പൗരത്വസമരവും സൈനിക മേധാവിയുടെ ഇടപെടലും
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ നല്ല നേതാക്കളല്ലെന്ന വിവാദ പ്രസ്താവനയുമായി കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്ത് വന്നിരിക്കുകയാണ്. വലിയ ആള്‍ക്കൂട്ടത്തെ അക്രമാസക്തമാക്കാന്‍ പ്രേരിപ്പിക്കാന്‍ കലാപം അഴിച്ചുവിടുന്നത് നല്ല നേതൃത്വത്തിന്റെ ലക്ഷണമല്ലെന്നും റാവത്ത് പറഞ്ഞു. നിഷ്പക്ഷത പുലര്‍ത്തേണ്ട പദവിയിലിരുന്ന് ബിപിന്‍ റാവത്ത് രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നിട്ടുണ്ട്. ഇടതുപക്ഷപാര്‍ട്ടികളും കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളുമെല്ലാം റാവത്തിന്റെ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ്. പൗരത്വനിയമത്തിനെതിരേ പ്രതികരിക്കുന്നവര്‍ അക്രമികളാണെന്ന ഈ സൈനികോദ്യോഗസ്ഥന്റെ പ്രസ്താവന ഭരണാധികാരികളെ പ്രീണിപ്പിക്കുന്നതിന് തന്നെയാണ്.
നമ്മുടെ രാജ്യത്ത് നിലവിലുള്ള മൂന്ന് സൈനിക മേധാവികളുടെ മുകളില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി പുതുതായി ഒരു സൈനിക മേധാവിയെ നിയമിക്കാനുള്ള നേരത്തേ കൈകൊണ്ട തീരുമാനത്തിന് കാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. കരസേന മേധാവി പദവിയില്‍ നിന്ന് ഈ മാസം 31ന് വിരമിക്കുന്ന ജനറല്‍ റാവത്ത് മൂന്ന് സേനകളുടെയും സംയുക്ത മേധാവിയായി നിയമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇത്രയും ഉന്നതനായ ഒരു മിലിട്ടറി ഓഫിസര്‍ നടത്തിയ രാഷ്ട്രീയ പ്രസ്താവന ദുസ്സൂചന ആണെന്ന ആക്ഷേപമാണ് സാര്‍വത്രികമായി ഉയര്‍ന്നിട്ടുള്ളത്. ഭരണഘടനയിലെ പട്ടാളമേധാവികളെ സംബന്ധിച്ചുള്ള നിയമങ്ങള്‍ പരിശോധിക്കുന്നത് ഈ അവസരത്തില്‍ വളരെ പ്രസക്തമാണെന്ന് തോന്നുന്നു.
ഭരണഘടനയിലെ ആര്‍ട്ടികിള്‍ 53ല്‍ വളരെ വ്യക്തമായും ഇപ്രകാരം പറയുന്നു:-
1. യൂണിയന്റെ ഭരണനിര്‍വഹണ അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമായിരിക്കുന്നതും ഈ ഭരണഘടന അനുസരിച്ച് അദ്ദേഹം നേരിട്ടോ തന്റെ കീഴിലുള്ള ഉദ്യേഗസ്ഥന്മാര്‍ വഴിയോ പ്രയോഗിക്കേണ്ടതുമാകുന്നു.
2. മുന്‍പറഞ്ഞ വ്യവസ്ഥയുടെ സമാന്യതയ്ക്ക് ഭംഗംവരാത്തവിധം യൂണിയന്റെ പ്രധിരോധസേനകളുടെ പരമാധിപത്യം രാഷ്ട്രപതിയില്‍ നിക്ഷിപ്തമായിരിക്കുന്നതും, അതിന്റെ പ്രയോഗം നിയമം വഴി ക്രമപ്പെടുത്തേണ്ടതുമാകുന്നു.
ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍വാധിപന്‍ രാഷ്ട്രപതിയാണെന്ന് ഭരണഘടന അടിവരയിട്ട് പറയുകയാണ്: 'ഠവല ടൗുൃലാല ഇീാാമിറ ീള വേല ഉലളളലിരല ളീൃരല െീള വേല ഡിശീി വെമഹഹ യല ്‌ലേെലറ ശി വേല ജൃലശെറലി'േ ഇതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നിലവിലുള്ള കര, നാവിക, വായുസേന മേധാവികള്‍ക്ക് മുകളിലായി ഒരു സേന തലവനെ നിയമിക്കാനുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഭരണഘടനയില്‍ നിലവിലുള്ള പ്രസിഡന്റിന്റെ അവകാശാധികാരങ്ങളെ ചോദ്യം ചെയ്യുന്നതിന് സമാനമായ ഒരു നടപടിയാണിത്. പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് സര്‍വസൈന്യാധിപന്‍ പദവി പ്രത്യേകം എടുത്ത് പറയുന്നില്ലെങ്കിലും മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായ ഈ വ്യക്തി സ്വാഭാവികമായും അപ്രഖ്യാപിത സര്‍വസൈന്യാധിപനാകുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഇത്തരത്തിലുള്ള ഒരുനയപരമായ തീരുമാനം കേന്ദ്രസര്‍ക്കാരിന് കൈക്കൊള്ളാം. എന്നാല്‍ അതിന് ഭരണഘന ഭേദഗതി തന്നെ ആവശ്യമാണ്. ഭരണഘടനാപരമായി നിലവിലുള്ള സര്‍വസൈന്യാധിപനായ യൂണിയന്‍ പ്രസിഡന്റിന്റെ അവകാശ അധികാരങ്ങള്‍ക്ക് സമാന്തരമായി ഒരു പദവി സൃഷ്ടിക്കുന്നത് ഭരണഘടനയെ തന്നെ തിരുത്തിക്കുറിക്കലാണ്. അതുകൊണ്ട് തന്നെ ഇത് ഭരണഘടനാ വിരുദ്ധവുമാണ്.
