പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫിസില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ ചോരുന്നതായി സൂചന
മണ്ണാര്‍ക്കാട്: എന്‍ഡോസള്‍ഫാന്‍ ഭീതി വിട്ടൊഴിയാതെ തത്തേങ്ങലം പ്രദേശം. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫിസില്‍ ബന്ധവസ്സാക്കി സൂക്ഷിച്ചിട്ടുള്ള അതിമാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ചോരുന്നതായി സൂചന. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ എസ്‌റ്റേറ്റ് ഓഫിസിന് സമീപത്തെ മുറിയിലാണ് സുരക്ഷിത ബാരലുകളിലായി 225 ലിറ്ററോളം വരുന്ന എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിട്ടുള്ളത്. എന്നാല്‍ ഇത് ചോരുന്ന സാഹചര്യമുണ്ടായാല്‍ ജനജീവിതം തകരാറിലാകും. കാറ്റുള്ള സമയത്ത് മുറിയില്‍ നിന്ന് വാതകചോര്‍ച്ചയുള്ളതായി ബി.എം.എസ് നേതാവും, കോര്‍പറേഷന്‍ ജീവനക്കാരനുമായ കെ.ബി സോമന്‍ പറയുന്നു. ഇക്കാര്യത്തില്‍ അധികൃതര്‍ ഉടനടി പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2014 ഒക്ടോബര്‍ 12നാണ് എസ്റ്റേറ്റില്‍ ഉപയോഗിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി സുരക്ഷിത ബാരലുകളിലേക്ക് മാറ്റിയത്. പ്രദേശവാസികളുടെയും, വിവിധ രാഷ്ട്രീയ കക്ഷികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗങ്ങളുടെ ഫലമായാണ് ഇതിന് നടപടിയുണ്ടായത്. തുടര്‍ന്ന് ഓപ്പറേഷന്‍ ബ്ലോസം സ്പ്രിങ് എന്ന പേരില്‍, ശാസ്ത്രജ്ഞനായ നോഡല്‍ ഓഫിസര്‍ ഡോ. അഷീലിന്റെ നേതൃത്വത്തിലുള്ള സംഘം യുദ്ധസമാനമായ സജ്ജീകരണങ്ങളോടെയാണ് ഇത് ബാരലുകളിലേക്ക് മാറ്റിയത്. ഇതിനായി ഓഫിസ് പരിസരത്ത് സുരക്ഷാ പരിധികള്‍ നിശ്ചയിച്ച് വിവിധ മേഖലകളായി തിരിച്ചിരുന്നു.
എം.എല്‍.എ എന്‍. ഷംസുദ്ദീന്‍, ജില്ലാ കലക്ടര്‍ രാമചന്ദ്രന്‍, സബ് കലക്ടര്‍ പി.ബി നൂഹ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ ഈ സമയത്ത് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് സുരക്ഷാ കവചങ്ങളണിഞ്ഞ് സംഘം എന്‍ഡോസള്‍ഫാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തയാറാക്കിയ സുരക്ഷിത ബാരലുകളിലേക്ക് മാറ്റി ഓഫിസ് മുറിയില്‍ ഭദ്രമാക്കി സീല്‍ ചെയ്തു. ഇത് നിര്‍വീര്യമാക്കി 2014 ഡിസംബര്‍ 12ന് മുന്‍പായി നശിപ്പിക്കുമെന്ന് അറിയിച്ചാണ് സംഘം മടങ്ങിയത് പത്ത് ലക്ഷം രൂപയാണ് ഇതിലേക്കായി പൊതുഖജനാവ് ചിലവഴിച്ചത്. എന്നാല്‍ വര്‍ഷം നാല് കഴിഞ്ഞിട്ടും ഇതിന് അനക്കമുണ്ടായിട്ടില്ല. ഇപ്പോള്‍ വാതകചോര്‍ച്ചയുണ്ടായതോടെ പരിസരമാകെ ഭീതി പടരുകയാണ്. എന്‍ഡോസള്‍ഫാന്‍ നശീകരണത്തിനായി കൊടി ഉയര്‍ത്തിയ സി.പി.ഐ ഉള്‍പ്പെടെ അന്നത്തെ പ്രതിപക്ഷ കക്ഷികളും ഭരണം കൈവന്നതോടെ ഇരട്ട താപ്പ് നയമാണ് സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."