ബൈപാസ് റോഡ് സുരക്ഷാ നടപടികളാരംഭിച്ചു; അനിശ്ചിതകാല നിരാഹാര സമരം അവസാനിച്ചു
ഇരിങ്ങാലക്കുട: ബൈപാസ് റോഡില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ' നമ്മുടെ ഇരിങ്ങാലക്കുട ' കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് ദിവസങ്ങളായി നടത്തിവന്ന ജനകീയ അനിശ്ചിതകാല റിലേ നിരാഹാര സമരം അവസാനിച്ചു.
ഇന്നലെ സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളെ മുന്‍നിര്‍ത്തി ട്രാഫിക് ക്രമീകരണ സമിതി യോഗം കൂടിയെങ്കിലും സമരസമിതിയുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിക്കുകയും, സാങ്കേതികത്വത്തിന്റേയും, കാലതാമസത്തിന്റേയും, നടപടി ക്രമങ്ങളെയും കുറിച്ച് മാത്രം സംസാരിച്ച നഗരസഭ ചെയര്‍പേഴ്‌സന്റെ നിലപാടില്‍ അടുത്ത കാലത്തൊന്നും ബൈപാസ് റോഡിലെ അപകടങ്ങള്‍ക്ക് പരിഹാരമുണ്ടാവില്ലെന്ന ബോധ്യത്തില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ തന്നെ സമരസമിതിയുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
തുടര്‍ന്ന് ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ് കുമാറും, എസ്.ഐ ബിബിന്‍ സി.വി യും സമരപന്തല്‍ സന്ദര്‍ശിച്ച് സമരസമിതിയുമായി ചര്‍ച്ച നടത്തി. ന്യായമായ ആവശ്യങ്ങളില്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കുകയും സമരമവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
എന്നാല്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെ സമരമവസാനിപ്പിക്കാനാവില്ല എന്ന നിലപാടിലായിരുന്നു സമരസമിതി. തുടര്‍ന്ന് സമരസമിതിയുടെ പ്രധാന ആവശ്യങ്ങളായിരുന്ന ബൈപാസ് ജങ്ഷനിലെ വാഹന യാത്രികരുടെ കാഴ്ച തടസപ്പെടുത്തുന്ന കാടുകള്‍ ജെ.സി.ബി ഉപയോഗിച്ച് നീക്കുകയും, ജങ്ഷന്റെ ഇരുവശത്തും സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുകയും, കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ബൈപാസ് ജങ്ഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന മിനി വാന്‍ എടുത്തു മാറ്റുകയും ചെയ്തു.
മാസ് തിയറ്റര്‍, ഞവരിക്കുളം ഭാഗത്തേക്കുള്ള കൈവഴികളിലെ നിലവിലെ ഒരു ഹമ്പിനു പകരം മൂന്ന് ഹമ്പുകളാക്കി വര്‍ദ്ധിപ്പിക്കാന്‍ കോണ്‍ട്രാക്റ്റര്‍ക്ക് സി.ഐ നിര്‍ദ്ദേശം നല്‍കി, ജങ്ഷന് സമീപത്തെ വഴിയോര കച്ചവടക്കാരെ 50 മീറ്റര്‍ ദൂരെക്ക് മാറ്റാനും തീരുമാനിച്ചു.
ബൈപ്പാസ് ജങ്ഷനില്‍ അപകടങ്ങള്‍ തടയാന്‍ സ്ഥിരമായി കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ സമയബന്ധിതമായി ഏര്‍പ്പെടുത്തുമെന്നും സി.ഐ സുരേഷ് കുമാറും എസ്.ഐ ബിബിന്‍ സി.വി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."