അപകടക്കെണിയൊരുക്കി തകര്‍ന്ന റോഡ്
പള്ളിക്കല്‍: അരികുതകര്‍ന്ന റോഡ് അപകട ഭീഷണി ഉയര്‍ത്തുന്നു. പള്ളിക്കല്‍ ബസാറില്‍നിന്ന് പരുത്തിക്കോട് റോഡിലേക്കുള്ള കുത്തനെയുള്ള കയറ്റത്തിലെ വളവിലാണ് മാസങ്ങളോളമായുള്ള ഈ ദുരവസ്ഥ.
വീതി കുറഞ്ഞ റോഡില്‍ ഒരു മീറ്ററോളം റോഡിന്റെ അരിക് തകര്‍ന്നതോടെ ചെറിയ വാഹനങ്ങള്‍ക്ക് പോലും ഒരേ സമയം ഇരു ഭാഗത്തേക്കും കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു. ടൗണില്‍നിന്ന് പരുത്തിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളവില്‍ കയറ്റം കയറുമ്പോള്‍ എതിരേ വരുന്ന ബൈക്കുകളാണ് പലപ്പോഴും അരികിടിഞ്ഞ റോഡിലെ കുഴികളില്‍ ചാടി അപകടത്തില്‍ പെടുന്നത്.
ഇവിടെ റോഡരികില്‍ നടപ്പാതയില്ലാത്തതും അതിലേറെ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. പ്രദേശത്തെ മദ്‌റസകള്‍, സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും പള്ളിക്കല്‍ ബസാര്‍ ടൗണിലേക്കുള്ള നിരവധി കാല്‍നട യാത്രക്കാരും നടപ്പാതയില്ലാത്തതിനാല്‍ വീതി കുറഞ്ഞ റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടി വരുന്നത്. നിലവില്‍ റോഡ് വീതിയില്ലാത്തതിനാല്‍ റോഡ് വീതി കൂട്ടാനാവശ്യമായ സ്ഥലം ഏറ്റെടുത്താല്‍ മാത്രമേ ഇവിടെ നടപ്പാത നിര്‍മിക്കാനാകൂ.
പള്ളിക്കല്‍ ബസാര്‍-പരുത്തിക്കോട്ടേക്കുള്ള രണ്ട് കിലോമീറ്ററിലധികം ദൂരം വരുന്ന റോഡില്‍ ചിലയിടങ്ങളില്‍ അറ്റകുറ്റ പ്രവൃത്തികള്‍ നടത്തിയതൊഴിച്ചാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ റോഡില്‍ പൂര്‍ണ ടാറിങ് പ്രവൃത്തി നടത്തിയത്. എന്നാല്‍ പ്രസ്തുത റോഡ് പ്രവൃത്തിക്കായി ജില്ലാ പഞ്ചായത്തില്‍ നിന്നും 15 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും പ്രവൃത്തി നടത്താന്‍ ആവശ്യമായ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുല്‍ ഖാദര്‍ പറഞ്ഞു. റോഡ് പ്രവൃത്തി നടത്തുന്നതോടൊപ്പം റോഡിലെ കൈയേറ്റങ്ങള്‍ പരിശോധിച്ച് ആവശ്യമായ സ്ഥലങ്ങളില്‍ നടപ്പാതയും നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."