തടയണകളുടെ ഷട്ടര്‍ അടച്ചില്ല; ജലക്ഷാമം രൂക്ഷം
ആലക്കോട്: മലയോര മേഖലയിലെ ജലസ്രോതസുകള്‍ വറ്റിത്തുടങ്ങിയതോടെ ശുദ്ധജലക്ഷാമം രൂക്ഷമാകാന്‍ സാധ്യത. കാര്‍ത്തികപുരം പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതാണ് പ്രശ്‌നം. മേഖലയിലെ പല കിണറുകളിലും ബക്കറ്റ് മുങ്ങാന്‍ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. കാര്‍ഷിക ആവശ്യത്തിന് വന്‍തോതില്‍ വെള്ളമെടുക്കുന്നതും ജലക്ഷാമം രൂക്ഷമാക്കുന്നുണ്ട്. കാര്‍ത്തികപുരം, മണക്കടവ്, ഉദയഗിരി എന്നിവിടങ്ങളില്‍ തടയണയുണ്ടെങ്കിലും ഷട്ടര്‍ അടക്കാത്തത് കാരണം ആവശ്യത്തിനു വെള്ളമുണ്ടാകാറില്ലെന്നതും പ്രശ്‌നമാണ്.
കുടിവെള്ള ആവശ്യത്തിനായി നിര്‍മിച്ച പല തടയണകളും ഇപ്പോള്‍ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. പുഴയില്‍ നല്ല വെള്ളമുള്ള സമയത്ത് ഇതിന്റെ ഷട്ടര്‍ അടച്ചാല്‍ തടയണ നിറഞ്ഞു താഴേക്കു വെള്ളമൊഴുകും. ഇതോടെ താഴ്ഭാഗത്തും തടയണ പ്രദേശത്തും ഒരുപോലെ വെള്ളം ലഭിക്കും. പുഴയിലെ നീരൊഴുക്കുകുറഞ്ഞ ശേഷമാണ് ഷട്ടറിടുന്നതെങ്കില്‍ താഴ്ഭാഗത്തു ജലക്ഷാമം രൂക്ഷമാകും. വേനല്‍ കനക്കുന്നതുവരെ കാത്തുനില്‍ക്കാതെ തടയണകളുടെ ഷട്ടറുകള്‍ അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കര്‍ണാടക വനത്തില്‍ നിന്നുള്ള ജലപ്രവാഹം കുറയുന്നതാണു കാര്‍ത്തികപുരം പുഴയിലെ നീരൊഴുക്കുകുറയാന്‍ പ്രധാന കാരണം.
ചൂട് കനക്കുന്നതോടെ കര്‍ണാടക വനത്തിലെ മരങ്ങളുടെ ഇലകൊഴിയുകയും മുളകളും അടിക്കാടുകളും ഉണങ്ങി നശിക്കുകയും ചെയ്യുന്നതോടെ നീരൊഴുക്കിന്റെ ശക്തി ഇനിയും കുറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."