വൈജ്ഞാനിക പ്രഭയില്‍ തിളങ്ങി കെ.ടി മാനു മുസ്ലിയാര്‍ നഗര്‍
മുഹമ്മദലി പേലേപ്പുറം
കൊല്ലം(കെ.ടി മാനു മുസ്ലിയാര്‍ നഗര്‍): വൈജ്ഞാനിക പ്രഭയില്‍ തിളങ്ങി കെ.ടി മാനു മുസ്ലിയാര്‍ നഗര്‍. ആറു പതിറ്റാണ്ടിന്റെ വളര്‍ച്ചയും കരുത്തും വിളിച്ചോതുന്ന സമ്മേളനം മതാധ്യാപക കൂട്ടായ്മയുടെ പുതുചരിത്രം രചിക്കുകയാണ്. സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ ആരംഭിച്ച പഠന ക്യാംപില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയത 3250 പ്രതിനിധികള്‍ക്ക് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലേറെ പേരാണ് എത്തിയത്. ഇന്നു രാവിലെയോടെ സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ മുഖേനെ 1250 പേര്‍ കൂടി ക്യാംപില്‍ അംഗങ്ങളായി. വൈവിധ്യമാര്‍ന്ന പഠന സെഷനുകളാണ് മൂന്ന് ദിനങ്ങളിലായി ക്യാംപില്‍ നടക്കുന്നത്.
രണ്ടു വേദികളിലായി നാല്‍പത് പഠന പ്രബന്ധങ്ങളാണ് അവതരിപ്പിക്കുന്നത്. ജ്ഞാന പ്രസരണം: മദീനയുടെ മാതൃക മലയാളത്തിലേക്ക്, ഉന്നത മതപഠനം മാതൃകയിലെ മഹിത നേട്ടങ്ങള്‍, മദ്‌റസാ സമ്പ്രദായം പ്രയോഗ വല്‍ക്കരണത്തിലെ മഹാത്ഭുതം, സമന്വിത മുന്നേറ്റം: വിദ്യാഭ്യാസ വളര്‍ച്ചയുടെ സാമയിക സംരംഭം, വ്യക്തിത്വം വ്യതിരിക്തമാക്കിയ സമുദായം, വൈജ്ഞാനിക വളര്‍ച്ച വിശ്വോത്തരത്തിലേക്ക്, പടയോട്ടങ്ങളുടെ സമ്പന്ന പൈതൃകം, സര്‍ഗതീരത്തും സ്വന്തം നിലക്ക്, പഥം നിറയെ പാഥേയം, പഥികരുടെ പ്രഭ, തുടങ്ങി ഗഹനമായ വിഷയങ്ങളാണ് ഇന്ന് സമ്മേളന സെഷനുകളില്‍ ചര്‍ച്ച ചെയ്തത്. അറുപതാണ്ടിന്റെ പാരമ്പര്യവുമായി കുതിപ്പു തുടരുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും നേര്‍ന്ന് നിരവധി പേരാണ് സമ്മേളന നഗരിയിലേക്കൊഴുകുന്നത്
ശാസ്ത്രീയ സംഘാടനം; വേറിട്ട അനുഭവമായി ക്യാംപുകള്‍
സമ്മേളന ക്യാംപുകളുടെ നടപ്പുരീതികളില്‍ നിന്നും വിഭിന്നമായി ശാസ്ത്രീയ സംഘാടനം കൊണ്ട് വേറിട്ടു നില്‍ക്കുകയാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിലെ ക്യാംപുകള്‍. രജിസ്റ്റര്‍ ചെയ്ത് ക്യാംപ്ഹാളില്‍ പ്രവേശിക്കുന്ന പ്രതിനിധികള്‍ക്ക് പരിപാടി ശ്രവിക്കാനുള്ള മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രണ്ടു വേദികളിലായി പ്രസക്തമായ വിവിധ വിഷയങ്ങളാണ് ക്യാംപില്‍ ചര്‍ച്ച ചെയ്യുന്നത്. ക്യാംപില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനനുസരിച്ച് ഇഷ്ടമുള്ള വേദിയില്‍ പ്രവേശിക്കാന്‍ ഓരോ പ്രതിനിധിക്കും അവസരുമുണ്ട്. ഓരോ നൂറ് പ്രതിനിധികള്‍ക്കും ഓരോ മെന്റര്‍മാരെയും നിശ്ചയിച്ചിട്ടുണ്ട്.
ഇവരുടെയും ക്യാംപ് അമീറിന്റെയും നിര്‍ദേശമനുസരിച്ചാണ് പ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച ഹാളിലേക്ക് പ്രത്യേകം നിശ്ചയിച്ച ബാര്‍കോഡ് ഉപയോഗിച്ചു മാത്രമേ പ്രതിനിധികള്‍ക്ക് പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കൂ. കൃത്യസമയം പാലിച്ചാണ് ക്യാംപ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. ഓരോ വിഷയം അവതരിപ്പിക്കാനും കൃത്യമായ സമയം നിശ്ചയിച്ചിട്ടുണ്ട്. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പരിപാടി വീക്ഷിക്കുന്നതിനായി ബിഗ് സ്‌ക്രീനടക്കമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രതിനിധികള്‍ക്ക് ഭക്ഷണം കഴിക്കാനും നിസ്‌കരിക്കാനും വിശ്രമിക്കാനും വിപുലമായ സൗകര്യങ്ങളാണ് സമ്മേളന നഗരിയില്‍ ഒരുക്കിയിട്ടുള്ളത്. അമീര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടകിന്റെയും കോര്‍ഡിനേറ്റര്‍ ഹംസ റഹ്മാനി കൊണ്ടിപ്പറമ്പിന്റെയും നേതൃത്വത്തിലാണ് ക്യാംപ് നടക്കുന്നത്. കെ.ടി ഹുസൈന്‍കുട്ടി മൗലവിയാണ് അസി.അമീര്‍. അബ്ദുല്‍ ഖാദിര്‍ ഖാസിമി, സി.മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, അബ്ദുസമദ് മൗലവി മുട്ടം എന്നിവരാണ് സ്റ്റേജ് മാനേജര്‍മാര്‍. പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍, പി.ഹസൈനാര്‍ ഫൈസി ഫറോക്ക് എന്നിവര്‍ പ്രോഗ്രാം മാനേജര്‍മാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."