'അകാരണമായി ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നത് അവസാനിപ്പിക്കണം'
കോഴിക്കോട്: അകാരണമായി ജില്ലയിലെ പൊലിസ്-ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ വാഹന തൊഴിലാളികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നത് അവസാനിപ്പിക്കണമെന്ന് ജില്ലാ മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ചെറിയ തുക ഫൈന്‍ ഈടാക്കി അവസാനിപ്പിക്കേണ്ട ട്രാഫിക് നിയമലംഘനം, അമിതഭാരം തുടങ്ങിയ കുറ്റങ്ങള്‍ക്ക് തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്ന ശിക്ഷ അടിച്ചേല്‍പ്പിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
വര്‍ധിച്ചു വരുന്ന വാഹനപ്പെരുപ്പവും റോഡ് വികസനത്തിന്റെ അപര്യാപ്തതയുമാണ് റോഡ് ഗതാഗത മേഖല നേരിടുന്ന ഗൗരവമുള്ള പ്രശ്‌നം.
ഇതു സൃഷ്ടിക്കുന്ന വാഹനാപകടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരവാദി തൊഴിലാളികളാണെന്ന തെറ്റിദ്ധാരണ പരത്തി അവരെ കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുന്ന വ്യവസ്ഥകളാണ് പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുള്ളത്. ഇതിനെ കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ശക്തിയായി എതിര്‍ത്തിട്ടുണ്ട്. രാജ്യസഭയിലും പ്രതിഷേധമുയര്‍ന്നതിന്റെ ഫലമായി കൊണ്ടുവന്ന ഭേദഗതി നിയമമായിട്ടില്ല.
ഇതൊന്നും മനസിലാക്കാതെ ചില പൊലിസ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പുതിയ ഭേദഗതിയിലെ ശിക്ഷാ നടപടികള്‍ ജില്ലയില്‍ നടപ്പിലാക്കുകയാണ്. ഇതിനെതിരേ തൊഴിലാളികളെ ഒന്നിച്ചണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പി.കെ പ്രേംനാഥ് അധ്യക്ഷനായി. ജന. സെക്രട്ടറി കെ.കെ മമ്മു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."