എന്നാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 368 (ഭരണഘടന ഭേദഗതി ചെയ്യുന്നതിന് പാര്‍ലമെന്റിനുള്ള അധികാരവും അതിനുള്ള നടപടിക്രമങ്ങളും) അനുസരിച്ച് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കഴിയും. പാര്‍ലമെന്റിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇത് പാസാക്കണം. രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകളുടെയെങ്കിലും അംഗീകാരം ഇതിന് അനിവാര്യവുമാണ്. ഇതിലേക്ക് ഒന്നും പോകാതെ വെറും കാബിനറ്റ് തീരുമാനം കൊണ്ട്മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു പദവിയല്ല രാജ്യത്തെ സര്‍വസൈന്യാധിപന് സമാനമായ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി.ഡി.എസ്) സ്ഥാനം.
സി.ഡി.എസ് എന്ന ആവശ്യത്തിന് ഇന്ത്യയില്‍ രണ്ട് ദശാബ്ദത്തോളം പഴക്കമാണ്. കാര്‍ഗില്‍ യുദ്ധത്തിന്‌ശേഷം രൂപീകൃതമായ കെ. സുബ്രഹ്മണ്യന്‍ കമ്മിറ്റി ഇത്തരം ഒരു നിര്‍ദേശം അന്ന് മുന്നോട്ട് വച്ചിരുന്നു. 2001ല്‍ അന്നത്തെ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി അധ്യക്ഷനായ മന്ത്രിസഭ ഉപസമിതി സി.ഡി.എസ് വേണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ പൊതുഅഭിപ്രായത്തെ മാനിച്ച് അത് നടപ്പാക്കാന്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
2018ല്‍ പാര്‍ലമെന്റില്‍ സി.ഡി.എസ് രൂപീകരണവുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നിരുന്നു. ഈ വിഷയത്തെപ്പറ്റി രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചര്‍ച്ച നടന്നുവരികയാണെന്നായിരുന്നു അന്ന് പ്രതിരോധസഹമന്ത്രിയായിരുന്ന സുഭാഷ് ഭാംറേ മറുപടി നല്‍കിയിരുന്നത്. മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും കുറേക്കാലമായി ഇത് നടപ്പിലാക്കാനുള്ള ശ്രമത്തിലുമായിരുന്നു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സര്‍വസൈന്യാധിപന്‍ അല്ലെന്നും മൂന്ന് സേനാവിഭാഗങ്ങളുടെയും വെറും കോ-ഓഡിനേറ്റര്‍ മാത്രമാണെന്നുമാണ് ഇവര്‍ പറയുന്നത്. എന്തായാലും കര, നാവിക, വായുസേന മേധാവികളുടെ മുകളില്‍ തന്നെയാണ് സി.ഡി.എസ് എന്ന് വളരെ വ്യക്തമാണ്. ഈ സേനാമേധാവികള്‍ക്ക് നാല് നക്ഷത്രറാങ്കാണ് ഇന്നുള്ളത്. എന്നാല്‍ സി.ഡി.എസിന് പഞ്ചനക്ഷത്ര റാങ്ക് നല്‍കാനാണ് ധാരണയെന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്. കാബിനറ്റ് റാങ്കോടുകൂടി മൂന്ന് സേനാ നായകന്മാരുടെയും മുകളില്‍ അക്ഷരാര്‍ഥത്തില്‍ സര്‍വസൈന്യാധിപനായിതന്നെ സി.ഡി.എസ് നിലകൊള്ളും എന്ന കാര്യത്തില്‍ സംശയമില്ല.
സൈനികരംഗത്ത് പയറ്റിത്തെളിഞ്ഞ ഒരു ഉദ്യോഗസ്ഥന്‍ തന്നെ പ്രതിരോധ വിഷയത്തില്‍ സര്‍ക്കാരിന് ഉപദേശം നല്‍കണമെന്നാണ് പുതിയ തീരുമാനം. നിലവിലുള്ള ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥന്മാര്‍ക്ക് സൈനിക വിഷയത്തില്‍ കാര്യമായ പരിജ്ഞാനം കാണുകയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് നിര്‍ദേശത്തെ ബഹുഭൂരിപക്ഷം പ്രതിപക്ഷനേതാക്കളും ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. ഡിഫന്‍സ് രംഗത്ത് നിലവിലുള്ള സംവിധാനമാകെ മാറ്റിമറിക്കാനുള്ള ഒരു സാഹചര്യവും ഇന്ന് ഈ രാജ്യത്ത് ഇല്ല. നമ്മുടെ ഭരണഘടനയുടെ ഭാഗമായി അതിനകത്തു നിന്ന് കൊണ്ടും ജനാധിപത്യ സംവിധാനങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടുമാണ് നിലവിലുള്ള സൈനികമേധാവികളും ഭരണഘടനയിലെ സര്‍വസൈന്യാധിപനായ പ്രസിഡന്റും മുന്നോട്ട് പോകുന്നത്.
