'വി ദ് പീപ്പിള്‍ ഓഫ് ഇന്ത്യ'
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ഈ കുറിപ്പിന് തലക്കെട്ടായി നല്‍കിയ വാക്കുകളോടെയാണ്. 'ഇന്ത്യക്കാരായ ഞങ്ങള്‍.....' എന്ന് അതിനെ പരിഭാഷപ്പെടുത്താം.
മലയാളത്തിലുള്ള ലേഖനത്തിന് മലയാളം തലക്കെട്ടാണ് പൊതുവേ സ്വീകാര്യമാവുക. ഭംഗിയും അതാണ്. എന്നിട്ടും അതിനു തുനിയാതെ 'വി ദ് പീപ്പിള്‍ ഓഫ് ഇന്ത്യ' എന്ന ഇംഗ്ലീഷ് പ്രയോഗം തലക്കെട്ടു സ്വീകരിച്ചത് ഇന്ത്യന്‍ ഭരണഘടനയുടെ മനോഹാരിതയും അര്‍ഥവ്യാപ്തിയും വ്യക്തമാക്കാനാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് പൂര്‍ണമായി കാച്ചിക്കുറുക്കിയെടുത്തതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമെന്നാണു പറയുക. ഭരണഘടനയ്ക്ക് ആമുഖമെഴുതിയ രാഷ്ട്രശില്‍പ്പിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാവ്യാത്മകഭാഷയുടെ വശ്യത മുഴുവന്‍ ആ ലഘുവായ ആമുഖത്തിലുണ്ട്. അതിലെ ആദ്യവാക്കാകട്ടെ ഭരണഘടനയെ നൂറ്റൊന്നു തവണ കുറുക്കിയെടുത്തതാണ്.
'വി' എന്ന ഇംഗ്ലീഷ് വാക്കിന് 'ഞങ്ങള്‍' എന്നും 'നമ്മള്‍' എന്നും അര്‍ഥമുണ്ട്. ആ രണ്ട് അര്‍ഥവും തുല്യശക്തിയോടെ ഇവിടെ ദ്യോതിപ്പിക്കപ്പെടുന്നുണ്ട്. 'ഞങ്ങള്‍' എന്ന അര്‍ഥത്തില്‍ അതു പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യാ മഹാരാജ്യത്തെ മുഴുവന്‍ ജനതയെയുമാണ്. സമസ്തലോകത്തിനും നേരേ തലയുയര്‍ത്തി നെഞ്ചുവിരിച്ചു ആത്മവിശ്വാസത്തോടെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും പ്രഖ്യാപിക്കുകയാണ്, 'ഞങ്ങളിതാ മറ്റാര്‍ക്കും അടിയറവു വയ്ക്കാത്ത പരമാധികാര രാഷ്ട്രത്തിനു രൂപം നല്‍കിയിരിക്കുന്നു'വെന്ന്.
'നമ്മള്‍' എന്ന അര്‍ഥത്തില്‍ അതേ ഇന്ത്യന്‍ ജനത സ്വയം ബോധ്യപ്പെടുത്തുന്നു, 'ഇന്ത്യയെന്ന പരമാധികാര രാഷ്ട്രം ജാതിമതലിംഗഭേദമില്ലാതെ ഈ രാജ്യത്തു ജനിച്ചുവീണ ഓരോ പൗരന്റേതുമാണ്.' നാനാത്വത്തില്‍ ഏകത്വമെന്ന മഹനീയമായ പ്രതിജ്ഞയെടുക്കുകയാണ് ആമുഖത്തിലെ ആദ്യവാക്കുകളിലൂടെ ഇന്ത്യന്‍ ജനത.
(ഇന്നു ചിലര്‍ മാറ്റിയെഴുതാന്‍ വ്യാമോഹിക്കുന്ന പോലെ 'ഇന്ത്യയിലെ ഹിന്ദുക്കളായ ഞങ്ങള്‍' എന്നോ 'ഇന്ത്യയിലെ അമുസ്‌ലിംകളായ ഞങ്ങള്‍ 'എന്നോ ഉള്ള മുഖവുരയോടെയല്ല ഭരണഘടന ആരംഭിച്ചത്. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന വിചിത്രവാദമുയര്‍ത്തി ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നു സ്ഥാപിക്കാനുള്ള തത്രപ്പാടിലാണല്ലോ ഇവിടെ ചിലര്‍! അവര്‍ ആഗ്രഹിക്കുന്ന തരത്തിലുമല്ല ഭരണഘടനയുടെ ആമുഖം.)
