ദേശീയപാത നവീകരണം: കടലാസിലൊതുങ്ങി ഗതാഗത നിയന്ത്രണം
മണ്ണാര്‍ക്കാട്: നാട്ടുകല്‍ - താണാവ് ദേശീയ പാത നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിസംബര്‍ പത്തു മുതല്‍ ചരക്കു വാഹനങ്ങളെ വഴി തിരിച്ചു വിട്ടുകൊണ്ടുള്ള ഗതാഗത നിയന്ത്രണം കടലാസില്‍ മാത്രമായി ഒതുങ്ങുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നടപ്പാക്കാനിരുന്ന നിയന്ത്രണങ്ങളാണ് നീണ്ടുപോകുന്നത്. നഗരമധ്യത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നവീകരണം മൂലമുള്ള ഗതാഗതക്കുരുക്ക് കുറക്കുന്നതിനായാണ് മുണ്ടൂരില്‍ നിന്നും ആര്യമ്പാവില്‍ നിന്നും ചരക്കു വാഹനങ്ങള്‍ വഴിതിരിച്ചു വിടാനുള്ള തീരുമാനം ദേശീയ പാത വിഭാഗം പ്രഖ്യാപിച്ചത്. ഇത് വാര്‍ത്താകുറിപ്പായി മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് കൊണ്ട് ചരക്കു വാഹനങ്ങള്‍ നഗരത്തിലൂടെ കടന്നുപോകുന്നത് തുടരുകയാണ്.ഇത് യാത്രക്കാരെ വലിയ രീതിയില്‍ വലക്കുകയാണ്. നിലവില്‍ കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെ യാത്ര ചെയ്യാന്‍ മണിക്കൂറുകളാണ് എടുക്കുന്നത്. ഈ സാഹചര്യത്തില്‍ ചരക്കു വാഹനങ്ങളെ അടിയന്തിരമായി നിയന്ത്രിക്കണമെന്നാണ് യാത്രക്കാരുടെ ആവിശ്യം.
കരാറുകാരായ യു.എല്‍.സി.സി.എസ് പറയുന്നത് ചരക്കു വാഹനങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും ബന്ധപ്പെട്ട സ്റ്റേഷനിലെ മേലുദ്യോഗസ്ഥര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട് എന്നാണ്.
മുണ്ടൂര്‍ ഭാഗത്ത് കോങ്ങാട് പൊലീസിന്റെയും ആര്യമ്പാവ് ഭാഗത്ത് നാട്ടുകല്‍ പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്. നിയന്ത്രണം സൂചിപ്പിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ അടുത്ത ദിവസം സ്ഥാപിച്ച് നിലവിലെ പ്രശ്‌നം പരിഹരിക്കും എന്നും കരാറുകാര്‍ പറയുന്നു. എന്നാല്‍ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സൈന്‍ ബോര്‍ഡടക്കമുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി സ്ഥാപിക്കേണ്ടതുണ്ട്.ഇത് ചെയ്യേണ്ടത് ദേശീയപാത കരാറുകാരാണ്. ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ പ്രസ്തുത സ്ഥലങ്ങളില്‍ ആവശ്യമുള്ള പൊലീസുകാരെ ഉപയോഗിച്ച് ചരക്കു വാഹനങ്ങളെ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കും എന്നും പൊലീസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."