ഉദ്യോഗസ്ഥരുടെ അസാന്നിധ്യം; താലൂക്ക് സഭകള്‍ പ്രഹസനമാകുന്നു
പെരുമ്പാവൂര്‍: ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ട താലൂക്ക് സഭയില്‍ ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യം പല പ്രശ്‌നങ്ങളിലും തീരുമാനമെടുക്കുന്നതിന് കാലതാമസം വരുത്തുന്നതായി കുന്നത്തുനാട് താലൂക്ക് സഭ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന താലൂക്ക് സഭയില്‍ പെരുമ്പാവൂര്‍ ഡിവൈ.എസ് പി പങ്കെടുക്കണമെന്ന് നിര്‍ദേശമുണ്ടായിട്ടും പോലീസ് വകുപ്പില്‍ നിന്ന് ഒരാള്‍ പോലും പങ്കെടുക്കാതിരുന്നത് സഭയോടുള്ള അനാദരവായി യോഗം വിലയിരുത്തി.പെരുമ്പാവൂര്‍ താലൂക്ക് ഹോസ്പിറ്റല്‍, വെങ്ങോല പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനം കാര്യക്ഷമമല്ലന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഈ വിഷയത്തില്‍ അടിയന്തിര ഇടപെടലുകള്‍ നടത്തുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍ എ സഭക്ക് ഉറപ്പ് നല്‍കി.
പൊതു സ്ഥലങ്ങളില്‍ അപകടം വിതക്കുന്ന തരത്തില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ വെട്ടി മാറ്റുന്നതിന് സഭ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വേങ്ങൂര്‍ പഞ്ചായത്തിലെ മേക്കപ്പാല പാണിയേലി ഭാഗത്ത് കാട്ടാന ശല്യം ഏറി വരുന്നതായും ബന്ധപ്പെട്ടവര്‍ ഗൗരവമായ തരത്തില്‍ പ്രശ്‌നത്തില്‍ ഇടപെടുന്നില്ലന്നും വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി, സഭാംഗം കെ .പി ബാബു എന്നിവര്‍ ഉന്നയിച്ചു.പെരിയാര്‍വാലി കനാല്‍ റവന്യൂ വകുപ്പ് എന്നിവയുടെ പുറമ്പോക്ക് കയ്യേറ്റങ്ങളുടെ കാര്യത്തില്‍ തീരുമാനമായവയില്‍ ഉടന്‍ ഭൂമി തിരിച്ച് പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റ്റി.പി അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. ചൂണ്ടിയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് നിര്‍മ്മിക്കുന്ന കുടിവെള്ള പൈപ്പ് ലൈനിന്റെ നിര്‍മാണ ജോലികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം സി.കെ.അയ്യപ്പന്‍ കുട്ടി ആവശ്യപ്പെട്ടു.
പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പള്ളിക്കരയില്‍ നിന്ന് പെരിങ്ങാലയിലേക്ക് സ്ഥാപിക്കുന്ന കുടിവെള്ള പൈപ്പുലൈനുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും നിര്‍മ്മാണത്തില്‍ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും സമിതി അംഗം കെ.എച്ച് മുഹമ്മദ് കുഞ്ഞ് ആവശ്യപ്പെട്ടു. താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം..എല്‍ എ അധ്യക്ഷത വഹിച്ചു.എ.അബ്ദുല്‍ ഖാദര്‍ ,ഒ.ദേവസ്സി,ബേസില്‍ പോള്‍, പെരുമ്പാവൂര നഗരസഭാധ്യക്ഷ സതി ജയകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡണ്ട്മാരായ പി.പി അബൂബക്കര്‍ (കുന്നത്തുനാട), ഗൗരി വേലായുധന്‍ (വടവുകോട്), എം.എ ഷാജി (വേങ്ങൂര്‍), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.കെ.അയ്യപ്പന്‍ കുട്ടി, ബേസില്‍ പോള്‍, ശാരദ മോഹന്‍, ജോര്‍ജ് ഇടപ്പരത്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."