ഇന്ത്യക്കു സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടിഷ് ഭരണകൂടം തീരുമാനിച്ചപ്പോള്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെപ്പോലുള്ള മുന്‍ ബ്രിട്ടിഷ് ഭരണാധികാരിയുള്‍പ്പെടെ പുച്ഛിച്ചതാണ് ആ തീരുമാനത്തെ. 'ഒട്ടേറെ മതങ്ങളും എണ്ണിയാല്‍ തീരാത്തത്ര ജാതികളും പരസ്പരബന്ധമില്ലാത്ത നിരവധി ഭാഷകളും വിചിത്രങ്ങളായ ആചാരങ്ങളും നിരവധി സംസ്‌കാരങ്ങളുമുള്ള അപരിഷ്‌കൃതരുടെ നാടിന് ഒരു കാലത്തും സ്വയംഭരണം സാധ്യമാകില്ലെന്നും ബ്രിട്ടിഷുകാര്‍ കൈയൊഴിയുന്നതോടെ ഇന്ത്യ അപ്പൂപ്പന്‍ താടിപോലെ ചിന്നിച്ചിതറു'മെന്നുമായിരുന്നു അവരുടെ വാദം.
ഒന്നിനും കൊള്ളാത്തവരെന്നു തങ്ങളെ പരിഹസിച്ച വെള്ളക്കാരന്റെ മുഖത്തുനോക്കിയാണ് 'ഞങ്ങള്‍ ഇന്ത്യക്കാര്‍' എന്നു നമ്മുടെ ഭരണഘടന ഉറക്കെ പ്രഖ്യാപിക്കുന്നത്. ആ വാക്കിന്റെ ഊക്കുകൊണ്ടാണ് ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും കശ്മിര്‍ മുതല്‍ കന്യാകുമാരി വരെ ജാതി, മത, ഭാഷാ, വേഷ, സംസ്‌കാരങ്ങളില്‍ നാനാത്വം നിറഞ്ഞുനില്‍ക്കുന്ന ഈ നാട് ഒരു ദേശീയതയായി കെട്ടുറപ്പോടെ നില്‍ക്കുന്നത്. അരുണാചല്‍ പ്രദേശുകാരന്റെയും മണിപ്പൂരുകാരന്റെയും അസമിയുടെയും കശ്മിരുകാരന്റെയും മനസ്സില്‍ വിഘടനബോധം ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ എന്നേ സോവിയറ്റ് യൂണിയനെപ്പോലെ പൊട്ടിച്ചിതറുമായിരുന്നു.
ഈ ഐക്യബോധം ഭരണകൂടത്തിന്റെ കണ്ണുരുട്ടല്‍ പേടിച്ച് ഉണ്ടായതല്ല. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമുണ്ടായപ്പോള്‍ തമിഴ്‌നാട്ടില്‍ ദ്രാവിഡവിഘടനവാദം ഉയര്‍ന്നിരുന്നു. ബാല്‍താക്കറെ ശിവസേനയ്ക്കു രൂപം നല്‍കിയതു മണ്ണിന്റെമക്കള്‍ വാദമുയര്‍ത്തിയായിരുന്നു. പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദക്കാര്‍ ചോരപ്പുഴയൊഴുക്കിയതു മറക്കാറായിട്ടില്ല. എന്നിട്ടും വിഘടനവാദത്തിന്റെ ചതിക്കുഴിയില്‍ വീഴാതെ അതിന്റെ മുനയൊടിക്കാന്‍ അതേ നാടുകളിലെ മഹാഭൂരിപക്ഷം ജനങ്ങളും അണിനിരന്നു.
സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യനാളുകളില്‍ പാകിസ്താന്‍വാദവുമായി മുഹമ്മദലി ജിന്നയും അനുയായികളും സംഘടിച്ചപ്പോള്‍ വിരുദ്ധപക്ഷത്തു നിലയുറപ്പിക്കാന്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളുമുണ്ടായിരുന്നു. അങ്ങനെയൊരു രാജ്യം യാഥാര്‍ഥ്യമായപ്പോള്‍ അവര്‍ അതിനു പിറകെ പോയതുമില്ല. കാരണം, അവര്‍ക്കറിയാമായിരുന്നു ഈ രാജ്യം നാനാത്വത്തില്‍ ഏകത്വമെന്ന മഹനീയമായ നിലപാടില്‍ നിന്നു പിന്മാറില്ലെന്ന്, അതിനെതിരായ ഏതു ഭീഷണിയും ഈ നാട്ടിലെ ജനങ്ങള്‍ ജാതിമതഭേദമില്ലാതെ ഒറ്റക്കെട്ടായി പോരാടി തോല്‍പ്പിക്കുമെന്ന്. ഭരണഘടന പ്രഖ്യാപിക്കുന്ന 'ഞങ്ങള്‍ ഇന്ത്യക്കാര്‍' എന്ന വാക്കിന് അത്രയേറെ മാന്ത്രികശക്തിയുണ്ട്.
