സഊദിയില്‍ ആരോഗ്യമേഖലയിലും സ്വദേശിവല്‍ക്കരണം
ജിദ്ദ: ഫാര്‍മസികള്‍ക്കുപുറമെ സഊദിയില്‍ ആരോഗ്യമേഖല പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയങ്ങള്‍ ഊര്‍ജിതമാക്കി. സഊദി വിഷന്‍- 2030ന്റെ ഭാഗമായാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്.
ഫാര്‍മസിമേഖല സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനിച്ചതോടെ 15,000 തൊഴിലവസരങ്ങളാണ് വിദേശികള്‍ക്ക് ഇല്ലാതായത്. 2022ഓടെ ഈ മേഖലയില്‍ 100 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് തീരുമാനം. ഇതിനുപുറമെ താമസസൗകര്യം ഒരുക്കുന്ന ഹോട്ടലുകള്‍, ഊര്‍ജമേഖല എന്നിവിടങ്ങളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ അടുത്തവര്‍ഷം ജനുവരി മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കും.
വിഷന്‍- 2030ന്റെ ഭാഗമായി സ്വകാര്യമേഖലയില്‍ 41 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍നല്‍കുമെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. നേരത്തേ മൊബൈല്‍ കടകള്‍, വാഹനവില്‍പന, റെന്റ് എ കാര്‍ എന്നീ മേഖലകളിലും സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരുന്നു. അതിനിടെ, സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത 3,178 മൊബൈല്‍ ഫോണ്‍ കടകള്‍ക്കെതിരേ നടപടി സ്വീകരിച്ചതായി തൊഴില്‍മന്ത്രാലയം അറിയിച്ചു. 1,812 കടകള്‍ അടച്ചുപൂട്ടി. തൊഴില്‍വകുപ്പിനുപുറമെ ആഭ്യന്തര, വാണിജ്യം, വാര്‍ത്താവിനിമയം, നഗര, ഗ്രാമകാര്യ വകുപ്പുകളും പരിശോധനകളില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."