ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഞങ്ങളുടെ വീട് തകരുമെന്ന് എല്ലാവരും പറയുന്നു 'ഞങ്ങളെ സഹായിക്കുമോ സര്‍'
സുനി അല്‍ഹാദി
കൊച്ചി: സര്‍, നെട്ടൂരില്‍ പൊളിക്കാന്‍ പോകുന്ന ഫ്‌ളാറ്റിനടുത്താണ് എന്റെ വീട്. ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഞങ്ങളുടെ വീടും പൊളിയുമെന്ന് അച്ഛനും അമ്മയും എല്ലാവരും പറയുന്നു. വീട് പൊളിയുമെന്ന ചിന്തകൊണ്ട് ഞങ്ങള്‍ക്ക് പഠിക്കാനും കഴിയുന്നില്ല. ഞങ്ങളുടെ വീട് പൊളിഞ്ഞുപോയാല്‍ ബഹുമാനപ്പെട്ട സര്‍ ഞങ്ങളെ സഹായിക്കുമോ ഇപ്പോള്‍ തന്നെ ഞങ്ങളുടെ വീട് പൊളിഞ്ഞിരിക്കുകയാണ്.
ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു... തീരപരിപാലന നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ജനുവരി 11ന് പൊളിച്ചുമാറ്റുന്ന ആല്‍ഫ സെറീന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന് 50 മീറ്റര്‍ ചുറ്റളവിനുള്ളില്‍ താമസിക്കുന്ന കനിയാംപിള്ളില്‍ വീട്ടില്‍ ഷാജിയുടെ മക്കളായ അന്‍വിതയും അങ്കിതയും സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും എഴുതിയ കത്താണിത്.
ഇവര്‍ക്കൊപ്പം ആല്‍ഫ സെറീന്‍ പരിസരത്ത് താമസിക്കുന്ന മറ്റ് ഏഴ് വിദ്യാര്‍ഥികളും ഇന്നലെ തങ്ങളുടെ സങ്കടങ്ങള്‍ കത്തിലൂടെ അധികൃതരെ അറിയിച്ചു. സുപ്രിം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കാണ് യു.കെ.ജി മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികള്‍ കത്തെഴുതിയത്. ആധാര്‍ നമ്പറുള്‍പ്പെടെ രേഖപ്പെടുത്തിയാണ് കത്തുകളയച്ചത്. എഴുതാന്‍ അറിയാത്ത യു.കെ.ജി, ഒന്നാംക്ലാസ് വിദ്യാര്‍ഥികള്‍ മാതാപിതാക്കളുടെ സഹായത്തോടെയാണ് കത്തെഴുതിയത്. എന്നാല്‍, കുട്ടികള്‍ പറഞ്ഞകാര്യങ്ങള്‍ അതുപോലെ എഴുതിയിട്ടില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. തങ്ങളുടെ വീട് നഷ്ടപ്പെടുമെന്ന ആശങ്കയില്‍ രോഷാകുലരായിട്ടാണ് പലരും വാക്കുകള്‍ പറഞ്ഞുതന്നത്. എന്നാല്‍, ഇതൊക്കെ ഒഴിവാക്കിയാണ് കത്തെഴുതിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
ഒന്നാംക്ലാസുകാരനായ കാര്‍ത്തിക് നാരായണ്‍, യു.കെ.ജി വിദ്യാര്‍ഥികളായ ഗോകുല്‍ കൃഷ്ണ, ഡോണ്‍, മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളായ നിയ വിക്ടോറിയ, വിവേക്, വിഷ്ണുപ്രിയ, മേഘ്‌ന എന്നിവരാണ് ഇന്നലെ കത്തുകളയച്ചത്. ഫ്‌ളാറ്റ് പൊളിക്കലിന്റെ പ്രാരംഭനടപടികളെ തുടര്‍ന്ന് ഈ കുട്ടികളുടെയൊക്കെ വീടുകളില്‍ വിള്ളല്‍ വീണിരുന്നു. ഇതേതുടര്‍ന്ന് കുട്ടികളില്‍ തങ്ങളുടെ വീടുകള്‍ തകരുമെന്ന ഭയവും വര്‍ധിച്ചിട്ടുണ്ട്. കുട്ടികളില്‍ പലര്‍ക്കും ഫ്‌ളാറ്റ് പൊളിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സബ് കലക്ടറോടാണ് ദേഷ്യം. അവരുടെ കണ്ണില്‍ തങ്ങളുടെ വീട് പൊളിക്കുന്നത് സബ്കലക്ടറാണ്. അതുകൊണ്ടുതന്നെ കത്തില്‍ അവര്‍ പറഞ്ഞതുമുഴുവനും സബ്കലക്ടറിനെതിരേ ആയിരുന്നു. സബ് കലക്ടറെ ഇടിച്ചുപൊളിക്കണമെന്ന് പറഞ്ഞ വിരുതന്‍ വരെയുണ്ട്. എന്നാല്‍, ഇതെല്ലാം ഒഴിവാക്കിയാണ് മാതാപിതാക്കള്‍ കത്തുകളയച്ചത്. വീടുകള്‍ക്ക് കേടുപറ്റാതെ ഫ്‌ളാറ്റ് പൊളിക്കാന്‍ ഞാന്‍ വേണമെങ്കില്‍ ഒരു പ്ലാന്‍ പറഞ്ഞുതരാമെന്നായിരുന്നു ഒരു വിരുതന്റെ വാക്കുകള്‍. എന്തായാലും തങ്ങളുടെ മക്കളുടെ കത്തുകള്‍ പ്രയോജനം ചെയ്യുമെന്നും വീടുകള്‍ സംരക്ഷിക്കപ്പെടാന്‍ ഉടനടി നടപടിയുണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലുമാണ് മാതാപിതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."