ഏതു തരത്തിലുള്ള രാജ്യത്തെയാണ് നമ്മള്‍ ഒറ്റ മനസ്സോടെ നിര്‍മിച്ചിരിക്കുന്നത്. ഭരണഘടനയുടെ ആമുഖത്തില്‍ത്തന്നെ അതു വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യ പരമാധികാര രാജ്യമായിരിക്കും.
പരമാധികാരം ആര്‍ക്ക്?
അതിനും അവിടെത്തന്നെ ഉത്തരമുണ്ട്.
ഇന്ത്യ റിപ്പബ്ലിക് ആയിരിക്കും. എന്നുവച്ചാല്‍ ജനങ്ങള്‍ക്ക് പരമാധികാരമുള്ള രാജ്യം. ജാതി, മത, ലിംഗ, ഭാഷാ ഭേദമില്ലാതെ ഈ രാജ്യത്തെ മുഴുവന്‍ പൗരന്മാരിലും ആ പരമാധികാരം തുല്യമായി നിലനില്‍ക്കും. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ തുല്യനീതി, സ്വന്തം വിശ്വാസത്തിലും നിലപാടിലും ആരാധനാരീതിയിലും ഉറച്ചുനില്‍ക്കാനും അവ ആചരിക്കാനുമുള്ള സ്വാതന്ത്ര്യം, അവസരസമത്വം, സാഹോദര്യം ഇതൊക്കെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യനെന്നോ സിക്കുകാരനെന്നോ ബുദ്ധമതക്കാരനെന്നോ ജൈനനെന്നോ ഭേദമില്ലാതെ ഉറപ്പുവരുത്തുമെന്നു സംശയലേശമെന്യേ പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം അവസാനിക്കുന്നത്.
മതേതരത്വത്തിന്റെയും സാമൂഹ്യതുല്യതയുടെയും കാര്യം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അതിനു ശക്തിപോരെന്നു കണ്ടാണ് 1976 ഡിസംബര്‍ 18 ന് ഭരണഘടനയുടെ ആമുഖത്തില്‍ത്തന്നെ മതേതരത്വത്തിനും സാമൂഹ്യതുല്യതയ്ക്കും (സോഷ്യലിസം) സ്ഥാനം നല്‍കിയത്.
ഇന്നിപ്പോള്‍, പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷം ദേശീയപൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കുമ്പോള്‍ സംഭവിക്കുമെന്നു ജനം ആശങ്കപ്പെടുന്നത് നാനാത്വത്തില്‍ ഏകത്വമെന്ന ആ മഹനീയ മാതൃകയാണ്.
ഈ ആശങ്ക അസ്ഥാനത്താണെന്നു സ്ഥാപിക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും അവരുടെ അനുയായികളും. ഇന്ത്യയിലെ ഒരു പൗരനും പൗരത്വം നഷ്ടപ്പെടില്ലെന്നും വിദേശികള്‍ക്കു പൗരത്വം നല്‍കുന്ന (നിഷേധിക്കുന്നതല്ല) നിയമത്തെ എന്തിനാണ് ഇവിടെയുള്ളവര്‍ ഭയക്കുന്നതെന്നുമാണ് അവര്‍ ചോദിക്കുന്നത്.
അവര്‍ക്കു മുന്നില്‍ ഉത്തരമായി ഉദാഹരണത്തിന് ഒരാളുടെ ജീവിത(ദുരന്ത)കഥ മാത്രം വയ്ക്കട്ടെ.
കാര്‍ഗിലുള്‍പ്പെടെയുള്ള യുദ്ധമുഖങ്ങളില്‍ ഇന്ത്യയുടെ അഭിമാനം കാക്കാന്‍ പോരാടിയ യോദ്ധാവായിരുന്നു അസം സ്വദേശിയായ മുഹമ്മദ് സനാവുള്ള. ധീരസേവനത്തിന് രാഷ്ട്രപതിയില്‍ നിന്നു ബഹുമതി പത്രം നേടിയ സൈനികന്‍. ഓണററി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു വിരമിച്ച ശേഷം അസം പൊലിസിലായിരുന്നു.
എന്നാല്‍, 'വി ദ് പീപ്പിള്‍ ഓഫ് ഇന്ത്യ' എന്ന ഭരണഘടനയുടെ അഭിമാനവാചകത്തില്‍ നിന്നു പുറത്താണിപ്പോള്‍, ഇന്നലെവരെ ഇന്ത്യന്‍ പൗരനായിരുന്ന മുഹമ്മദ് സനാവുള്ള. അസമിലെ പൗരത്വം നിഷേധിക്കപ്പെട്ടവര്‍ക്കായുള്ള താല്‍ക്കാലിക തടവറയില്‍ കഴിയുകയാണദ്ദേഹം, കുടുംബത്തെപ്പോലും കാണാന്‍ അനുവാദമില്ലാതെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."