അനധികൃ മണ്ണ് കടത്തിന് അധികൃതരുടെ ഒത്താശ: പ്രതിഷേധം വ്യാപകം
എലവഞ്ചേരി: അനധികൃത മണ്ണ് ഖനനം വ്യാപകമാകുമ്പോഴും റവന്യുവകുപ്പ് അനാസ്ഥ തുടരുന്നതായി ആക്ഷേപം. ചിറ്റൂര്‍ താലൂക്കില്‍ എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട, പട്ടഞ്ചേരി, തത്തമംഗലം, കൊഴിഞ്ഞാമ്പാറ, എലിപാറ, കോഴിപ്പാറ എന്നീ പ്രദേശങ്ങളില്‍നിന്നും അനധികൃതമായി മണ്ണ് ഖനനം നടക്കുന്നതിനെതിരേ പരാതികള്‍ വ്യാപകമായിട്ടുണ്ടെങ്കിലും നടപടിയെടുക്കുന്നത് വഴിപാടായിരിക്കുകയാണ്.
റവന്യു, ജിയോളജി വകുപ്പുകള്‍ നേരിട്ട് പരിശോധന നടത്തി ഖനന സാമഗ്രികള്‍ കണ്ടുകെട്ടുകയും സ്ഥല ഉടമക്കെതിരെ കേസെടുക്കുകവരെ ചെയ്യാനുള്ള നിയമമുണ്ടെങ്കിലും കേസിനുപുറകെ നടക്കണമെന്ന പേരില്‍ മണ്ണ് ഖനനത്തിന് മൗനാനുവാദം നല്‍കുകയാണ് റവന്യുവകുപ്പെന്ന് പരിസ്ഥിതി സംഘടനകള്‍ അരോപിക്കുന്നു. കുളം ആഴമാക്കലിന്റെ പേരില്‍ മണ്ണ് ഖനനം നടത്തുന്നതിനെതിരേ മുതലമടയില്‍ പരിസ്ഥിതി സംഘടനകള്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.
പൊലിസ് സ്റ്റേഷനുകള്ക്കുമുന്നിലൂടെ അനധികൃതമായി മണ്ണ് ഖനനം നടത്തി ടിപ്പറുകള്‍ ചീറിപ്പായുകയാണെങ്കിലും നടപടിയെടുക്കുന്നില്ല. ഓട്ടുകമ്പനികള്‍ക്കും ഇഷ്ടികക്കളങ്ങള്ക്കുമാണ് ഖനനം നടത്തി മണ്ണ് കൊണ്ടുപോകുന്നത്. ചില വാഹനങ്ങളെ പുതുനഗരം, കൊല്ലങ്കോട് പൊലിസ് പിടികൂടുന്നുണ്ടെങ്കിലും മണ്ണ് കടത്തിയ വാഹനങ്ങളെ രാഷ്ട്രീയ ഇടപെടലുകള്‍മൂലം സ്റ്റേഷനിലെത്തും മുന്‍പേ വിട്ടുകൊടുക്കുന്ന പ്രവണതയും വ്യാപകമാണ്. അനധൃകൃത മണ്ണ് ഖനനങ്ങള്‍ക്കെതിരേ ജില്ലാ കലക്ടറുടെ പ്രത്യോക സ്ക്വാഡിനെ നിയമിച്ച് നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."