ലൈബ്രറികള്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കണം: വൈസ് ചാന്‍സലര്‍
തേഞ്ഞിപ്പലം: മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ലൈബ്രറികളുടെ വലുപ്പവും സൗകര്യങ്ങളും കൂടിയെങ്കിലും പുസ്തകങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലാ യു.ജി.സി-ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ നടത്തിയ 21 ദിവസത്തെ റിഫ്രഷര്‍ കോഴ്‌സിന്റെ സമാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഗൗരവമാര്‍ന്ന വായന നിര്‍വഹിക്കുന്നില്ല. തികച്ചും താല്‍ക്കാലികമായ വിവര ശേഖരണമാണ് നടത്തുന്നത്. അത് മാറണമെങ്കില്‍ ലൈബ്രേറിയന്മാര്‍ തങ്ങളുടെ നൈപുണി അടിക്കടി നവീകരിച്ച് സദാസേവന സജ്ജരാവേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. റിഫ്രഷര്‍ പ്രോഗ്രാമില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അമ്പതോളം ലൈബ്രേറിയന്‍മാര്‍ പങ്കെടുത്തു.
പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വൈസ് ചാന്‍സലര്‍ വിതരണം ചെയ്തു. എച്ച്.ആര്‍.ഡി.സി ഡയറക്ടര്‍ ഡോ.എം.എ.ജോസഫ്, സര്‍വകലാശാലാ ലൈബ്രറി പഠനവകുപ്പ് മേധാവി ഡോ.കെ.കെ.മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."