഹായം മാത്രമാണ് ഈ കുടുംബങ്ങളുടെ ഏക പ്രതീക്ഷ. ഇനിയും ഭവന നിര്‍മാണം നീട്ടിക്കൊണ്ടുപോയാല്‍ താല്‍ക്കാലിക ഷെല്‍ട്ടറില്‍ നിന്ന് ഉടമ ഇറക്കി വിടുമെന്ന ഭീതിയും ദുരന്ത ബാധിതര്‍ക്കുണ്ട്. അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് ഇവരുടെ ദുരിതത്തിന് അറുതിയാകാത്തതിനു കാരണമെന്നാണ് നാട്ടുക്കാരുടെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."