സര്‍വസൈന്യാധിപന് സമാനമായ ഒരു പദവി നിലവിലുള്ള യൂണിയന്‍ പ്രസിഡന്റിന്റെ അധികാരത്തിന് സമാനമായി സൃഷ്ടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് സൃഷ്ടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പാകിസ്താനിലും ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിലുള്ള ചില രാജ്യങ്ങളിലും പട്ടാളം അധികാരം പിടച്ചെടുത്തതിന് സമാനമായ ഒരു സാഹചര്യം ഇവിടെയും സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കുമെന്ന് ഇതിനകം തന്നെ പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ട്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു വ്യക്തി നിയമനത്തിന് മുമ്പ് തന്നെ വളരെ ശക്തമായി രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടല്‍ തുടങ്ങിയതിന്റെ ഭാഗമായിട്ട് വേണം ബിപിന്‍ റാവത്തിന്റെ ഈ പ്രസ്താവനയെ കാണേണ്ടതും.
ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാന്‍ മോദി-അമിത്ഷാ പ്രഭുതികള്‍ തയ്യാറാകാത്തത് ഖേദകരമാണ്. യഥാര്‍ഥത്തില്‍ നേരിട്ട് ഔദ്യോഗിക ബന്ധമില്ലാത്ത മൂന്ന് സൈന്യാധിപന്മാരും, അതിന് മുകളില്‍ സര്‍വസൈന്യാധിപനായ യൂണിയന്‍ പ്രസിഡന്റുമെന്ന നിലവിലുള്ള നമ്മുടെ ഭരണഘടനയിലെ വ്യവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുണകരമായതാണ്. അതിന് തുരങ്കം വെയ്ക്കാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്.
തനിക്ക് താല്‍പര്യമുള്ള ഒരു പട്ടാളമേധാവിയെ ഒരു പുതിയ തസ്തിക സൃഷ്ടിച്ച് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി നിയമിച്ച് ഇന്ത്യന്‍ മിലിട്ടറിയില്‍ സ്വാധീനം കാര്യമായി വര്‍ധിപ്പിക്കുക എന്ന ഗൂഢലക്ഷ്യം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ വിഷയത്തിലുള്ളത് എന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. എന്തായാലും ഇന്ത്യയെപ്പോലുള്ള പാര്‍ലമെന്ററി ഡെമോക്രസി നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന ഒരു പുതിയ തസ്തിക സൃഷ്ടിക്കലിന് യാതൊരു നീതീകരണവുമില്ലെന്നുള്ള ശക്തമായ അഭിപ്രായമാണ് ഏവര്‍ക്കും ഉള്ളത്.
ഈ പദവി സൃഷ്ടിക്കണമെങ്കില്‍ തന്നെ ഭരണഘടനയുടെ 368-ാം അനുഛേദം അനുസരിച്ചുള്ള ഭരണഘടനാ ഭേദഗതി നടപടിക്രമത്തിലേക്ക് നീങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ജമ്മുകശ്മിര്‍ വിഭജനത്തിലും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35(എ) എന്നിവ റദ്ദ് ചെയ്തതിലുമെന്നതുപോലെ ഭരണഘടനാ ഭേദഗതി ഇല്ലാതെ ഭരണഘടനയേയും പാര്‍ലമെന്റിനേയും നോക്കുകുത്തിയാക്കി മുന്നോട്ട് പോകുകയാണ് മോദിസര്‍ക്കാര്‍. എന്തായാലും നമ്മുടെ ഭരണഘടനയെതന്നെ അട്ടിമറിച്ചുകൊണ്ട് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സി.ഡി.എസ് നിയമനം നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍. ഈ നിയമനം നടക്കുന്നതിന് മുമ്പ് തന്നെ നിയമിക്കപ്പെടാന്‍ സാധ്യതയുള്ള പട്ടാള മേധാവി വളരെ ശക്തമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ ചിത്രം തന്നെയാണ് ബിപിന്‍ റാവത്തിന്റെ പ്രസ്താവനയില്‍ കൂടി വ്യക്തമായിരിക്കുന്നതും. ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തമായ പ്രതിഷേധാഗ്നി പാട്ടള മേധാവികളുടെ രാഷ്ട്രീയ ഇടപെടലിന് എതിരായി ഈ രാജ്യത്തൊട്ടാകെ ഉയര്‍ന്നുവരുമെന്നുള്ള കാര്യത്തിലും യാതൊരു സംശയവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."