എം.ജി മാര്‍ക്ക് ദാനം: അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി
സ്വന്തം ലേഖകന്‍
കോട്ടയം: മാര്‍ക്ക് ദാനം ഉള്‍പ്പടെ വിവാദ തീരുമാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സംരക്ഷണം ഒരുക്കിയ എം.ജി സര്‍വകലാശാലയില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ അതിവേഗം നടപടി.
ഗവര്‍ണറുടെ നിര്‍ദേശപ്രകാരം മാര്‍ക്ക് ദാനം റദ്ദാക്കിയപ്പോള്‍ മോഡറേഷന്‍ ലഭിക്കാത്ത രണ്ട് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയതിന്റെ പേരിലാണ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടി എടുത്തത്.
രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും ജോയിന്റ് രജിസ്ട്രാര്‍ അടക്കം മൂന്ന് പേര്‍ക്ക് സ്ഥലം മാറ്റവുമാണ് ശിക്ഷവധിച്ചത്.
സെക്ഷന്‍ ഓഫിസര്‍മാരായ ബെന്നി കുര്യാക്കോസ്, വി.കെ അനന്ദകൃഷ്ണന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. പരീക്ഷാ വിഭാഗം ജോയിന്റ് രജിസ്ട്രാര്‍ ആഷിഖ് എം. കമാല്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ നസീമാ ബീവി, അസി. രജിസ്ട്രാര്‍ പി. പത്മകുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. മാര്‍ക്ക്ദാനം പുറത്തു വന്നതിലെ പ്രതികാരത്തിന്റെ ഭാഗമായാണ് അതിവേഗമുള്ള നടപടി.
116 പേരാണ് മാര്‍ക്ക് ദാനത്തിലൂടെ ജയിച്ചത്. പുനര്‍മൂല്യ നിര്‍ണയത്തിലൂടെ ജയിച്ച കോതമംഗലം എം.എ കോളജ് ഓഫ് എന്‍ജിനീയറിങിലെ ഒരാളും പരീക്ഷയിലൂടെ ജയിച്ച മൂവാറ്റുപുഴ സിസാറ്റിലെ ഒരാളും അടക്കം 118 പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുകയായിരുന്നു. മോഡറേഷന്റെ ഗുണഫലം നേടി വിജയിച്ചത് 118 വിദ്യാര്‍ഥികള്‍ ആണെന്ന് സര്‍വകലാശാല റിപ്പോര്‍ട്ടും നല്‍കി.
ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കി സര്‍വകലാശാല ഉത്തരവും ഇറക്കി. എന്നാല്‍ 116 പേര്‍ മാത്രമാണ് മാര്‍ക്ക് ദാനത്തിലൂടെ ജയിച്ചതെന്ന് പിന്നീട് കണ്ടെത്തി.
ക്രമവിരുദ്ധമായി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി.
മാര്‍ക്ക് ദാനം പിന്‍വലിച്ചതിനെതിരേ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന സര്‍വകലാശാലയുടെ കുറ്റസമ്മതം.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ജനുവരി നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സര്‍വകലാശാലയുടെ യശസിന് കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ ഉത്തരക്കടലാസ് ആവശ്യപ്പെട്ടതില്‍ ഉള്‍പ്പെടെ ചട്ടലംഘനം കണ്ടെത്തിയിട്ടും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരേ ഒരു നടപടിയും ഉണ്ടായിട്ടില്ല.
സര്‍വകലാശാല ചട്ടങ്ങള്‍ മറികടന്നാണ് സിന്‍ഡിക്കേറ്റിന്റെ അമിതാധികാര പ്രയോഗമെന്ന് ഗവര്‍ണറും വ്യക്തമാക്കിയിരുന്നു. തെറ്റുപറ്റിയെന്ന് സര്‍വകലാശാല തുറന്ന് സമ്മതിച്ചിട്ടും തെറ്റ് ചെയ്തവര്‍ക്കെതിരേ നടപടിയില്ല. മാര്‍ക്ക് ദാനം നല്‍കാന്‍ തീരുമാനിച്ചത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഒറ്റക്കെട്ടായാണ്.
വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ തീരുമാനത്തെ ന്യായീകരിക്കാനും അംഗങ്ങള്‍ മത്സരിച്ചു രംഗത്തെത്തി. ചോദ്യപേപ്പര്‍ ആവശ്യപ്പെട്ട സംഭവത്തില്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍. പ്രകാശാണ് അമിതാധികാരം പ്രയോഗിച്ചത്. എം.കോം നാലാം സെമസ്റ്റര്‍ പരീക്ഷയുടെ 31 ഉത്തരക്കടലാസുകള്‍, രഹസ്യ നമ്പര്‍, റജിസ്റ്റര്‍ നമ്പര്‍ എന്നിവയാണ് ആവശ്യപ്പെട്ടത്.
വെള്ള പേപ്പറില്‍ തയാറാക്കിയ നിര്‍ദേശം വൈസ് ചാന്‍സലര്‍ ഉത്തരവായും നല്‍കി.
31 ഉത്തരക്കടലാസുകളാണ് ആവശ്യപ്പെട്ടതെങ്കിലും 54 ഉത്തരക്കടലാസുകള്‍ കൈമാറി. രണ്ടു കോളജുകളിലെ പരീക്ഷാ ഫലം തടഞ്ഞു വച്ചിരിക്കെയാണ് രേഖകള്‍ കൈമാറിയതെന്നത് ദുരൂഹം.
പുനര്‍മൂല്യനിര്‍ണയം കഴിയുന്നതുവരെ ഇത്തരം രഹസ്യവിവരങ്ങള്‍ പുറത്ത് വിടരുതെന്നാണ് ചട്ടം. സിന്‍ഡിക്കേറ്റ് അംഗത്തിന് പുറമെ വൈസ് ചാന്‍സലറും പരീക്ഷ കണ്‍ട്രോളറും ഈ സംഭവത്തില്‍ കുറ്റക്കാരാണ്.
സര്‍വകലാശാലയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തിയവര്‍ക്കെതിരേ ഒരു നടപടിക്കും അധികൃതര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."