നോക്കുകുത്തിയായ ഇ-ടൊയ്‌ലറ്റുകള്‍
ഒറ്റപ്പാലം: ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച ഇ-ടൊയ്‌ലറ്റുകള്‍ നോക്കുകുത്തിയായി. ഒറ്റപ്പാലം താലൂക്ക് ആസ്ഥാനത്ത് എം.എല്‍.എ ഫണ്ടില്‍നിന്നും 2011-12ല്‍ ഒന്‍പതുലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച ഇ-ടൊയ്‌ലറ്റുകളാണ് നിശ്ചലമായത്. ഇ-ടൊയ്‌ലറ്റുകളുടെ നടത്തിപ്പിനു വേണ്ട 5,000 രൂപ പ്രതിമാസം അടയ്ക്കാത്തതിലാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. 2013ല്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് മുഖാന്തരം ഇറാം സെയിന്റിഫിക് സൊലൂഷനാണ് ഇ-ടൊയ്‌ലറ്റുകള്‍ സ്ഥാപിച്ചത്.
സ്ഥാപിച്ചശേഷം ആറുമാസം വാറന്റി പിരീഡിലും, ശേഷം രണ്ടര വര്‍ഷവും പ്രതിമാസം 5,000 രൂപ തോതില്‍ രണ്ട് ഇ-ടൊയ്‌ലറ്റുകള്‍ കമ്പനി സര്‍വിസ് ചെയ്തതില്‍ മൂന്ന് ലക്ഷത്തോളം രൂപ ഇതിനകം നഷ്ടം വന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു.
ഈ പദ്ധതിയുടെ ഉടമസ്ഥവകാശം നിലനില്‍ക്കുന്നത് ഒറ്റപ്പാലം നഗരസഭയ്ക്കാണ്. നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നീക്കവുമുണ്ടാകത്തതിനാല്‍ 2016 ജൂണ്‍ മാസത്തോടുകൂടിയാണ് പദ്ധതി പൂര്‍ണമായും നിര്‍ത്തലാക്കിയത്. ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിമാസം 4,000 രൂപയെങ്കിലും മെറ്റല്‍ ഇന്‍ഡസ്ട്രീസ് മുഖാന്തരം നഗരസഭ അടുക്കുകയാണെങ്കില്‍ വീണ്ടും പ്രവര്‍ത്തന യോഗ്യമാക്കാന്‍ കഴിയുമെന്നാണ് സ്ഥാപിച്ച കമ്പനി പറയുന്നത്.
നിരവധി തവണ ഒറ്റപ്പാലം നഗരസഭയുമായി ബന്ധപ്പെട്ടു ഇ-ടൊയ്‌ലറ്റുകള്‍ സ്ഥാപിച്ച കമ്പനി കത്തിടപാടുകള്‍ നടത്തിയെന്നാല്ലാതെ, ഈ വിഷയവുമായി ബന്ധപ്പെട്ട് കൗണ്‍സിലില്‍ ഉചിതമായൊരു തീരുമാനമെടുക്കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. താലൂക്ക് ഓഫിസ്, സബ് കലക്ടറുടെ ഓഫിസ്, കോടതികള്‍, സബ് രജിസ്ട്രാര്‍ ഓഫിസ്, പൊലിസ് സ്റ്റേഷന്‍, താലൂക്ക് സപ്ലൈ ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മധ്യത്തിലായാണ് ഇ-ടൊയ്‌ലറ്റ് സംവിധാനം സ്ഥാപിച്ചിരുന്നത്. നൂറുകണിക്കിനു ആളുകള്‍ വന്നുപോകുന്ന ഇവിടങ്ങളില്‍ ഏറെ ഉപയോഗപ്രദമായിരുന്ന പദ്ധതി നഗരസഭ ഏറ്റെടുക്കുവാന്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."